അടുത്ത ലോക സുന്ദരി മത്സരം ഇന്ത്യയിൽ; 130 രാജ്യങ്ങളിലെ മത്സരാർഥികൾ മാറ്റുരയ്ക്കും

അടുത്ത ലോക സുന്ദരി മത്സരം ഇന്ത്യയിൽ; 130 രാജ്യങ്ങളിലെ മത്സരാർഥികൾ മാറ്റുരയ്ക്കും

ഈ വർഷം അവസാനം നടക്കുന്ന മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും
Updated on
1 min read

ലോക സൗന്ദര്യ മത്സരത്തിന് അതിഥേയരാകാൻ ഇന്ത്യ. 71-ാമത് ലോക സുന്ദരി മത്സരം ഇന്ത്യയിൽ നടക്കും. മിസ് വേൾഡ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനം നടക്കുന്ന മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും.

2022 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

സൗന്ദര്യത്തോടൊപ്പം ബുദ്ധിയും കഴിവുമൊക്കെ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് ഓരോ മിസ് വേൾഡ് മത്സരങ്ങളും. സാംസ്‌കാരിക പൈതൃകം, വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത, സ്ത്രീശാക്തീകരണ നിലപാടുകൾ തുടങ്ങിയവ കണക്കിലെടുത്താണ് ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്സണും സിഇഒയുമായ മിസ് ജൂലിയ മോർലി പറഞ്ഞു.

ഫെമിന മിസ് ഇന്ത്യ വേൾഡ്  സിനി ഷെട്ടിയും ലോക സുന്ദരി  കരോലിന ബിലാവ്സ്കയും
ഫെമിന മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയും ലോക സുന്ദരി കരോലിന ബിലാവ്സ്കയും

2022 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മിസ് വേൾഡ് ലിമിറ്റഡും പിഎംവി ഇന്റർനാഷണലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഫൈനലിലേക്കായി മത്സരിക്കും. ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, കഴിവ് പ്രദർശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയും നടക്കും.

''മത്സരത്തെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഇന്ത്യ തയ്യാറായി കഴിഞ്ഞു. എല്ലാ സുന്ദരിമാരെയും എഴുപത്തൊന്നാമത് മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന് കരുത്തേകാൻ ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ ഏവരെയും ക്ഷണിക്കുന്നു'' നിലവിലെ ലോക സുന്ദരി കരോലിന ബിലാവസ്‌ക പറഞ്ഞു.

ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ ഇന്ത്യയ്ക്കായി കിരീടം ചൂടിയത്

1996 ലാണ് ഇതിനു മുൻപ് ലോകസുന്ദരി മത്സരം ഇന്ത്യയിൽ നടന്നത്. ഗ്രീസിന്റെ ഐറിൻ സ്ക്ളീവയാണ് അന്ന് കിരീടം ചൂടിയത്. ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ കിരീടം ചൂടിയത്. 1966 ൽ റീത്ത ഫാരിയ, 1994 ൽ ഐശ്വര്യ റായ്, 1997 ൽ ഡയാന ഹെയ്ഡൻ, 2000 ൽ പ്രിയങ്ക ചോപ്ര, 2017 ൽ മാനുഷി ചില്ലർ എന്നിവരാണ് മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സുന്ദരികൾ. ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങളിൾക്ക് പിന്നാലെയാണ് ഗ്രാൻഡ് ഫിനാലെ.

logo
The Fourth
www.thefourthnews.in