വിവാദ കഫ്‌ സിറപ്പുകളില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

വിവാദ കഫ്‌ സിറപ്പുകളില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് നിര്‍മിക്കുന്ന നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് അന്വേഷണം
Updated on
1 min read

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന നാല് കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന് ഡബ്ല്യുഎച്ച്ഒ മുന്നിറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

വിവാദ കഫ്‌ സിറപ്പുകളില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു
ഗാംബിയയില്‍ ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് മരിച്ചത് 66 കുട്ടികള്‍; അന്വേഷണം പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ ഓരോ രാജ്യങ്ങളിലും എത്തുമ്പോള്‍ പരിശോധന നടത്തേണ്ടതാണ്. ഗാംബിയയില്‍ എത്തിയ മരുന്ന് പരിശോധന നടത്തിയപ്പോള്‍ എന്തുകൊണ്ട് വിഷകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ല എന്നാണ് ഉയരുന്ന സംശയം. ദിവസങ്ങള്‍ക്കകം സാംപിളുകള്‍ ഇന്ത്യയില്‍ പരിശോധിക്കുമെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ മരുന്ന് നിര്‍മാണ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏതൊക്കെ മരുന്നുകള്‍?

ഹരിയാനയിലെ സോനപത്തിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന കുട്ടികള്‍ക്കായുള്ള കഫ്‌സിറപ്പിനെതിരെയാണ് അന്വേഷണം. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ മരുന്നുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരുന്നുകള്‍ ഇവയാണ്.

1. പ്രോമെത്താസിന്‍ ഓറല്‍ സൊല്യൂഷന്‍

2. കൊഫേക്‌സാമലിന്‍ ബേബി കഫ് സിറപ്പ്

3.മക്കോഫ് ബേബി കഫ് സിറപ്പ്

4. മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ്

അപകടം എന്ത്?

ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ അമിതമായ അളവ് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വൃക്ക സംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും. ഛര്‍ദി, അതിസാരം, തലവേദന, വയറുവേദന എന്നിവയാണ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍.

മുൻകരുതലെങ്ങനെ?

മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ഈ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യാവുന്ന കാര്യം. ഉപയോഗിച്ചെങ്കില്‍ പാര്‍ശ്വഫലം പ്രകടമാകുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.

logo
The Fourth
www.thefourthnews.in