ലോക റാങ്കിംഗില്‍ മുന്നേറാനാകാതെ ഇന്ത്യ:
നമ്മുടെ സർവകലാശാലകള്‍ക്ക് സംഭവിക്കുന്നതെന്ത്?

ലോക റാങ്കിംഗില്‍ മുന്നേറാനാകാതെ ഇന്ത്യ: നമ്മുടെ സർവകലാശാലകള്‍ക്ക് സംഭവിക്കുന്നതെന്ത്?

പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശ കാമ്പസുകളിലെത്തുന്നത്. 1026 സര്‍വകലാശാലകളുള്ള ഇന്ത്യ ലോക റാങ്കിംഗില്‍ പിറകോട്ടു പോകുന്നതെന്തുകൊണ്ട് ?
Updated on
3 min read

ലോക റാങ്കിംഗില്‍ മുന്നേറാനാകാതെ ഇന്ത്യന്‍ സര്‍വകലാശാലകള്‍ കിതയ്ക്കുമ്പോള്‍ വിദേശ സര്‍വകലാശാലകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കൂട്ട പലായനം. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശ കാമ്പസുകളിലെത്തുന്നത്. ഇതില്‍ 40,000 പേര്‍ മലയാളികളാണ്. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2022 ലെ ലോകയൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ആദ്യ 300 ല്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്ല. ആദ്യ 10 റാങ്കില്‍ എട്ട് അമേരിക്കന്‍ സര്‍വകലാശാലകളും രണ്ട് യുകെ സര്‍വകലാശാലകളുമുണ്ട്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയ്ക്കാണ് ഒന്നാം റാങ്ക്. കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ആദ്യ 100 റാങ്കിംഗില്‍ അമേരിക്കന്‍ സര്‍വകലാശാലകളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ചൈന, മധ്യ കിഴക്കന്‍ മേഖലകളില്‍ നിലവാരമുള്ള സര്‍വകലാശാലകളുണ്ടെന്നാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ വിലയിരുത്തല്‍. ആദ്യ 100 റാങ്കിംഗില്‍ 34 അമേരിക്കന്‍ സര്‍വകലാശാലകളുണ്ട്. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ മുന്‍നിര റാങ്കിങ്ങില്‍ സര്‍വകലാശാലകളുണ്ട്. ഇന്ത്യയില്‍ മുന്‍നിരയില്‍ ഈ വര്‍ഷവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ബംഗളൂരുവാണ്. ഇതിനു പിന്നിലാണ് ഐഐടികള്‍.

എന്തുകൊണ്ട് 1026 സര്‍വകലാശാലകളുള്ള ഇന്ത്യ ലോക റാങ്കിങ്ങില്‍ പിറകോട്ടു പോകുന്നു? അണ്ടര്‍ ഗ്രാജ്യുവേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, സ്‌കില്‍ വികസനം, പ്ലേസ്മെന്റ് തുടങ്ങിയവയാണ് ലോക റാങ്കിംഗില്‍ വിലയിരുത്തപ്പെടുന്നത്.

അണ്ടര്‍ ഗ്രാജ്യുവേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, അധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, സ്‌കില്‍ വികസനം, പ്ലേസ്മെന്റ് തുടങ്ങിയവയാണ് ലോക റാങ്കിംഗില്‍ വിലയിരുത്തപ്പെടുന്നത്.

വിദേശപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പുറത്തേക്ക്

ഇന്ത്യയില്‍ നിന്നു വിദേശ സര്‍വകലാശാലകളിലേക്കു പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. ലോക റാങ്കിങ്ങുള്ള എല്ലാ സര്‍വകലാശാലകളിലും യഥേഷ്ടം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. സര്‍ക്കാര്‍ സര്‍വകലാശാലകളെ അപേക്ഷിച്ചു ചില ഡീംഡ്, സ്വകാര്യ സര്‍വകലാശാലകള്‍ മുന്നേറുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ആഗോള ഗ്രാമം എന്ന സങ്കല്പം കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ അക്കാഡമിക് മികവിലും, ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്‌സുകളും, വിവാദങ്ങളും, രാഷ്ട്രീയ ഇടപെടലുകളും സര്‍വകലാശാലകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശ രാജ്യങ്ങളില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ എണ്ണം ശരാശരി 20000 മാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ 100 വിദ്യാര്‍ഥികള്‍ പോലും ഇല്ലാത്ത സര്‍വകലാശാലയുണ്ട്!. സര്‍വകലാശാലകളില്‍ അക്കാഡമിക് കലണ്ടറുണ്ടെങ്കിലും പ്രവര്‍ത്തനം കലണ്ടറനുസരിച്ചല്ല!

അക്കാദമിക, തൊഴില്‍ ലഭ്യതാ, ഗവേഷണ മികവ്, പങ്കാളിത്ത ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍ മുതലായവയില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഏറെ മുന്നേറേണ്ടതുണ്ട്. അധ്യാപനത്തിലും, ഗവേഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളില്‍ ദൃശ്യമാകണം. ദേശീയതലത്തില്‍ മുന്നേറുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടികള്‍, എന്‍ഐടികള്‍ എന്നിവയെ മാതൃകയാക്കണം. അവിടത്തെ മികച്ച രീതികള്‍ അവലംബിക്കണം. വിദേശ സര്‍വകലാശാലകളിലെ നമുക്ക് അനുവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കണം. അടുത്തിടെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ ഉന്നതസംഘം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ നേരില്‍ കണ്ട മികച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടപ്പിലാക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പുത്തന്‍ കോഴ്സുകളും, സാങ്കേതിക വിദ്യകളും അവലംബിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ മുന്നേറണം. ദേശീയ വിദ്യാഭ്യാസ നയത്തിലെ മികച്ച നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താത്പര്യം വിലയിരുത്തി നടപ്പിലാക്കണം. മള്‍ട്ടി ഡിസ്സിപ്ലിനറി ഗവേഷണം, അക്കാഡെമിയ- വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവ കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രമിക്കണം. വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും എക്‌സ്‌ചേഞ്ച്, സ്‌കില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണം. കോളജ് അധ്യാപകര്‍ക്ക് തുടര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസുകള്‍ പരിഷ്‌കരിക്കണം. ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കണം. വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് കൂടുതല്‍ ട്വിന്നിങ്, ഡ്യൂവല്‍, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍ നടപ്പിലാക്കണം. സര്‍വകലാശാലകളില്‍ കൂടുതല്‍ പറംഫണ്ടിംഗ് പ്രോജക്ടുകള്‍ നടപ്പിലാക്കണം.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ പ്രകാരം 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും. പകരം അറിയപ്പെടാത്ത പുതിയ തൊഴില്‍ മേഖലകള്‍ ഉരുത്തിരിഞ്ഞുവരും. 2030 ഓടെ ഓട്ടോമേഷന്‍ എല്ലാ മേഖലകളിലും കൂടുതലായി പ്രാവര്‍ത്തികമാകും.

2040 ഓടെ 40 ശതമാനത്തോളം തൊഴിലുകളില്‍ ഇല്ലാതാകും

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്സുകളും, തൊഴില്‍ മേഖലകളും രൂപപ്പെട്ടുവരും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ പ്രകാരം 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും. പകരം അറിയപ്പെടാത്ത പുതിയ തൊഴില്‍ മേഖലകള്‍ ഉരുത്തിരിഞ്ഞുവരും. 2030 ഓടെ ഓട്ടോമേഷന്‍ എല്ലാ മേഖലകളിലും കൂടുതലായി പ്രാവര്‍ത്തികമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്സ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, ഇ ഭക്ഷ്യ റീട്ടെയില്‍, കൃത്രിമ ഇറച്ചി, വെര്‍ട്ടിക്കല്‍ കൃഷി, ഡെലിവറി ഡ്രോണുകള്‍, ഡിജിറ്റലൈസേഷന്‍, വെര്‍ച്ച്വല്‍ സ്വാധീനം എന്നിവ വിപുലപ്പെടും. ഡെലിവറി ഡ്രോണുകള്‍, ഡിജിറ്റലൈസേഷന്‍, വെര്‍ച്ച്വല്‍ സ്വാധീനം, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതിക വിദ്യ, ജി കണക്റ്റിവിറ്റി, സോളാര്‍ ജിയോ എന്‍ജിനീയറിംഗ്, ഡയറക്റ്റ് കാര്‍ബണ്‍ ക്യാപ്ചര്‍, സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റുകള്‍, പറക്കുന്ന കാറുകള്‍, ഓപ്പണ്‍ റാന്‍ സാങ്കേതിക വിദ്യ, പ്രീഫാബ് കണ്‍സ്ട്രക്ഷന്‍, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, ത്രിഡി പ്രിന്റഡ് വീടുകള്‍, ഹെല്‍ത്ത് കെയര്‍ ടെക്‌നോളോജിസ്, ബയോമെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഹെല്‍ത്ത് ജനറ്റിക്സ്, വ്യക്തിഗത മരുന്നുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളോജിസ്, ത്രിഡി പ്രിന്റഡ് ബോണ്‍ ഇമ്പ്‌ലാന്റുകള്‍, ആനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി , കോമിക്സ്, സൈക്കോളജി, ബിസിനസ് ഇക്കണോമിക്സ്, എഡ്യൂക്കേഷണല്‍ ടെക്‌നോളോജിസ്, ടെക്‌നോളജി എനേബിള്‍ഡ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍, വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റികള്‍, കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍,ആരോഗ്യം, വാക്സിന്‍ നിര്‍മാണം, ഇ അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, സ്‌പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് സ്ട്രീമിംഗ്, മെറ്റാ വേര്‍സ് മുതലായവ ഭാവിയിലെ തൊഴില്‍ സാധ്യതയുള്ള മേഖലകളാകും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച് രാജ്യത്തെ സര്‍വകലാശാലകളും മാറിയാല്‍ മാത്രമേ ലോക റാങ്കിംഗില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് മുന്നേറാന്‍ സാധിക്കൂ!

( ബംഗളൂരുവിലെ ട്രാന്‍സ് ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രഫസറാണ് ലേഖകന്‍.)

logo
The Fourth
www.thefourthnews.in