ഒടുവിൽ ആശ്വാസം; ഗിനിയിൽ തടവിലാക്കപ്പെട്ട നാവികർക്ക് ഭക്ഷണവും വെളളവും എത്തിച്ച് ഇന്ത്യൻ എംബസി
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നതിന്റെ പേരില്‍ എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ കപ്പല്‍ ജീവനക്കാക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് ഇന്ത്യ. ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സഹായം എത്തിച്ചത്.
11 മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ എംബസിയ്ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ സാധിച്ചത്. ഇവർക്ക് ഭക്ഷണമോ വെള്ളമോ ഗിനി സൈന്യം നൽകിയിരുന്നില്ല.
ഭക്ഷണവും വെള്ളവും കൈമാറിയെങ്കിലും നാവികരെ കാണാൻ ഇന്ത്യൻ എംബസി അധികൃതരെ ഗിനി സൈന്യം അനുവദിച്ചില്ല. ഭക്ഷണവും വെള്ളവും ഗിനി നേവിയാണ് കപ്പൽ ജീവനക്കാർക്ക് കൈമാറിയത്. അതേസമയം തടവിലായ നാവികരെ വിമാനത്തിൽ നൈജീരിയക്ക് കൊണ്ടു പോകാൻ ശ്രമമുണ്ടെന്നാണ് റിപ്പോർട്ട്. നാവികരുടെ പാസ്പോർട്ട് സൈന്യം വാങ്ങിയിട്ടുണ്ട്. പാസ്പോര്‍ട്ട് നല്‍കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ വഴങ്ങിയത്. മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്ന് തടവിലുള്ള മലയാളികള്‍ പറയുന്നു.
നൈജീരിയൻ സമുദ്രാതിർത്തി കടന്ന കപ്പൽ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയൽ ഗിനി സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം. ഇത് സംബന്ധിച്ച് വൈസ് പ്രസിഡൻറ് ടെഡിൻഗ്വേമ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ തടവിലായ പതിനാറ് ഇന്ത്യക്കാരെയും എക്വറ്റോറിയൽ ഗിനി വീണ്ടും തടവ് കേന്ദ്രത്തിലാക്കിയിട്ടുണ്ട്. കപ്പലിന്‌റെ ചീഫ് ഓഫീസറും മലയാളിയുമായി കൊച്ചി സ്വദേശി സനു ജോസിനെ അറസ്റ്റ് ചെയ്ത് നൈജീരിയയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തിരികെ കപ്പലിലേക്ക് തന്നെ എത്തിച്ചു. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്.
അതേസമയം, കപ്പലിലുള്ള ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 പേരെയും മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനുള്ള ഇടപെടൽ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഹുൽ ഗാന്ധിയും കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സെനോവാളിന് കത്ത് അയച്ചിരുന്നു. അതേസമയം, ജീവനക്കാരുമായി സംസാരിക്കാനും, എത്രയും വേഗം നാവികരെ തിരികെ എത്തിക്കാനുളള ശ്രമങ്ങളും നടത്തി വരികയാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.