ഖത്തര്‍ ചാരക്കേസ്: ഇന്ത്യന്‍ നാവികര്‍ക്ക് മൂന്നുമുതല്‍ 25 വര്‍ഷം വരെ തടവ്
ചാരവൃത്തിക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവികര്‍ക്ക് മൂന്നുമുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി. കേസില്‍ കുറ്റാരോപിതരായ എട്ടുപേരില്‍ ഒരാള്‍ക്ക് 25 വര്‍ഷവും നാലു പേര്‍ക്ക് 15 വര്‍ഷവും രണ്ടുപേര്‍ക്ക് 10 വര്‍ഷവും ഒരാള്‍ക്ക് മൂന്നു വര്‍ഷം വീതവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.
2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ മലയാളിയായ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് നല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്.
ഇന്ന് പ്രഖ്യാപിച്ച ശിക്ഷാവിധിയില്‍ പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു തിവാരി. മറ്റുവള്ളവര്‍ ഈ കമ്പനിയിലെ കീഴ്ഉദ്യോഗസ്ഥരുമായിരുന്നു. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.
പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമൂഹമാധ്യമമായ എക്സി(അന്ന് ട്വിറ്റര്‍)ലൂടെയായിരുന്നു ഇവര്‍ സംഭം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.