ഇന്ത്യയിൽ ആശുപത്രി തീപിടിത്തങ്ങൾ തുടർക്കഥയാവുമ്പോൾ...
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ജബൽപൂരിലുണ്ടായ ആശുപത്രി തീപിടുത്തത്തിൽ 8 പേരാണ് വെന്തു മരിച്ചത്. ന്യൂ ലൈഫ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പുലർച്ചെ 2 : 30 ഓടെ ആശുപത്രിയിലെ വൈദ്യുതി നിലച്ചിരുന്നു. ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തമുണ്ടായെന്നാണ് പ്രാധമിക നിഗമനം. താഴത്തെ നിലയിൽ നിന്നും ഉണ്ടായ തീ പിന്നീട് മുകൾ നിലകളിലേക്കും അവിടെ നിന്ന് കെട്ടിടം മുഴുവനായും പടർന്നു പിടിക്കുകയായിരുന്നു.
ഇന്ത്യയിൽ ആശുപത്രികളിൽ തീപ്പിടുത്തങ്ങൾ ഉണ്ടാവുന്നതിന്റെ നിരക്ക് ഒരോ വർഷം കഴിയുമ്പോഴും ഏറി വരികയാണ്. ആഗസ്ററ് 2020 നും ഏപ്രിൽ 2022 നും ഇടയിൽ നടന്ന വിവിധ ഇടങ്ങിളായി ഉണ്ടായ തീപ്പിടുത്തങ്ങളിൽ 122 പേർക്കാണ് ജീവൻ നഷ്ടമായത്. ഐ സി യു വിൽ ചികിത്സയിൽ ആയിരുന്ന ഒരു രോഗി തീപ്പിടുത്തം മൂലം ഓക്സിജൻ നിലച്ചത് കൊണ്ടും മരണപ്പെട്ടിരുന്നു. ഈ അപകങ്ങളിൽ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും ഒരുപോലെ ഉൾപ്പെടുന്നു.
ഇന്റർനാഷണൽ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് 2020 ൽ നടത്തിയ ഒരു പഠനത്തിൽ 2010 നും 2019 നും ഇടക്ക് ഇന്ത്യൻ ആശുപത്രികളിൽ നടന്ന 33 തീപ്പിടുത്തങ്ങളിൽ 78 ശതമാനവും ഇലക്ട്രിക്കൽ ഷോർട് സർക്യൂട്ട് കൊണ്ടോ സമാനമായ മറ്റു പ്രശ്നങ്ങൾ കൊണ്ടോ ഉണ്ടായതാണ്. ഇതിൽ 25 എണ്ണവും സർക്കാർ ആശുപത്രികൾ ആണ്. 33 ൽ 19 ആശുപത്രികളിൽ മാത്രമാണ് പ്രവർത്തനക്ഷമമായ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.
അവസാനമായി ജബൽപൂരിൽ നടന്നതടക്കമുള്ള അപകടങ്ങൾ ആശുപത്രികളിൽ പാലിക്കേണ്ട അഗ്നി സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഈ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കപെടുന്നു എന്നതും പ്രധാനമാണ്.
രാജ്യത്ത് നിലവിലുള്ള നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരം ആശുപത്രികൾ c1 വിഭാഗത്തിന് കീഴിൽ ആണ് വരുന്നത്. c1 വിഭാഗത്തിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് അഗ്നി സുരക്ഷക്കായി പ്രത്യേകം തയ്യാറാക്കിയ സംവിധാനങ്ങൾ അത്യാവശ്യമാണ് . ഇന്ത്യയിലെ ആശുപത്രികളിൽ ഈ സംവിധാനങ്ങൾ ഇല്ല എന്നത് തന്നെയാണ് മിക്ക അപകടങ്ങളുടെയും മൂല കാരണം. ഈ സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി പരിഹാരമാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങളുടെ തുടർക്കഥയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.