നേപ്പാളില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കാണാതായ ഇന്ത്യൻ പർവതാരോഹകനെ ജീവനോടെ കണ്ടെത്തി
നേപ്പാളില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ ജീവനോടെ കണ്ടെത്തി. ഏപ്രില്‍ 15ന് അന്നപൂര്‍ണ കൊടുമുടിയുടെ രണ്ടാം ക്യാമ്പിന് സമീപത്ത് നിന്ന് കാണാതായ അനുരാഗ് മലൂവിനെയാണ് ജീവനോടെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള അനുരാഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുടുംബം സ്ഥിരീകരിച്ചു.
ലോകത്തെ ഏറ്റവും ഉയരും കൂടിയ പത്താമത്തെ കൊടുമുടിയുടെ മൂന്നാം ക്യാമ്പിന് താഴെ നിന്നാണ് അനുരാഗിനെ കാണാതായത്. ക്യാമ്പ് നാലില്‍ നിന്ന് താഴേക്കിറങ്ങവെ ഹിമപ്പരപ്പിലെ പിളര്‍പ്പിലൂടെ താഴേക്ക് വീഴുകയായിരുന്നു. കൊടുമുടിയുടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് അപകടം സംഭവിച്ചത്.
ലോകത്തെ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികള്‍ കീഴടക്കാനുള്ള പ്രത്യേക ദൗത്യത്തിലായിരുന്നു അനുരാഗ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ബോധവത്ക്കരണവുമായി ബന്ധപ്പെട്ടായിരുന്നു ദൗത്യം. റെക്‌സ് കര്‍മവീരചക്ര പുരസ്‌കാരം നേടിയിട്ടുള്ള അനുരാഗ് ഇന്ത്യയുടെ 2041 അന്‌റാര്‍ടിക് യുവജന അംബാസിഡര്‍മാരില്‍ ഒരാളാണ്.
34 കാരനായ അനുരാഗ് രാജസ്ഥാനിലെ കിഷന്‍ഗഡ് സ്വദേശിയാണ്. വ്യോമനിരീക്ഷണം ഉള്‍പ്പെടെ നടത്തിയാണ് അനുരാഗിനെ കണ്ടെത്തിയത്.