പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ അന്തരിച്ചു

ഇന്ത്യ ടുഡേ മാസികയിലെ 'സെന്റർസ്റ്റേജ്', ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്നിവയുടെ സ്രഷ്ടാവാണ്
Updated on
1 min read

പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ അജിത് നൈനാന്‍ അന്തരിച്ചു. 68 വയസായിരുന്നു. മൈസൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ജനശ്രദ്ധനേടിയിരുന്നു. ഇന്ത്യ ടുഡേ മാസികയിലെ 'സെന്റർസ്റ്റേജ്', ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്നിവയുടെ സ്രഷ്ടാവാണ്. കുട്ടികളുടെ മാഗസിനായ ടാര്‍ഗറ്റിലെ 'ഡിറ്റക്ടീവ് മൂച്വാല' നൈനാന്റെ ഏറ്റവും ജനകീയമായ സൃഷ്ടികളിലൊന്നാണ്.

കൂടാതെ, ടൈംസ് ഓഫ് ഇന്ത്യയുടെ എല്ലാ പതിപ്പുകളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കോളങ്ങള്‍ ഉണ്ടായിരുന്നു. ജസ്റ്റ് ലൈക്ക് ദാറ്റ് (ഡെയ്‌ലി), ലൈക്ക് ദാറ്റ് ഓണ്‍ലി (ബൈവീക്ക്‌ലി), സിഇഒ ടൂണ്‍സ് (ഡെയ്‌ലി), എന്‍ഡ് - ക്രെസ്റ്റ് (വീക്ക്‌ലി) എന്നിവയാണത്. ടാർഗെറ്റ്, ഇന്ത്യ ടുഡേ, ഔട്ട്‌ലുക്ക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ കാർട്ടൂണുകളും ചിത്രീകരണങ്ങളും വഴി നിരവധി തലമുറകളിലെ കാർട്ടൂണിസ്റ്റുകൾക്ക് അദ്ദേഹം പ്രചോദനമായിട്ടുണ്ട്.

ഹൈദരാബാദിൽ ജനിച്ച നൈനാൻ ഇതിഹാസ കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ അനന്തരവനാണ്. സ്കൂൾ വിദ്യാർഥിയായിരിക്കെ 1960 കളുടെ അവസാനത്തിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയം കൂടാതെ, സാമൂഹിക പ്രശ്നങ്ങളും ആളുകളുടെ ദൈനംദിന പ്രവർത്തനങ്ങളും നൈനാൻ തന്റെ കാർട്ടൂണുകളിലൂടെ അഭിസംബോധന ചെയ്തിരുന്നു.

1986 ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്‌കൃതി അവാര്‍ഡിന് നൈനാന്‍ അര്‍ഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചിച്ചു.

logo
The Fourth
www.thefourthnews.in