അമേരിക്കയിലെ മോദി വിമര്‍ശകര്‍
മന്‍മോഹന്‍ സിങ്ങിന്റെ യുഎസ്. സന്ദര്‍ശനത്തിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ 'സ്‌റ്റേറ്റ് വിസിറ്റ്' എന്ന വിശേഷണമാണ് നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് ലഭിക്കുന്നത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ് ഈ സന്ദര്‍ശനമെന്നു പൊതുവെ വിലയിരുത്തപ്പെടുന്നെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് മോദിക്കെതിരേ അമേരിക്കയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യം, ന്യൂനപക്ഷങ്ങളുടെ അവസ്ഥ, തുടങ്ങിയ വിഷയങ്ങളിലാണ് ഈ വിമര്‍ശനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍.
മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് മോദിക്കെതിരെ ആദ്യം രംഗത്തെത്തിയത്. ചില കാര്യങ്ങള്‍ താന്‍ മോദിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്തിനു സാധിച്ചില്ലെങ്കില്‍ ഇന്ത്യ തകരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഒബാമ മാത്രമല്ല, അമേരിക്കയിലെ പുരോഗമന നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയരായ ഡെമോക്രാറ്റിക് പ്രതിനിധികളായ ഒമര്‍, തലൈബ്, അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, ജാമി റാസ്‌കിന്‍ എന്നിവര്‍ മോദിയുടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രസംഗം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി.
എന്നാല്‍, ഇന്ത്യയില്‍ ജാതി മതം തുടങ്ങി ഒരു വിധത്തിലുമുള്ള വിവേചനവും നിലനില്‍ക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം, എല്ലാവരിലും വിശ്വാസം ) എന്ന ആശയത്തെ ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദി സംസാരിച്ചത്. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രപരമായ വ്യത്യാസമോ പരിഗണിക്കാതെ ഇന്ത്യയില്‍ എല്ലാവര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി വരുന്നതായും അറിയിച്ചു. പതിവു പോലെ വസുദേവ കുടുബ പാരമാര്‍ശം നടത്താനും അദ്ദേഹം തയ്യാറായി.
അമേരിക്കയുടേയും ഇന്ത്യയുടേയും നയതന്ത്ര ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ് ഈ കൂടി കാഴ്ച്ചയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെങ്കിലും ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാന്തതില്‍ അമേരിക്ക റദ്ദാക്കിയ വിസയ്ക്കുടമയാണ് മോദി എന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു വിമര്‍ശകരുടെ വാക്കുകള്‍. അമേരിക്കയിലെ ജനപ്രതിനിധികളാണ് ഇതില്‍ എടുത്തു പറയേണ്ട പേരുകള്‍.
എതിര്‍ ശബ്ദങ്ങള്‍
2008 ലെ മിഷിഗണ്‍ നിയമ സഭയില്‍ അംഗമാകുന്ന ആദ്യ മുസ്ലീം വനിതയായി ചരിത്രം കുറിച്ച വ്യക്തിയാണ് ജനപ്രതിനിധി സഭയിലെ റാഷിദ തലൈബ്. മോദിക്ക് നമ്മുടെ രാജ്യ തലസ്ഥാനത്ത് ഒരു വേദി നല്‍കിയത് ലജ്ജാവഹമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. മോദിഭരണം മനുഷ്യാവകാശ ലംഘനങ്ങളുടേതും ജനാധിപത്യ വിരുദ്ധ നടപടികളുടേതും മുസ്ലീങ്ങളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ളതുമെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് അവര്‍ പ്രസംഗം ബഹിഷ്‌കരിച്ചത്.
ജനപ്രതിനിധി സഭയിലെ മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രതിനിധിയാണ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറാണ് മോദിക്കെതിരെ നിലപാടെടുത്ത മറ്റൊരു വനിത. ഡെമോക്രാറ്റിക്-കര്‍ഷക-ലേബര്‍ പാര്‍ട്ടി അംഗം കൂടിയായ ഇവര്‍ ഇന്ത്യയില്‍, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും അക്രമസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകള്‍ക്ക് ധൈര്യം നല്‍കുകയും മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ലക്ഷ്യമിടുകയും ചെയ്യുന്ന മോദി വരുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി.
ന്യൂയോര്‍ക്കിലെ 14-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധി സഭയില്‍ പ്രതിനിധീകരിക്കുന്ന ഒരു ഡെമോക്രാറ്റിക് അംഗമാണ് അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്. ബഹുസ്വരത, സഹിഷ്ണുത, മാധ്യമസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുന്നസഹപ്രവര്‍ത്തകരോട് തന്റെ ബഹിഷ്‌കരണത്തില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ ട്വീറ്റ് ചെയ്തിരുന്നു .
മനുഷ്യാവകാശ സംഘനങ്ങളുടെ കുപ്രസിദ്ധവും വിപുലവുമായി റെക്കോര്‍ഡ് മോദിക്കുണ്ടെന്നും 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോദിയുടെ യു എസ് വിസ റദ്ദാക്കിയിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അമേരിക്കയില്‍ നിന്നും കേട്ട എതിര്‍ ശബ്ദങ്ങള്‍.
ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും, മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുകയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ നിലപാട് വ്യക്തമാക്കിയത്. കൂടാതെ മോദി ഭരണത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതായി 2022ല്‍ യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടും അവര്‍ ഓര്‍മിപ്പിച്ചു.
രണ്ട് രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തില്‍ വന്‍ കുതിപ്പ് വാഗ്ദാനം ചെയ്യുമ്പോഴും, ഇന്ത്യയുടെ ആഭ്യന്തര രംഗത്ത് നടക്കുന്നതായി പല അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളിലും ആരോപിക്കപ്പെട്ട ജനാധിപത്യ വിരുദ്ധതയും, മുസ്ലീം വിരുദ്ധവുമായ അന്തരീക്ഷവും അമേരിക്കയില്‍ ചര്‍ച്ചയായി എന്നതാണ് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്