'സേവനത്തിന്റെ അപര്യാപ്തതയായി കാണാന്‍ കഴിയില്ല'; ട്രെയിനിലെ മോഷണങ്ങള്‍ക്ക് റെയില്‍വേ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി
ട്രെയിനിൽ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കൾ മോഷണം പോയാൽ, അതിന്റെ ഉത്തരവാദിത്വം റെയില്‍വേയ്ക്ക് അല്ലെന്ന് സുപ്രീം കോടതി. ഇത്തരം നഷ്ടങ്ങള്‍ റെയില്‍വേയുടെ സേവനത്തിന്റെ അപര്യാപ്തതയായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ട്രെയ്നിൽ യാത്ര ചെയ്യവേ, തന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപ കളവുപോയെന്ന സുരേന്ദർ ഭോല എന്ന യാത്രക്കാരന്റെ പരാതിക്കെതിരെ റെയില്‍വേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. മോഷണം പോയ തുക യാത്രക്കാരന് തിരികെ നൽകാൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഉപഭോക്തൃ ഫോറം പുറപ്പെടുവിച്ച ഉത്തരവുകൾ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
ട്രെയ്നിൽ യാത്ര ചെയ്യവേ, തന്റെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപ കളവുപോയെന്ന സുരേന്ദർ ഭോല എന്ന യാത്രക്കാരന്റെ പരാതിയിന്മേലാണ് കോടതിയുടെ നിരീക്ഷണം
'മോഷണം റെയിൽവേയുടെ സേവനങ്ങളിലെ അപര്യാപ്തതയാണെന്ന് എങ്ങനെ പറയാനാകു. യാത്രക്കാരന് സ്വന്തം വസ്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ റെയിൽവേയെ ഉത്തരവാദിയാക്കാൻ കഴിയില്ല' എന്നും കോടതി വ്യക്തമാക്കി.
തന്റെ പണം മോഷണം പോയത് റെയിൽവേയിലെ തൃപ്തികരമല്ലാത്ത സേവനം മൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദർ ഭോല ജില്ലാ ഉപഭോക്തൃ ഫോറത്തിന് പരാതി നല്‍കിയത്. മോഷണം പോയ തുക റെയില്‍വേ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഉപഭോക്തൃ ഫോറം, മോഷണം പോയ തുക തിരിച്ചു നൽകണമെന്ന് റെയിൽവേയ്ക്ക് നിർദേശം നല്‍കി. ഇതിനെതിരെ റെയിൽവേ അപ്പീല്‍ നല്‍കിയെങ്കിലും, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും അപ്പീലുകൾ തള്ളുകയും ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. തുടർന്നാണ് റെയിൽവേ സുപ്രീംകോടതിയെ സമീപിച്ചത്.