ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ റെയിൽവെ; 'കവചി'നായി 5000 കോടി രൂപയുടെ ടെൻഡർ ഉടൻ
ഒഡിഷയിലെ ബാലസോറിൽ 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ട്രിപ്പിൾ ട്രെയിൻ അപകടത്തെത്തുടർന്ന് സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കാൻ ഇന്ത്യൻ റെയിൽവേ. 5,000 കോടി രൂപ ചെലവിൽ കൂടുതൽ കവച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനങ്ങൾ വാങ്ങാൻ റെയിൽവേ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
3,000 കിലോമീറ്ററിലേക്ക് കവച് സംവിധാം ഒരുക്കാൻ 2021 ൽ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിന് പകരം ആകെ 12,000 കിലോമീറ്ററിലേക്ക് രണ്ട് ടെൻഡറുകൾ ഒരു വർഷത്തിനുള്ളിൽ നൽകാനാണ് നീക്കം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനും അതുവഴി സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സംവിധാനമാണ് കവച്. കൃത്യമായ ഇടപെടൽ നടത്താൻ ലോകോപൈലറ്റ് പരാജയപ്പെട്ടൽ പ്രവർത്തനക്ഷമമാകുന്ന ഓട്ടോമാറ്റിക് ബ്രേക്ക് ആപ്ലിക്കേഷനാണ് കവചിന്റെ സുപ്രധാന സവിശേഷത. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) മൂന്ന് ഇന്ത്യൻ സംരംഭകരുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.
''6,000 കിലോമീറ്റർ റെയിൽവേ ലൈനില്‍ കവച് കമ്മീഷൻ ചെയ്യുന്നതിനുള്ള ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കാനാണ് നിർദേശം. ഇതോടെ അടുത്ത വർഷം ജനുവരിയോടെ ഇതിനുള്ള ടെണ്ടറുകൾ ക്ഷണിക്കാനാകും. ഇതിന് ശേഷം അടുത്ത 6,000 കിലോമീറ്ററിനുള്ള ഡിപിആർ കമ്മീഷൻ ചെയ്ത് നടപ്പാക്കും. കവചിനായി 12,000 കിലോമീറ്റർ ടെൻഡർ അടുത്ത വർഷം ഘട്ടംഘട്ടമായി നൽകാനാണ് പദ്ധതി'' - റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. 6,000 കിലോമീറ്ററിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും കവച് ക്രമാനുതീതമായ കമ്മീഷൻ ചെയ്യുമെന്നും റെയിൽവേ മന്ത്രാലയം പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
2012ലാണ് ഇന്ത്യ തദ്ദേശീയമായി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സംവിധാനം വികസിപ്പിക്കാൻ ആരംഭിക്കുന്നത്. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ 2016-19 കാലയളവിലാണ് കവച് സംവിധാനം വികസിപ്പിച്ചെടുത്തു. 2021ൽ കവചിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ഏകദേശം 1,000 കോടി രൂപയുടെ ആദ്യത്തെ വലിയ ടെൻഡർ റെയിൽവേ നൽകി. ഇതുവരെ, ഏകദേശം 1,445 കിലോമീറ്റർ റെയിൽവേ ലൈനിൽ കവച് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
പുതിയ പദ്ധതിക്ക് കീഴിൽ പ്രതിവർഷം 7,000-8,000 കിലോമീറ്റർ റെയിൽവേ ലൈനിൽ കവച് സ്ഥാപിക്കാനാണ് നീക്കം. അങ്ങനെ അടുത്ത പത്ത് വർഷത്തിനുള്ളിൽ 70,000 കിലോമീറ്റർ പൂർത്തീകരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ, ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മുൻകാലങ്ങളിൽ ഏകദേശം 1.78 ട്രില്യൺ ഡോളറാണ് റെയിൽവേ നിക്ഷേപിച്ചിരുന്നത്.