റിയൽ ടൈം ട്രെയിൻ ട്രാക്കിങ്ങിന് നൂതന സംവിധാനവുമായി റെയിൽവേ

റിയൽ ടൈം ട്രെയിൻ ട്രാക്കിങ്ങിന് നൂതന സംവിധാനവുമായി റെയിൽവേ

പദ്ധതി നടപ്പിലാക്കുന്നത് ഐഎസ്ആര്‍ഒയുടെ സഹായത്തോടെ
Updated on
2 min read

രാജ്യത്ത് ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം യാത്രക്കാരില്‍ എത്തിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ.'റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം' (ആര്‍ടിഐഎസ്) സ്ഥാപിക്കുന്നതിലൂടെ ട്രെയിനുകളുടെ ഓട്ടത്തില്‍ കൂടുതല്‍ കൃത്യത കൊണ്ടുവരികയാണ് റെയില്‍വേയുടെ ലക്ഷ്യം.

ആര്‍ടിഐഎസ് വരുന്നതിലൂടെ വരുന്ന മാറ്റങ്ങള്‍

'റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം' (ആര്‍ടിഐഎസ്) വഴി ഓരോ ട്രെയിനുകളുടെയും ലൈവ് ലൊക്കേഷന്‍ യാത്രക്കാര്‍ക്ക് തത്സമയം അറിയാന്‍ കഴിയും. ഐഎസ്ആര്‍ഒയുടെ സാറ്റ്‌കോം ഹബ് വഴിയാണ് ആര്‍ടിഐഎസ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകള്‍ ഓരോ സ്റ്റേഷനിലൂടെയും കടന്ന് പോകുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഡിവിഷനിലെ കണ്‍ട്രോള്‍ സെന്ററില്‍ അറിയിക്കുകയും അവിടെ നിന്ന് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായിരുന്നു ഇതുവരെയുള്ള രീതി.

എന്നാല്‍ ആര്‍ടിഐഎസ് നിലവില്‍ വരുന്നതിലൂടെ ട്രെയിനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഔട്ട്‌ഡോര്‍ യൂണിറ്റില്‍ നിന്ന് ഓരോ 30 സെക്കന്‍ഡിലും ട്രെയിനിന്റെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ സ്വയം കണ്‍ട്രോള്‍ ഓഫീസ് ആപ്ലിക്കേഷനില്‍ (സിഒഎ) അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കും. ഈ സംവിധാനം നടപ്പിലാക്കുന്നത് വഴി ഓരോ ട്രെയിനുകൾ സ്റ്റേഷനിലെത്തുന്നതും കടന്നുപോകുന്നതും തത്സമയം തന്നെ യാത്രക്കാർക്ക് അറിയാൻ സാധിക്കും.

പദ്ധതി രണ്ട് ഘട്ടങ്ങളായി

രണ്ടുഘട്ടങ്ങളായാണ് റെയില്‍വേ ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 21 ഇലക്ട്രിക് ലോക്കോ ഷെഡ്ഡുകളിലായി 2700 ട്രെയിനുകളിലാണ് ആര്‍ടിഐഎസ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 50 ലോക്കോ ഷെഡ്ഡുകളിലായി 6,000 ട്രെയിനുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.

ഐഎസ്ആര്‍ഒയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ സാറ്റ്ലെെറ്റ് ട്രാക്കിങ് സംവിധാനം പൂർണതോതില്‍ നടപ്പിലാക്കുന്നതോടെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി ഓടുന്നത് മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. റെയില്‍വേ കൂടുതല്‍ ആധുനികവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനം.

ആര്‍ടിഐഎസ് പ്രവർത്തനം
ആര്‍ടിഐഎസ് പ്രവർത്തനം

വരും ദിവസങ്ങളില്‍ സമാന രീതിയിലുള്ള പുതിയ സംവിധാനങ്ങള്‍ രാജ്യത്തെ ട്രെയിനുകളില്‍ ഏര്‍പ്പെടുത്താനാണ് റെയില്‍വേയുടെ നീക്കം. ട്രെയിനുകള്‍ വൈകി ഓടുന്നത് മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട സുരക്ഷ ഒരുക്കുന്നത്തിന്റെയും ഭാഗമായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ ബോര്‍ഡ്.

വരാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍

കേരളത്തില്‍ 1,257 കിലോമീറ്റര്‍ റെയില്‍വേ റൂട്ടാണുള്ളത്. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 85-90 കിലോമീറ്ററാണ്. ചെന്നൈയില്‍ ഈയടുത്ത് ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ ധാരണയായിരുന്നു. രാജ്യത്തെ തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി ആയി ഉയര്‍ത്തണമെന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനം. എന്നാല്‍ കേരളത്തിലെ നിലവിലെ പാതയുടെ ശേഷി അനുസരിച്ച് മണിക്കൂറില്‍ 100 കിലോമീറ്ററില്‍ വേഗതയില്‍ സഞ്ചരിക്കുക എന്നത് പ്രയോഗികമല്ല. പാതയുടെ ശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ശൃംഖല മെച്ചപ്പെടുത്തുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഇതിനകം പുരോഗമിച്ച് വരികയാണ്. കോച്ചുകളുടെ നവീകരണം, പാത വെെദ്യൂതീകരിക്കല്‍, പാത ഇരട്ടിപ്പിക്കല്‍ എന്നിങ്ങനെ ഇപ്പോള്‍ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് റെയിവേയുടെ പ്രതീക്ഷ. രാജ്യത്തെ വിവിധ റെയില്‍വേ ഡിവിഷനുകള്‍ക്ക് കീഴില്‍ ഓടുന്ന മിക്ക കോച്ചുകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചവയാണ് . ഇവ ഘട്ടം ഘട്ടമായി പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in