20 രൂപയ്ക്ക് ഉച്ചഭക്ഷണം, മൂന്ന് രൂപയ്ക്ക് വെള്ളം; ജനറല്‍ ക്ലാസില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ റെയില്‍വേ
ജനറല്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് മിതമായ നിരക്കില്‍ ഭക്ഷണം നൽകാൻ 'ഇക്കണോമി മീല്‍' പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. 20 രൂപയ്ക്ക് ഉച്ചഭക്ഷണവും 50 രൂപയ്ക്ക് സ്‌നാക്‌സ് കോംബോയും നൽകാനാണ് തീരുമാനം. മൂന്ന് രൂപയ്ക്ക് 200 മില്ലി വെള്ളവും ലഭ്യമാക്കും. മിതമായ നിരക്കില്‍ ആരോഗ്യകരവും വൃത്തിയുള്ളതുമായ ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം.
ഐആര്‍ടിസിയുടെ കിച്ചണ്‍ യൂണിറ്റുകളില്‍നിന്നാണ് ഭക്ഷണം വിതരണം ചെയ്യുക. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് വിപുലമായ സര്‍വിസ് കൗണ്ടറുകള്‍ ലഭ്യമാക്കിയിട്ടുള്ളതായി റെയില്‍വേ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളില്‍ ജനറല്‍ കോച്ചുകള്‍ക്ക് സമീപം വരുന്ന രീതിയിലായിരിക്കും സേവനകൗണ്ടറുകള്‍ സ്ഥാപിക്കുക. ഇതുവഴിയാകും ആദ്യഘട്ടത്തില്‍ ഭക്ഷണം എത്തിക്കുക.
ഐആര്‍ടിസിയുടെ കിച്ചണ്‍ യൂണിറ്റുകളില്‍ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുക
ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാര്‍ എന്നിവയാണ് ഇക്കോണമി മീലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗമായ 50 രൂപയുടെ കോംബോയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുല്‍ച, ഭട്ടൂര, പാവ്-ഭാജി, മസാല ദോശ എന്നിവ ഓപ്ഷനുകളായി ഉണ്ടാകും.
64 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പിലാക്കുക. 51 സ്റ്റേഷനുകളില്‍ ഈ സേവനം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ഇത് മറ്റ് 13 സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ക്രമേണ കൂടുതല്‍ സ്റ്റേഷനുകള്‍ കൂട്ടിച്ചേര്‍ക്കും. തിരക്കേറിയ കോച്ചുകളില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങുന്നതിനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതിയെന്ന് റെയില്‍വേ അറിയിച്ചു.
സാധാരണക്കാര്‍ക്കായി കുറച്ച് ട്രെയിനുകള്‍ കൂടി കൊണ്ടുവരാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രത്യേക ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുണ്ടാകും. 22 മുതല്‍ 26 വരെ കോച്ചുകളാണ് ഉണ്ടാകുകയെമാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.