തടവിലായ നാവികർ
തടവിലായ നാവികർ

ഗിനിയില്‍ തടവിലായ നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല; മോചനം അനിശ്ചിതത്വത്തില്‍

15 അംഗ സംഘത്തെ ഗിനിയന്‍ തലസ്ഥാനമായ മലാബോയില്‍ തിരികെ എത്തിച്ചു
Updated on
1 min read

ഗിനിയില്‍ തടവിലായ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു. തടവിലുള്ളവരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയ്ക്ക് കൈമാറുന്നതിനായി കൊണ്ടുപോയ മലയാളികളുള്‍പ്പെടെയുള്ള 15 അംഗ സംഘത്തെ ഗിനി തലസ്ഥാനമായ മലാബോയില്‍ തിരികെ എത്തിച്ചു.

മോചനത്തിന് ഇടപെടലുകളും സഹായവും തേടി നാവികർ വീണ്ടും സാമൂഹ്യമാധ്യങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടു. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും മലേറിയ, ടൈഫോയ്ഡ് അടക്കമുള്ള മാരക രോഗങ്ങള്‍ ജീവനക്കാരെ ബാധിച്ചിരിക്കുന്നതായും ജീവനക്കാര്‍ വ്യക്തമാക്കുന്നു. ചിലരുടെ ഫോണുകള്‍ ഗിനി‍ സൈന്യം പിടിച്ച് വാങ്ങിയതായും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ട് തടവില്‍ കഴിയുന്ന നാവികര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. മൂന്ന് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരടങ്ങുന്ന 26 അംഗ സംഘത്തെയാണ് ഗിനിയയില്‍ തടവിലാക്കിയിരിക്കുന്നത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസര്‍. എട്ട് ശ്രീലങ്കക്കാരും പോളണ്ട്, ഫിലിപ്പൈന്‍ സ്വദേശികളുമാണ് കപ്പലിലുള്ള വിദേശികള്‍.

നാവികരുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ചർച്ചകൾക്ക് പ്രധാന മന്ത്രി നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.  

തടവിലായ നാവികർ
ഒടുവിൽ ആശ്വാസം; ഗിനിയിൽ തടവിലാക്കപ്പെട്ട നാവികർക്ക് ഭക്ഷണവും വെളളവും എത്തിച്ച് ഇന്ത്യൻ എംബസി

ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാന്‍ പോയ ഹെറോയിക് ഐഡന്‍ എന്ന കപ്പലിലുള്ളവരെയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. സാങ്കേതിക തടസം മൂലം താമസമുണ്ടെന്ന് അറിയിച്ചത് പ്രകാരമാണ് നൈജീരിയന്‍ അതിര്‍ത്തിയില്‍ കപ്പലുമായി ജീവനക്കാര്‍ കാത്തിരുന്നത്. പിന്നാലെ കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘനവും ക്രൂഡ് ഓയില്‍ മോഷണവും ആരോപിച്ച് അറസ്റ്റ് ചെയ്തതായി ജീവനക്കാരെ അറിയിച്ചത്.

logo
The Fourth
www.thefourthnews.in