വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവഴിക്കുന്നത്  കോടികൾ; കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്

വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവഴിക്കുന്നത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്

2022 ഡിസംബറിൽ മാത്രം ഇന്ത്യക്കാർ 1,137 മില്യൺ ഡോളറാണ് യാത്രയ്ക്കായി ചെലവഴിച്ചത്
Updated on
1 min read

വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ഓരോ മാസവും കോടികൾ ചെലവഴിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2022-23 സാമ്പത്തിക വർഷത്തില്‍ ആദ്യ ഒൻപത് മാസക്കാലം വിദേശയാത്രകൾക്കായി ഇന്ത്യക്കാർ ഏകദേശം 1000 കോടി ഡോളർ ചെലവഴിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. കോവിഡിന് മുൻപുള്ള 7 ബില്യൺ ഡോളറിന്റെ മുൻ റെക്കോർഡാണ് മറികടന്നത്.

2022 ഡിസംബറിൽ മാത്രം ഇന്ത്യക്കാർ 1,137 മില്യൺ ഡോളറാണ് യാത്രയ്ക്കായി ചെലവഴിച്ചത്. 2021-22 കാലയളവിലെ യാത്രാ ചെലവ് 4.16 ബില്യൺ ഡോളറാണ്. കോവിഡ് -19നെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം 2020-21 കാലയളവിൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ ചെലവ് 3.23 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.

വിയറ്റ്‌നാം, തായ്‌ലൻഡ്, യൂറോപ്പ്, ബാലി എന്നിവയാണ് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന ചില പ്രധാന സ്ഥലങ്ങൾ. യാത്ര പോകുന്നതിന് മുഴുവന്‍ തുകയും അടയ്ക്കാതെ പ്രതിമാസം പണമടയ്ക്കുന്ന സംവിധാനം വന്നതോടെ വിദേശ യാത്രകള്‍ക്ക് തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്ന് ട്രാവല്‍ ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. ഇത് വഴി ഒരു വ്യക്തിക്ക് ഇഷ്ടമുള്ള സ്ഥലം ബുക്ക് ചെയ്യാവുന്നതാണ്. യാത്ര ചെലവ് പിന്നീട് പ്രതിമാസം അടച്ചാല്‍ മതിയാകും.

യാത്രകൾക്ക് മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസം, സമ്മാനങ്ങൾ, നിക്ഷേപ പദ്ധതികൾ തുടങ്ങിയവയ്ക്കും ഇന്ത്യക്കാർ വിദേശനാണ്യവിനിമയം നടത്തുന്നുണ്ട്. ഈ സാമ്പത്തിക വർഷം 19,354 ബില്യൺ ഡോളറാണ് ഇതിനായി ചെലവഴിച്ചത്.  2022 ൽ 1961 കോടി വിദേശരാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇതുവരെയുള്ളതിൽ സർവകാല റെക്കോർഡ് ആയിരുന്നു അത്. 2018 സാമ്പത്തിക വർഷം വരെയുള്ള മൊത്തം പണമയയ്ക്കൽ കണക്കിന്റെ പ്രതിമാസ ശരാശരി ഒരു ബില്യൺ ഡോളറായിരുന്നു. ഇപ്പോഴത് ഏകദേശം 2 ബില്യൺ ഡോളർ വരെയാണെന്നാണ് കണക്കുകൾ.

അതിനിടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വിദേശത്തേക്ക് അയക്കുന്ന പണത്തിന്മേൽ TCS നിരക്ക് 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുത്തനെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഏറ്റവും പുതിയ ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്. അത് ഈ പണമൊഴുക്കിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

logo
The Fourth
www.thefourthnews.in