കുതിപ്പിനൊരുങ്ങി 'റാപിഡ്എക്സ്'; ഇന്ത്യയിലെ ആദ്യ അര്‍ധ അതിവേഗ റെയില്‍വെ സര്‍വിസിന് പേരായി
ഇന്ത്യയിലെ ആദ്യ അര്‍ധ അതിവേഗ റെയില്‍വെ സര്‍വിസിന് പേരായി. ഡല്‍ഹി-മീററ്റ് പാതയിൽ ഡൽഹി നാഷണൽ കാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപറേഷൻ (എൻസിആർടിസി) ആരംഭിക്കാനിരിക്കുന്ന സർവിസിന് 'റാപിഡ്എക്സ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഉച്ചരിക്കുവാനും വായിക്കുവാനുമുളള എളുപ്പത്തിനാണ് 'റാപിഡ്എക്സ്' എന്ന പേര് നല്‍കിയതെന്ന് എന്‍സിആര്‍ടിസി അറിയിച്ചു. പേരിന് മികച്ച സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. 'റാപിഡ്എക്സ്' എന്നതിലെ 'എക്സ്' സൂചിപ്പിക്കുന്നത് പുതുതലമുറയിലെ സാങ്കേതിക വിദ്യയെയും യുവത്വത്തിന്റെ ഊര്‍ജത്തെയും പ്രതീക്ഷയെയുമാണെന്ന് എന്‍സിആര്‍ടി പറഞ്ഞു.
റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴിയിലാണ് 'റാപിഡ്എക്സ്' സർവിസ് നടത്തുക. 82 കിലോ മീറ്റർ വരുന്ന ഡല്‍ഹി -ഗാസിയാബാദ്- മീററ്റ് ഇടനാഴി 2025 ഓടെ പൂർണമായും കമ്മിഷൻ ചെയ്യാനാണ് എന്‍സിആര്‍ടിയുടെ പദ്ധതി. ഇതോടെ ഡൽഹിയ്ക്കും മീററ്റിനുമിടയിലെ യാത്രാസമയം 55 മിനുട്ടായി കുറയും.
സാഹിബാബാദ് മുതൽ ദുഹായ് വരെയുള്ള 17 കിലോ മീറ്റർ മുൻഗണനാ പാത അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടം മാര്‍ച്ചില്‍ തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ദാര്‍, ദുഹായ് എന്നീ അഞ്ച് സ്റ്റേഷനുകളുളള ഈ പാതയില്‍ ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി അന്തിമ പരിശോധനകള്‍ നടന്നുവരികയാണ്.