രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നു ;സി എം ഐ ഇ റിപ്പോര്‍ട്ട്
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാണിച്ച് സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ) റിപ്പോര്‍ട്ട്. കഴിഞ്ഞ 16 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമങ്ങളിലിത് 7.55 ശതമാനമായും ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .കഴിഞ്ഞമാസങ്ങളില്‍ നഗരത്തിലിത് 8.96 ശതമാനവും ഇതേ സമയം ഗ്രാമങ്ങളിലിത് 7.44 ശതമാനവുമായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചു എന്ന പ്രത്യേകതയും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിനു പോകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം ഉടലെടുത്തതും പണപ്പെരുപ്പവും രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് . സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളിലൊന്നാണിത് . 2024 ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനേയും ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ഭാരത് ജോഡോ യാത്രയിലും പ്രധാനമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കാത്ത ഭരണകൂടത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്നതെന്നുമാണ് പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത് .
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്താനും ഇതു വഴി രാജ്യത്തിൻ്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സര്‍ക്കാരിന് സാധിക്കണം എന്നായിരുന്നു ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്
സ്റ്റേറ്റ് റണ്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നവംബറില്‍ പുറത്തിറക്കിയ ഡേറ്റയുടെ അടിസ്ഥാനത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7.6 ല്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹരിയാനയില്‍ 37.4 ശതമാനവും രാജസ്ഥാനില്‍ 28.5 ശതമാനവും ഡല്‍ഹിയില്‍ 20.8 ശതമാനവുമായി തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.