ഇന്ത്യയുടെ 'കമ്പാ കോള'; വീണ്ടും മടങ്ങി വരുന്നോ?

ഇന്ത്യയുടെ 'കമ്പാ കോള'; വീണ്ടും മടങ്ങി വരുന്നോ?

കമ്പാ കോളയെ തിരിച്ചു കൊണ്ട് വരാൻ പദ്ധതിയിട്ടിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ്
Updated on
1 min read

50 വർഷം പഴക്കമുള്ള പ്രമുഖ പാനീയ ബ്രാൻഡായ കമ്പാ കോള രാജ്യത്തെ വിപണിയിലേക്ക് വീണ്ടും തിരിച്ചു വരുന്നു. കമ്പാ കോളയെ തിരിച്ചു കൊണ്ട് വരാൻ പദ്ധതിയിട്ടിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ്. കോള, നാരങ്ങ, ഓറഞ്ച് രുചികളിൽ സോഡ ലഭ്യമാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 1970-80 സമയങ്ങളിൽ ജനപ്രിയമായിരുന്ന കമ്പാ കോള വിദേശ ബ്രാൻഡുകൾ എത്തിയതോടെ വിപണിയിൽ നിന്ന് പുറത്താകുകയിരുന്നു. കൊക്കകോള അവസാനിച്ച സമയത്തായിരുന്നു കമ്പാ കോളയുടെ കടന്നു വരവ്.

കമ്പാ കോളയുടെ ചരിത്രം

1950-കളിലായിരുന്നു കൊക്കകോള ഇന്ത്യയിലെത്തിയത്. 1970-കൾ വരെ രാജ്യത്തെ ജനപ്രിയ ശീതളപാനീയമായി കൊക്കകോള തുടർന്നു. 1977 സമയത്ത് ഗവൺമെൻ്റിൻ്റെ നയങ്ങളിൽ വന്ന ചില മാറ്റങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് കൊക്കകോളയുടെ പിന്മാറ്റത്തിന് കാരണമായി. കൊക്കകോള പോലെയൊരു വലിയ ബ്രാൻ്റിൻ്റെ അഭാവം ഉണ്ടാക്കിയ ശൂന്യത നികത്താനായി ഡബിൾ സെവൻ (77) എന്ന പേരിൽ സർക്കാർ ഉടമസ്ഥതയിൽ ഒരു കമ്പനി ഉടൻ തന്നെ ആരംഭിച്ചു. എന്നാൽ, ഏറ്റെടുക്കാൻ അധികമാരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ കമ്പനി മുമ്പോട്ട് പോയില്ല.

പിന്നാലെ, കൊക്കകോളയുടെ ഇന്ത്യയിലെ പ്രധാന കുപ്പി കമ്പനിയായ 'പ്യുവർ ഡ്രിങ്ക്‌സ്' സ്വന്തമായി ഒരു സോഡ പുറത്തിറക്കാനുള്ള അവസരം ഏറ്റെടുത്തു. 'കാമ്പ കോള' എന്നായിരുന്നു ഇതിൻ്റെ പേര്. കൊക്കകോളയുടെ പേരെഴുതിയ അതെ ഫോണ്ടായിരുന്നു ഇതിനും ഉപയോഗിച്ചിരുന്നത്, യുവാക്കൾക്ക് വേണ്ടിയുള്ള ബ്രാൻഡ് എന്ന പോലെയാണ് ഇത് സ്വയം സ്ഥാപിക്കപെട്ടത്. യുവാക്കൾക്ക് വേണ്ടിയുള്ള ആകർഷണീയമായ ടാഗ് ലൈനുകൾ അവർ നൽകി. "ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്" എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ടാഗ് ലൈനുകളിൽ ഒന്ന്.

സൽമാൻ ഖാൻ ഒരു കൂട്ടം യുവാക്കൾക്കൊപ്പം ഒരു ബോട്ടിൽ സഞ്ചരിച്ചു കൊണ്ട് പാനീയം കുടിക്കുന്ന പരസ്യമായിരുന്നു കാമ്പ കോളയുടേത്. കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ ചെറിയ സമയത്തിനുള്ളിൽ തരംഗമായി മാറിയ ഈ പാനീയം ജന്മദിന പാർട്ടികളിലും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള യാത്രയിലും പ്രധാനിയായി മാറി. ആ സമയത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. വൻ ജനപ്രീതി നിലനിൽക്കുമ്പോഴും 1990 കളുടെ അവസാനത്തിൽ കാമ്പ കോള എന്ന ബ്രാൻഡ് ഒന്നുമല്ലാതായിത്തീരാൻ തുടങ്ങി.

പുതിയതായി വന്ന മാറ്റങ്ങൾ മറ്റു വിദേശ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കി. അങ്ങനെ വീണ്ടും കൊക്കകോള വിപണിയിൽ പ്രവേശിച്ചു. വലിയ വിതരണ ശൃംഖലയിലൂടെയും മികച്ച ക്യാമ്പയിനിലൂടെയും പെപ്‌സിയും കൊക്കകോളയും കാമ്പ കോളയെ മറികടന്നു. 2000-കളിൽ ഡൽഹിയിലുണ്ടായിരുന്ന പ്ലാൻ്റുകൾ കാമ്പ കോള അടച്ചുപൂട്ടി. അധികം താമസിയാതെ കടകളിൽ നിന്നും സ്റ്റാളുകളിൽ നിന്നും പാനീയം പൂർണമായും അപ്രത്യക്ഷമാകുകയും ചെയ്തു.

logo
The Fourth
www.thefourthnews.in