ഇന്ത്യ ഗേറ്റ്
ഇന്ത്യ ഗേറ്റ്

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്? ചൈനയെ മറികടന്നെന്ന് വേള്‍ഡ് പോപുലേഷൻ റിവ്യൂ റിപ്പോർട്ട്

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരുമെന്നും പഠനം പറയുന്നു.
Updated on
1 min read

ജനസംഖ്യയില്‍ ഇന്ത്യ, ചൈനയെ മറികടന്നതായി പഠനം. 2022ന്റെ അവസാനത്തില്‍ തന്നെ ഇന്ത്യയുടെ ജനസംഖ്യ 141.7 കോടി യെത്തിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സംഘടനയായ വേള്‍ഡ് പോപുലേഷന്‍ റിവ്യൂവിന്റെ (വിപിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യ142.3 കോടിയായി ഉയര്‍ന്നിട്ടുണ്ടാകാമെന്നാണ് വിപിആര്‍ നിഗമനം. ഇന്ത്യൻ ജനസംഖ്യയുടെ പകുതിയും 30 വയസില്‍ താഴെയാണ്. ജനസംഖ്യാപരമായ ലാഭവിഹിതം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരുമെന്നും പഠനം പറയുന്നു. ചൈനയിൽ ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് റിപ്പോർട്ടുൾക്കിടെയാണ് പുതിയ നിഗമനം.

2022ന്റെ അവസാനത്തോടെ ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് പറയുന്നത്. 2030ഓടെ ലോകജനസംഖ്യ 850 കോടിയിലുമെത്തും. അതേവര്‍ഷം തന്നെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. 2050ഓടെ 970 കോടിയാകുന്ന ജനസംഖ്യ 2100ഓടെ 1120 കോടിയാകും. 2080ല്‍ ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100വരെ ജനസംഖ്യാ വര്‍ധന ഇത്തരത്തില്‍ തുടരുമെന്നും ലോക ജനസംഖ്യാ ദിനമായ ജൂലൈ 11ന് പുറത്തുവിട്ട യുഎന്‍ ജനസംഖ്യാ പ്രോസ്പെക്ടസ് പറയുന്നു.

മറ്റൊരു ജനസംഖ്യാ ഗവേഷണ ഏജന്‍സിയായ മാക്രോട്രെന്‍ഡ്സിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പുതിയ സംഖ്യ 142.8 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സായുധസേനയിലെ സൈനികരുടെ കാലാവധി നാലു വര്‍ഷമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം, ജോലികള്‍ സൃഷ്ടിക്കുന്നതിനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമുള്ള ഭരണകൂടത്തിന്റെ സമ്മര്‍ദം വ്യക്തമാക്കുന്നു. 2024 മെയ് മാസത്തോടെ വീണ്ടും ജനവിധി തേടുന്ന ബിജെപി സർക്കാർ, സമ്പദ് വ്യവസ്ഥയിലെ ഉത്പാദന വിഹിതം നിലവിലെ 14% ല്‍ നിന്ന് 25% ആയി മെച്ചപ്പെടുത്താനും തയ്യാറെടുക്കുന്നുണ്ട്.

ഇന്ത്യ ഗേറ്റ്
ജനസംഖ്യയില്‍ കുറവ്, മരണനിരക്കില്‍ വര്‍ധന; ചൈന വീണ്ടും പ്രതിസന്ധിയിൽ

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാണ്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദക രാജ്യമാണ് ഇന്ത്യ. കോവിഡിന് മുൻപുള്ള ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലെന്നും പകര്‍ച്ചവ്യാധിയില്‍ നിന്ന് താരതമ്യേന ശക്തമായ വീണ്ടെടുപ്പുണ്ടായെന്നും പഠനം വ്യക്തമാക്കുന്നു. ഏകദേശം 80 കോടി ആളുകള്‍ ഇപ്പോഴും സര്‍ക്കാരില്‍ നിന്നുള്ള സൗജന്യ റേഷനെ ആശ്രയിക്കുന്നതായും പഠനം പറയുന്നു.

ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, കുറഞ്ഞത് 2050 വരേയെങ്കിലും ജനസംഖ്യ വളരുമെന്നാണ് വിപിആര്‍ പറയുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 2022 ല്‍ ചൈനയുടെ ജനസംഖ്യ 850,000 ആയി കുറഞ്ഞു. ചൈനയുടെ ജനസംഖ്യയില്‍ 1960 കള്‍ക്ക് ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.

logo
The Fourth
www.thefourthnews.in