പക്ഷി ഇടിച്ചു; സൂറത്ത്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി
പക്ഷി ഇടിച്ചതിനെ തുടർന്ന് സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി അഹമ്മദാബാദിൽ ഇറക്കി. ഇൻഡിഗോ എ 320 വിമാനമാണ് സൂറത്തിൽ വച്ച് പക്ഷി ഇടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിന്റെ എഞ്ചിൻ ബ്ലേഡിന് തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അഹമ്മദാബാദിൽ അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക പ്രസ്താവനയിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും ഡിജിസിഎ വ്യക്തമാക്കി.
ലാൻഡിങ്ങിന് ശേഷം നടത്തിയ ഗ്രൗണ്ട് പരിശോധനയിൽ, എഞ്ചിൻ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ കണ്ടെത്തി. തുടർന്ന്, എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട് (എഒജി) ആയി പ്രഖ്യാപിക്കുകയായിരുന്നു
ഡിജിസിഎയുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, ലാൻഡിങ്ങിന് ശേഷം നടത്തിയ ഗ്രൗണ്ട് പരിശോധനയിൽ, എഞ്ചിൻ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ കണ്ടെത്തി. തുടർന്ന്, എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട് (എഒജി) ആയി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6 ഇ 2407, മെഡിക്കൽ എമർജന്‍സിയെ തുടർന്ന് ഭോപ്പാലിലേക്ക് തിരിച്ചു വിട്ടിരുന്നു. ഭോപ്പാലിൽ ഇറങ്ങിയ ശേഷം വിമാനത്താവള അധികൃതർ യാത്രക്കാരനെ വേഗത്തിൽ ഓഫ്ബോർഡ് ചെയ്യുകയും സുരക്ഷിതമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഭോപ്പാൽ വിമാനത്താവളവും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ ഏത് സമയത്തും പക്ഷികൾ വിമാനത്തിലിടിക്കാൻ സാധ്യതയുണ്ട്. വിമാനത്തിന്റെ വിൻഡ് സ്ക്രീനുകൾ, എഞ്ചിനുകൾ, ഫ്യൂസേജുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമാകും. ഡിജിസിഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021 ൽ ഇത് 27 ശതമാനം വർധിച്ചു. 2021ൽ 1446 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.