വിമാനം വൈകിയത് ഏഴ് മണിക്കൂർ, 'ജീവിതത്തിലെ മോശം അനുഭവമെന്ന്' യാത്രികൻ, ടിക്കറ്റ് തുക മടക്കിനല്‍കാൻ ഇന്‍ഡിഗോ
കാലാവസ്ഥയുള്‍പ്പെടെയുള്ള വിഷയങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നത് അസാധാരണ സംഭവമല്ല. പലപ്പോഴും ഇതിന് പകരം സംവിധാനങ്ങള്‍ ഒരുക്കിയാണ് പ്രതികൂല സാഹചര്യങ്ങള്‍ കമ്പനികള്‍ മറികടക്കാറ്. എന്നാല്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്ത വിമാനം വൈകിയത് 7 മണിക്കൂറായിരുന്നു. ഈ വൈകല്‍ പക്ഷേ ഒരു യാത്രക്കാന് ഉണ്ടാക്കിയത് വലിയ നഷ്ടവും. വിഷയം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട യാത്രക്കാരന്റെ പ്രതികരണം ഇന്‍ഡിഗോ കമ്പനിയെ ടിക്കറ്റ് തുക മടക്കി നല്‍കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച ദേബര്‍ഗ്യ ദാസ് എന്നയാളുടേതാണ് ദുരനുഭവം. വിമാനം വൈകിയത് ആകെ ഏഴ് മണിക്കൂറായിരുന്നു. അനിശ്ചിതമായ ഈ വൈകല്‍ മൂലം യാത്രികന് നഷ്ടമായത് ഒരു അന്താരാഷ്ട്ര വിമാനമാണ്. രാത്രി 10 മണിക്ക് പുറപ്പെടേണ്ട വിമാനം കൊല്‍ക്കത്തിയില്‍ നിന്നും യാത്ര ആരംഭിച്ചത് പുലര്‍ച്ചെ 4.14 നായിരുന്നു. ഇത് കാരണം തനിക്ക് അന്താരാഷ്ട്ര വിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു യാത്രികന്റെ ആക്ഷേപം.
വിമാനം അനിശ്ചിതമായി വൈകുമെന്ന് മനസിലാക്കിയതോടെ പുലര്‍ച്ചെ 12:20 ന്, ടിക്കറ്റ് റദ്ദാക്കി സാന്‍ഫ്രാന്‍സികോയിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വിമാന കമ്പനി ജീവനക്കാരെ അറിയിച്ചു. പക്ഷേ ലഗേജുകള്‍ പരിശോധിക്കാനും രണ്ട് മണിക്കൂറാണ് എടുത്തത്. ടിക്കറ്റ് റദ്ദാക്കാന്‍ ആകില്ലെന്ന് പറഞ്ഞ് തര്‍ക്കിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം ആയിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ആശങ്കകള്‍ അറിയിച്ചപ്പോള്‍ വിമാന കമ്പനിയുടെ ജീവവക്കാരുടെ പ്രതികരണം വളരെ മോശമായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. ടിക്കറ്റ് റദ്ദാക്കി മറ്റൊരു ടിക്കറ്റ് നല്‍കാന്‍ പോലും കമ്പനി സഹകരിച്ചില്ല. അവര്‍ തന്നോട് തര്‍ക്കിക്കുകയാണ് ചെയ്തത്. എപ്പോഴും കൃത്യത പാലിക്കുന്ന എന്ന പരസ്യ വാചകത്തോട് പോലും നീതി പുലര്‍ത്താന്‍ വിമാന കമ്പനിക്ക് കഴിഞ്ഞില്ലെന്നും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ടിക്കറ്റിന്റെ ചിത്രം ഉള്‍പ്പെട പങ്കുവച്ച് യാത്രക്കരാന്‍ പറയുന്നു.
ദേബര്‍ഗ്യ ദാസിന്റെ പോസ്റ്റ് വൈറലായതോടെ വിഷയത്തില്‍ വിമാന കമ്പനി തന്നെ നേരിട്ട് ഇടപെടുന്ന നിലയും ഉണ്ടായി. യാത്രക്കാരന് ഉണ്ടായ നഷ്ടങ്ങളില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ടിക്കറ്റിന്റെ പണം മടക്കി നല്‍കുമെന്നും അറിയിച്ചു.
അതേസമയം, ദേബര്‍ഗ്യ ദാസിന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നാണ് പോസ്റ്റിനോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.