ഇന്ദിരാ ഗാന്ധിയുടേതും രാജീവ് ഗാന്ധിയുടേതും അപകടമരണം ; യഥാര്‍ഥ രക്തസാക്ഷി സവര്‍ക്കറെന്ന് ഉത്തരാഖണ്ഡ് മന്ത്രി

ഇന്ദിരാ ഗാന്ധിയുടേതും രാജീവ് ഗാന്ധിയുടേതും അപകടമരണം ; യഥാര്‍ഥ രക്തസാക്ഷി സവര്‍ക്കറെന്ന് ഉത്തരാഖണ്ഡ് മന്ത്രി

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ മാത്രം കുത്തകയല്ലെന്ന് ഉത്തരാഖണ്ഡ് കൃഷി മന്ത്രി ഗണേഷ് ജോഷി
Updated on
1 min read

ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും അപകടമരണം ആണെന്നും രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ മാത്രം കുത്തകയല്ലെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രി ഗണേഷ് ജോഷി. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തോടുള്ള പ്രതികരണമായിട്ടായിരുന്നു ഗണേഷ് ജോഷിയുടെ പരാമർശം

'രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഓർക്കുമ്പോള്‍ ഖേദമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കണ്ട യഥാർഥ രക്തസാക്ഷിത്വം ഭഗത് സിങിന്റെയും സവര്‍ക്കറുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയുമൊക്കെയാണ്. ഗാന്ധി കുടുംബത്തിന് സംഭവിച്ചത് വെറും അപകടം മാത്രം. അപകടവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്'. - ഗണേഷ് ജോഷി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടേതും രാജീവ് ഗാന്ധിയുടേതും അപകടമരണം ; യഥാര്‍ഥ രക്തസാക്ഷി സവര്‍ക്കറെന്ന് ഉത്തരാഖണ്ഡ് മന്ത്രി
'കശ്മീര്‍ ജനത എനിക്ക് നല്‍കിയത് ഗ്രനേഡല്ല, ഹൃദയം നിറയെ സ്നേഹം'- രാഹുൽ ഗാന്ധി

രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച് ഹിംസയുടെ വേദന താന്‍ അനുഭവിച്ചിട്ടുണ്ടെന്നും പുല്‍വാമ രക്തസാക്ഷികളുടെ ബന്ധുക്കള്‍ കടന്നുപോയ വേദന താന്‍ മനസ്സിലാക്കുന്നുവെന്നും, എന്നാല്‍ ബിജെപി നേതാക്കള്‍ക്കോ മോദിയ്‌ക്കോ അമിത് ഷായ്‌ക്കോ ആര്‍എസ്എസ് അംഗങ്ങള്‍ക്കോ ആ വേദന മനസ്സിലാവില്ലെന്നും ഭാരത് ജോഡായുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗണേഷ് ജോഷി മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്.

രാഹുല്‍ ഗാന്ധിയുടെ യാത്ര ജമ്മു-കാശ്മീരില്‍ നല്ല രീതിയില്‍ പര്യവസാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അഭിനന്ദനമര്‍ഹിക്കുന്നതെന്നും ഗണേഷ് ജോഷി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ജമ്മു കശ്മീരില്‍ അക്രമം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരുന്നുവെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in