പ്രോജക്റ്റ് ടൈഗറിന് 50 വയസ്; ലക്ഷ്യം കണ്ടോ കടുവാ സംരക്ഷണം?
രാജ്യത്തെ കടുവകളെ സംരക്ഷിക്കുന്നതിനായി 1973 ഏപ്രില്‍ ഒന്നിനാണ് 'പ്രോജക്റ്റ് ടൈഗര്‍' അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പാക്കിയത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് പ്രോജക്റ്റ് ടൈഗറിന് തുടക്കമിട്ടത്. രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് വന്നതോടെ വംശനാശഭീഷണിയില്‍ നിന്നും കടുവകളെ സംരക്ഷിക്കാനായാണ് ഇന്ദിരാ ഗാന്ധി പ്രൊജക്ട് ടൈഗര്‍ ആവിഷ്‌കരിച്ചത്. പദ്ധതി 50 വര്‍ഷം പിന്നിടുമ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഒന്നാമതാണ്.
കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ആദ്യമായി രാജ്യത്താകമാനം എത്ര കടുവകള്‍ ഉണ്ടെന്ന് കണക്കാക്കാനുള്ള ശ്രമം ആരംഭിച്ചത്. 1827 കടുവകള്‍ എന്ന കണക്ക് ഞെട്ടിക്കുന്നതായിരുന്നു. കാരണം മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹി മൃഗശാല ഡയറക്ടര്‍ നടത്തിയ കണക്കെടുപ്പില്‍ 2500 കടുവകള്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് 1827 എന്ന എണ്ണത്തിലേക്ക് എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
1973 മാര്‍ച്ച് 26 ന് അന്നത്തെ പ്രധാനമന്ത്രി അയച്ച സന്ദേശം അതിന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യംകൊണ്ട് ഇന്നും വേറിട്ട് നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ 1971 ഡിസംബറിലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വന്നു. തുടര്‍ന്ന് 1972 സെപ്റ്റംബറില്‍ കടുവ സംരക്ഷണത്തിനായി ഒരു കര്‍മസേനയെ നിയോഗിച്ചു. വന്യജീവി സംരക്ഷണത്തിനായി പുതിയ നിയമവും കൊണ്ടുവന്നു.
1970 കളുടെ തുടക്കം ശീതയുദ്ധം മൂലം ലോകത്തിൽ വിള്ളല്‍ സംഭവിച്ച സമയമായിരുന്നു. അമേരിക്ക, റഷ്യ എന്നീ രണ്ട് വന്‍ ശക്തികളുമായി ബന്ധം നിലനിര്‍ത്തുന്നതിനിടയില്‍ എതിരാളികളായ സൈനിക സഖ്യങ്ങളില്‍നിന്ന് വിട്ടുനിന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. അതേസമയം, കടുവകളെ സംരക്ഷിക്കുന്നതിനായി യൂറോപ്പില്‍നിന്ന് ഇന്ത്യയ്ക്ക് വലിയ പിന്തുണ ലഭിച്ചു. 1969 നവംബറില്‍ ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ കോണ്‍കേവ് ന്യൂഡല്‍ഹിയില്‍ നടന്നു. ഈ വേദിയിലായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആദ്യമായി കടുവ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്.
കടുവ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ ചുവടുവയ്പ് മറ്റ് മൂന്നാം ലോക രാഷ്ട്രങ്ങളെയും സ്വാധീനിച്ചു. വിക്കുന എന്ന മൃഗത്തെ സംരക്ഷിക്കുന്നതിനായി പെറുവും ഒറാംഗുട്ടനെ സംരക്ഷിക്കുന്നതിനായും ഇന്തോനേഷ്യയും നടപടി സ്വീകരിച്ചു. ഇത് ലോകത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ശാസ്ത്രജ്ഞരും പുതുതലമുറയും ഭൂമിയുടെ ഭാവിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ ആരംഭിച്ചു. ഇത്തരം ശ്രമങ്ങളില്‍ ഇന്ത്യയുടെ ടൈഗര്‍ പ്രോജക്റ്റ് വേറിട്ടുനിന്നു.
പ്രോജക്റ്റ് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി 1973 ല്‍ ഒൻപത് കടുവ സംരക്ഷണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്ത് 53 കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. അന്ന് കടുവകളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമായിരുന്നു. അന്നുള്ളതിന്റെ ഇരട്ടിയിലധികം ആളുകളുള്ള രാജ്യത്തിപ്പോൾ കടുവകളുടെ എണ്ണം മൂവായിരത്തിൽ താഴെ മാത്രമാണ്. പ്രോജക്റ്റ് ടൈഗറിന്റെ ലക്ഷ്യം പൂര്‍ണമായി നേടണമെങ്കില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.