അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട   ഇന്ദ്ര മേഘ്‌വാൾ
അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട ഇന്ദ്ര മേഘ്‌വാൾ

''15 ദിവസത്തിനിടെ കൊണ്ടുപോയത് ഏഴ് ആശുപത്രികളില്‍, പക്ഷേ രക്ഷിക്കാനായില്ല''- കൊല്ലപ്പെട്ട ദളിത് ബാലന്റെ കുടുംബം പറയുന്നു

സ്കൂള്‍ അധികൃതരുടെ നുണകള്‍ക്കെതിരെയും, പോലീസില്‍ നിന്ന് ലഭിക്കാത്ത നീതിക്കുമായുമുള്ള പോരാട്ടം തുടരുകയാണ് കുടുംബം
Updated on
2 min read

ഓഗസ്റ്റ് 13നാണ് രാജസ്ഥാനിലെ സുരാനാ ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ദളിത് ബാലന്‍ അധ്യാപകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിക്കുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടുവെന്ന ആരോപണത്തിലാണ്, ഒന്‍പത് വയസുകാരന്‍ ഇന്ദ്ര മേഘ്‌വാളിന് മര്‍ദനമേറ്റത്. ചികിത്സകള്‍ ഫലം കാണാതെ, ഇന്ദ്ര മരണത്തിന് കീഴടങ്ങിയെങ്കിലും സ്കൂള്‍ അധികൃതരുടെ നുണകള്‍ക്കെതിരെയും, പോലീസില്‍ നിന്ന് ലഭിക്കാത്ത നീതിക്കായുമുള്ള പോരാട്ടം തുടരുകയാണ് കുടുംബം.

ജൂലൈ 20ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്ദ്രയെ അനങ്ങാനാവാത്ത അവസ്ഥയില്‍ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. '' പിന്നീടുള്ള 15 ദിവസം അവനെ രക്ഷിക്കാനായി ഏഴ് ആശുപത്രികളിലാണ് കയറിയിറങ്ങിയത്. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യാനായില്ല. അവസാനം അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ച് ഓഗസ്റ്റ് 13ന് അവന്‍ മരണത്തിന് കീഴടങ്ങി''. മേഘ്‌വാളിന്റെ അമ്മാവന്റെ വാക്കുകള്‍.

സ്കൂളില്‍ രണ്ട് കുട്ടികള്‍ തമ്മില്‍ വഴക്കും കയ്യേറ്റവും ഉണ്ടായെന്നും, അവരെ പിന്തിരിപ്പിക്കാനായാണ് അധ്യാപകന്‍ മര്‍ദിച്ചതെന്നുമാണ് പ്രഥമാധ്യാപകന്‌റെ വിശദീകരണം

മരണശേഷവും കുഞ്ഞിന് നീതി കിട്ടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സ്‌കൂള്‍ അധികൃതര്‍ ഉയര്‍ത്തുന്ന വ്യാജവാദങ്ങളെ കൂടി നേരിടേണ്ട അവസ്ഥയിലാണ് കുടുംബം . പോലീസും സ്‌കൂള്‍ അധികൃതരെ പിന്തുണയ്ക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. കുടിവെള്ള പാത്രം തൊട്ടതിന് അധ്യാപകന്‍ മര്‍ദിച്ചെന്നത് തെറ്റായ ആരോപണമാണെന്ന് സ്ഥാപിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നത്. സ്‌കൂളില്‍ രണ്ട് കുട്ടികള്‍ തമ്മില്‍ വഴക്കും കയ്യേറ്റവും ഉണ്ടായെന്നും, അവരെ പിന്തിരിപ്പിക്കാനായാണ് അധ്യാപകന്‍ മര്‍ദിച്ചതെന്നുമാണ് പ്രഥമാധ്യാപകന്‌റെ വിശദീകരണം. മരിച്ച കുട്ടിക്ക് നേരത്തെ തന്നെ ചെവിയില്‍ പരുക്കുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുട്ടികള്‍ തമ്മില്‍ വഴക്കോ അടിപിടിയോ ഉണ്ടായിട്ടില്ലെന്ന് സ്‌കൂളിലെ മറ്റ് കുട്ടികള്‍ തന്നെ പറഞ്ഞത് ഈ നുണയെ പൊളിക്കുന്നു.

അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട   ഇന്ദ്ര മേഘ്‌വാൾ
തന്റെ പാത്രത്തിൽ വെള്ളം കുടിച്ചതിന് അധ്യാപകന്റെ ക്രൂര മർദനം; രാജസ്ഥാനിൽ ദളിത് ബാലന് ദാരുണാന്ത്യം; കൊലക്കുറ്റത്തിന് കേസ്

സ്‌കൂളില്‍ കുടിവെള്ള ആവശ്യത്തിനായി വലിയൊരു വാട്ടര്‍ടാങ്കുണ്ടെന്നും പ്രത്യേകം കുടിവെള്ളം വയ്ക്കുന്നത് പതിവില്ലെന്നും സ്‌കൂളുകാര്‍ പറയുന്നു. സ്‌കൂളില്‍ നാല് ദളിത് അധ്യാപകരുണ്ടെന്ന ന്യായീകരണവും അവരുയര്‍ത്തുന്നു. എന്നാല്‍ ഈ കുടിവെള്ള സംഭരണി അധ്യാപകന്റെ മര്‍ദനത്തില്‍ കുട്ടിക്ക് പരുക്കേറ്റതിനു പിന്നാലെ വച്ചതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ പ്രവര്‍ത്തി വളരെ അടുത്ത് നടന്നതാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ച കുട്ടിയുടെ കുടുംബത്തോട് പോലീസും ക്രൂരമായി പെരുമാറുകയാണെന്ന് ആരോപണമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി ബന്ധുക്കളെല്ലാം എത്തുന്നതുവരെ കാത്തിരിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. പക്ഷേ പെട്ടെന്ന് തന്നെ സംസ്‌കാരം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതോടെ ലാത്തിചാര്‍ജ് പോലും നടത്തിയെന്ന് അവര്‍ പറയുന്നു.

ദളിത് ബാലന്റെ മരണം രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയിലെ ദളിത് എംഎല്‍എ പനചന്ദ് മേഘ്വാള്‍ രാജിവെച്ചതിനു പിന്നാലെ, 12 പാര്‍ട്ടി കൗണ്‍സിലര്‍മാരും മുഖ്യമന്ത്രി ഗെഹ്ലോട്ടിന് രാജിക്കത്തയച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സച്ചിന്‍ പൈലറ്റും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ്.

അധ്യാപകന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട   ഇന്ദ്ര മേഘ്‌വാൾ
ദളിത് വിദ്യാര്‍ഥിയുടെ മരണം: പ്രതിഷേധം ശക്തം; ഗെഹ്‌ലോട്ടിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഗെഹ്‌ലോട്ട് അറിയിച്ചിരിക്കുന്നത്. മരിച്ച ദളിത് ബാലന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

logo
The Fourth
www.thefourthnews.in