ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന നൽകി നന്ദൻ നിലേകനി; ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ബന്ധം 50 കൊല്ലം തികയുന്ന വേളയിൽ
ഐഐടി ബോംബെയ്ക്ക് 315 കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി. 1973-ൽ ഐഐടി ബോംബെയിൽ നിന്നാണ് അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. ഐഐടിയിൽ പഠിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിലും 2011-2015 കാലഘട്ടത്തിൽ സ്ഥാപനത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിൽ അംഗമായതും ഉൾപ്പെടെ വിവിധ റോളുകളിലായി ഐഐടി ബോംബെയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം 50 വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് 315 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ സംഭാവനയായ 85 കോടി രൂപ ഉൾപ്പെടെ മൊത്തം 400 കോടി രൂപയാണ് നന്ദൻ നിലേകനി ഇൻസ്റ്റിറ്റ്യൂട്ടിന് സംഭാവന നൽകിയതെന്ന് ഐഐടി-ബോംബെ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ഈ പ്രാരംഭ സംഭാവന പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജിക്ക് ധനസഹായം നൽകുന്നതിനും രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി ഇൻകുബേറ്റർ സ്ഥാപിക്കുന്നതിനും ഉപയോഗിക്കുമെന്ന് ഐഐടി ബോംബെ പറഞ്ഞു.
ഐഐടി-ബോംബെയുടെ ഭാവി പദ്ധതികൾക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 മില്യൺ ഡോളർ (4,106 കോടി രൂപ ) ധനസമാഹരണം ആവശ്യമാണ്. 38.5 മില്യൺ ഡോളറാണ് നിലേകനിയുടെ സംഭാവന. അതിനാൽ ഇത് പ്രധാന സംഭാവനയായി ഉപയോഗിക്കുക വഴി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.
പുറത്തുവിട്ട പ്രസ്താവനയിൽ മുൻ യുഐഡിഎഐ ചെയർമാനായ നന്ദൻ നിലേകനി ഐഐടി-ബോംബെയെ തന്റെ ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. “ഐഐടി ബോംബെയുടെ മുന്നോട്ട് പോക്കിന് സംഭാവന നൽകുന്നതിൽ എനിക്ക് സന്തോഷം മാത്രമാണ് ഉള്ളത്. സ്ഥാപനത്തോട് ഞാൻ എന്നും നന്ദിയുള്ളവനാണ്. ഈ സംഭാവന ഒരു സാമ്പത്തിക സംഭാവന മാത്രമല്ല. എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച സ്ഥാപത്തിനോടുള്ള ആദരവും നാളെ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന വിദ്യാർത്ഥികളോടുള്ള എന്റെ പ്രതിബദ്ധതയുമാണ് ഇത്, ”അദ്ദേഹം പറഞ്ഞു.
ഇത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഐഐടി- ബോംബെ ഡയറക്ടർ പ്രൊഫ. സുഭാഷിസ് ചൗധരി അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ പ്രശസ്ത പൂർവ്വ വിദ്യാർത്ഥി നന്ദൻ നിലേകനി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയുള്ള സംഭാവനകൾ തുടരുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഈ സംഭാവന ഐഐടി-ബോംബെയുടെ വളർച്ച ഗണ്യമായി മുന്നോട്ട് കൊണ്ടുപോകും,” പ്രൊഫ. ചൗധരി പറഞ്ഞു.