ഐഎന്‍എസ് വിക്രാന്ത്
ഐഎന്‍എസ് വിക്രാന്ത്

ഐഎന്‍എസ് വിക്രാന്തിന് ഇനി മുൻഗാമിയുടെ 'ചരിത്ര മണി'

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍സ് വിക്രാന്ത് 2022 സെപ്റ്റംബറിലാണ് കമ്മിഷൻ ചെയ്തത്
Updated on
1 min read

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന് മുൻഗാമിയുടെ മണി. ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൽ 36 വർഷം ഉപയോഗിച്ച മണി നാവിക സേനാ മുന്‍ ഉപമേധാവി വൈസ് അഡ്മിറൽ എസ്എന്‍ ഘോര്‍മാഡെയാണ് പുതിയ കപ്പലിലേക്കു കൈമാറിയത്.

നിലവിലെയും ഭാവിയിലെയും നാവികരെയും ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് പ്രചോദിപ്പിക്കുന്നതിനായി ഐഎന്‍എസ് വിക്രാന്തിൽ മണി പ്രദര്‍ശിപ്പിച്ചേക്കും.

1961 മുതൽ ഐഎന്‍എസ് വിക്രാന്തിൽ ഉപയോഗിച്ചിരുന്നതാണ് ഈ മണി. ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് ഹെര്‍ക്കുലീസ് എന്ന യുദ്ധക്കപ്പൽ 1961ൽ ഇന്ത്യന്‍ നാവികസേന വാങ്ങിയ ശേഷം ഐഎന്‍സ് വിക്രാന്ത് (R11) എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 36 വർഷം ഇന്ത്യൻ നാവികസേനയെ സേവിച്ച കപ്പൽ 1997ലാണ് ഡീകമ്മിഷൻ ചെയ്തത്.

ഇതിനു പകരമായി തദ്ദേശീയമായി നിർമിച്ച കപ്പൽ കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണു കമ്മിഷൻ ചെയ്തത്. കൊച്ചി കപ്പൽശാലയിൽ നിർമിച്ച് മുൻഗാമിയുടെ പേര് നൽകിയ കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമ്മിഷൻ ചെയ്തത്.

ഐഎന്‍എസ് വിക്രാന്ത്
രാജ്യത്തിന്റെ അഭിമാനം; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

1997ൽ ഡികമ്മീഷൻ ചെയ്ത ഐഎന്‍സ് വിക്രാന്തിൽനിന്ന് നീക്കം ചെയ്ത മണി ഡൽഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ നാവികസേനാ ഉപമോവിയുടെ നിയുക്ത വസതിയില്‍ സ്ഥാപിക്കുകയായിരുന്നു. 1971ല്‍ ഇന്തോ - പാകിസ്താന്‍ യുദ്ധത്തില്‍ കറാച്ചി തുറമുഖം ഉപരോധിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചപ്പോള്‍ യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്ന മണി മഹത്തായ ചരിത്രത്തിന്റെ ഭാഗമാണ്.

യുദ്ധക്കപ്പലുകളിൽ നിർണായക സ്ഥാനമാണ് ഇത്തരം മണികൾക്കുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ ഉൾപ്പെടെ സെയിൽമാരെയും ഉദ്യോഗസ്ഥരെയും വ്യത്യസ്ത ഉത്തരവാദിത്വങ്ങൾക്കുള്ള സമയം ഓർമിപ്പിക്കുന്നതിൽ ഇവ സഹായിക്കുന്നു.

അടുത്തിടെ കമ്മിഷൻ ചെയ്ത തദ്ദേശീയ നിർമിത ഐഎന്‍എസ് വിക്രാന്തിന്റെ ഡെക്കില്‍നിന്ന് യുദ്ധവിമാനം പ്രവർത്തിപ്പിക്കുന്ന പരീക്ഷണങ്ങള്‍ തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതിൽ വിമാനങ്ങൾ വിന്യസിക്കാനാവുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in