വ്യക്ത്യാധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമല്ല; പ്രധാനമന്ത്രിയെ അവഹേളിച്ചതിന് കേസ് നിലനിൽക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിന് രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഒരു ഇന്ത്യൻ പൗരനെയും അധിക്ഷേപിക്കുന്നവർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്ന് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
''ഈ രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും, അത്തരം അവകാശങ്ങൾ പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ മറ്റേത് പൗരനെയും അധിക്ഷേപിക്കുന്നതിനോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനോ സംരക്ഷണം നൽകില്ല." കോടതി പറഞ്ഞു.
പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും 'നായ' എന്ന് വിശേഷിപ്പിച്ച് മുംതാസ് മന്സൂരി ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റാണ് വിവാദമായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 504-ാം വകുപ്പ് (സമാധാന ലംഘനം ലക്ഷ്യമിട്ടുള്ള മനഃപൂർവമായ അവഹേളനം), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പ് എന്നിവ പ്രകാരമാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംതാസ് ഹൈക്കോടതിയെ സമീപിച്ചത്.