കേന്ദ്രത്തിന് ഡേറ്റാ പേടി; സർക്കാരിന് ഗുണമുള്ള വിവരങ്ങള്‍ നല്‍കിയില്ല, പോപ്പുലേഷൻ സയൻസസ് ഡയറക്ടർ കെഎസ് ജയിംസിന് സസ്പെൻഷൻ

കേന്ദ്രത്തിന് ഡേറ്റാ പേടി; സർക്കാരിന് ഗുണമുള്ള വിവരങ്ങള്‍ നല്‍കിയില്ല, പോപ്പുലേഷൻ സയൻസസ് ഡയറക്ടർ കെഎസ് ജയിംസിന് സസ്പെൻഷൻ

ഐഐപിഎസ് നടത്തിയ സര്‍വേകളിലെ ചില വിവരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തരായിരുന്നു
Updated on
2 min read

കുടുംബാരോഗ്യ സര്‍വേ വിവരങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപുലേഷന്‍ സയന്‍സസ് ഡയറക്ടര്‍ കെ എസ് ജയിംസിനെ കേന്ദ്ര ആരോഗ്യമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഐഐപിഎസ് നടത്തിയ സര്‍വേകളിലെ ചില വിവരങ്ങളില്‍ അതൃപ്തരായതിനാല്‍ ജയിംസിനോട് രാജിവയ്ക്കാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ രാജിവയ്ക്കാന്‍ തയാറാകില്ലെന്ന് ജയിംസ് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ കത്ത് അദ്ദേഹത്തിന് കൈമാറിയത്.

രാജ്യത്ത് ഇപ്പോഴും ശൗചാലയ സൗകര്യങ്ങളില്ലാത്ത കുടുംബങ്ങളുണ്ടെന്നും 19% പേരും ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നതെന്നും കെ എസ് ജയിംസ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു

കേന്ദ്രസർക്കാരിന് ഗുണമുള്ളതും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ വിവരങ്ങളോ സർവേകളോ നല്‍കാത്തതാണ് കെ എസ് ജയിംസിനെ പുറത്താക്കാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. കുടുംബാരോഗ്യ സര്‍വേകളിലെ കണക്കുകള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍.

രാജ്യത്ത് ഇപ്പോഴും ശൗചാലയ സൗകര്യങ്ങളില്ലാത്ത കുടുംബങ്ങളുണ്ടെന്നും 19 ശതമാനം പേരും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നതെന്നും കെ എസ് ജയിംസ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷ്വദ്വീപില്‍ മാത്രമാണ് 100 ശതമാനം ശൗചാലയ സൗകര്യങ്ങളുള്ളതെന്ന് സര്‍വേയിലുണ്ട്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ശൗചാലയ സൗകര്യങ്ങളുണ്ടെന്ന് വാദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും ഈ കണക്കുകള്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.

ഇന്ത്യയില്‍ പോഷകാഹാരക്കുറവ് കൊണ്ട് സംഭവിക്കുന്ന അനീമിയ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്

കുടുംബാരോഗ്യ സര്‍വേ പ്രകാരം രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് ഇപ്പോഴും പാചക ഇന്ധനങ്ങള്‍ ലഭിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. ഇത് 2016ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉജ്ജ്വല യോജന എന്ന സാമൂഹ്യക്ഷേമ പദ്ധതിയുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ്. രണ്ടായിരത്തിപത്തൊൻപതോടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകള്‍ക്ക് പാചക ഇന്ധനം എത്തിക്കുമെന്നായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യയുടെ പകുതിയലധികം പേര്‍ക്ക് അതായത് 57 ശതമാനം പേരുടെ വീടുകളിലും ഇപ്പോഴും എല്‍പിജിയോ മറ്റ് പാചക ഇന്ധനങ്ങളോ എത്തിയിട്ടില്ലെന്ന യാഥാർഥ്യമാണ് കണക്കുകള്‍ തുറന്നുകാട്ടുന്നത്. മാത്രമല്ല, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് കൊണ്ട് സംഭവിക്കുന്ന അനീമിയ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. അനീമിയയെ തടയാന്‍ വേണ്ടവിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

2018 ലാണ് മുബൈ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ജയിംസ് നിയമിതനാകുന്നത്

അടുത്തിടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി ഈ കണക്കുകള്‍ എല്ലാം വ്യാജമാണെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

2018 ലാണ് മുബൈ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ജയിംസ് നിയമിതനാകുന്നത്. ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ നിന്ന് പോസ്റ്റ്‌ഡോക്ടറല്‍ ബിരുദം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഐഐപിഎസില്‍ ചേരുന്നതിന് മുൻപ്, ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജനസംഖ്യാ പഠനത്തിന്റെ പ്രൊഫസറായിരുന്നു.

പത്ത് വര്‍ഷത്തിനിടയില്‍ നടക്കേണ്ട സെന്‍സസും ഇതുവരെ നടന്നിട്ടില്ല

ഇത്തരത്തില്‍, തൃപ്തികരമല്ലാത്ത കണക്കുകള്‍ കൊടുത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പല തവണ പ്രതികാരനടപടിയിട്ടുണ്ടായിട്ടുണ്ട്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ ഉപഭോഗചെലവ് സര്‍വേ കണക്കുകള്‍ അതൃപ്തിക്ക് കാരണമായിരുന്നു. 2019ല്‍ തൊഴിലില്ലായ്മ ഡാറ്റ സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് അത് പുറത്തുവിട്ടത്. ഈ നടപടി ദേശീയ സ്റ്റാസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചിരുന്നു. ഇതില്‍ ഉന്നത സ്റ്റാസ്റ്റിക്കല്‍ ബോഡിയുടെ ആക്ടിങ് ചെയര്‍മാന്‍ പി സി മോഹനനും ഉണ്ടായിരുന്നു. കമ്മീഷന്‍ കണക്കുകള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും തീരുമാനങ്ങള്‍ പരിഗണിക്കുന്നില്ലെന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി സി മോഹനൻ അന്ന് രാജിവയ്ക്കുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ നടക്കേണ്ട സെന്‍സസും ഇതുവരെ നടന്നിട്ടില്ല. 2021ലാണ് ഇത് നടക്കേണ്ടിയിരുന്നത്. 150 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സെന്‍സസ് മാറ്റിവയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in