മെഹുല്‍ ചോക്‌സി
മെഹുല്‍ ചോക്‌സി

സിബിഐക്ക് തിരിച്ചടി; മെഹുൽ ചോക്സിക്കെതിരായ നോട്ടീസ് പിൻവലിച്ച് ഇന്റർപോൾ

ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ഇത് തടസമായേക്കില്ല
Updated on
1 min read

പിഎന്‍ബി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മെഹുല്‍ ചോക്‌സിയെ ഇന്റര്‍പോള്‍ റെഡ് കോർണർ നോട്ടീസ് പട്ടികയില്‍നിന്ന് ഒഴിവാക്കി. മെഹുൽ ചോക്സിയുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി. ഇതോടെ, ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്ക് ഇനി ഏത് രാജ്യത്തേക്കും പോകാൻ കഴിയും. അതേസമയം ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ഇത് തടസമായേക്കില്ല. എന്നാൽ സിബിഐ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിടുകയായിരുന്നു.

2018 ഡിസംബറിലാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇതിനെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചോക്‌സി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും സിബിഐ അതിനെ എതിർത്തിരുന്നു. വജ്ര വ്യാപാരിയായിരുന്ന ചോക്‌സി കേസ് നേരിട്ടതോടെ രാജ്യത്തുനിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ആന്‌റിഗ്വന്‍ പൗരത്വം സ്വീകരിച്ചു.

2021 ജൂണില്‍ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ആന്റിഗ്വ ഹൈകോടതിയിൽ ചോക്സി ഹർജി നൽകിയിരുന്നു. കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതി ചേര്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നീട് ആന്റിഗ്വൻ പൗരനായി മാറിയ ചോക്‌സിയെ കൈമാറാൻ ഇന്ത്യ ആന്റിഗ്വയോട് അഭ്യർത്ഥിച്ചിരുന്നു. ചോക്‌സി നിലവിൽ ഇന്ത്യൻ പൗരനല്ലെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സിബിഐ ഈ തട്ടിപ്പില്‍ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ പ്രത്യേകം കേസാണ് എടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in