'മതവിദ്വേഷമല്ല, ലക്ഷ്യം കുകികളുടെ വംശീയ ഉന്മൂലനം;' മണിപ്പൂർ കലാപത്തിന്റെ നേർചിത്രം പങ്കുവച്ച് മനുഷ്യാവകാശ പ്രവര്‍ത്തക
മണിപ്പൂരിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ മണിപ്പൂരിലെ മനുഷ്യാവകാശ സംഘടനയായ കുകി വിമൺസ് അസോസിയേഷന്‍ ഫോർ ഹ്യുമന്‍ റൈറ്റസ് (KWAHR) സെക്രട്ടറിമാരിൽ ഒരാളുമായി വിശാൽ ഉഷ ഉദയകുമാർ (സോഷ്യൽ വർക്ക് വിദ്യാർഥി, Brunel University London) നടത്തിയ ടെലിഫോണിക് അഭിമുഖത്തിന്റെ പൂർണ രൂപം (വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല).
മെയ് മാസം മുതൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഈ പ്രശ്നത്തിന് വ്യത്യസ്ത കോണുകളുണ്ട്. ഏതെങ്കിലും ഒരു കാരണം കൊണ്ട് അത് വിവരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരു വശം ചരിത്രപരമാണ്, മറ്റൊരുവശം ഇപ്പോൾ മണിപ്പൂർ ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റേതുമാണ്. സുപ്രധാനമായ ഒരു കാര്യം, എങ്ങനെയാണ് പുതിയ വെറുപ്പിന്റെ ചരിത്ര ആഖ്യാനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ആളുകളെ ഭിന്നിപ്പിക്കുന്നത് എന്നതുമാണ്.
മുഖ്യധാര മാധ്യമങ്ങൾ എങ്ങനെ ഈ വെറുപ്പിനെ വളർത്തുന്നു എന്നതും ഒരു കാര്യമാണ്. സാമ്പത്തികമായ വശം എടുത്താൽ ഭൂമികയ്യേറാനുള്ള തല്പര ചിന്തകളും ഇതിൽ കാണാം. അധികാരം കയ്യാളുന്നവർ ഒരു സമൂഹത്തിന്റെ ചരിത്രം തന്നെ തുടച്ചുനീക്കാനുള്ള ശ്രമമായി ഇതിനെ കാണാൻ കഴിയും. ഞങ്ങൾ ഈ മണ്ണിലാണ് കാലങ്ങളായി കഴിയുന്നത്. 10 ശതമാനം വരുന്ന മണിപ്പൂർ താഴ്വാരത്തിന്റെ ജീവിതാവസ്ഥയല്ല കുകി വിഭാഗം അധിവസിക്കുന്ന ഹിൽ പ്രദേശങ്ങളിൽ ഉള്ളത്. വാലി മേഖലയിലെ ഭൂമിയുടെ മൂല്യമായാലും, അധികാരം ആണെങ്കിലും, അവസരങ്ങൾ ആയാലും എല്ലാം വളരെ മുന്നാക്കം നിൽക്കുന്നതാണ്. മെയ്‌തി വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് വാലിയിലും കുകി, നാഗാ വിഭാഗങ്ങൾ ഹില്‍ ജില്ലകളിലുമാണുള്ളത്. ഭരണഘടനയുടെ ആർട്ടിക്കിൾ 371 സി നൽകുന്ന ഹിൽ മേഖലയിലെ ഭൂമിയുടെ സംരക്ഷണം ഇപ്പോൾ എടുത്തു കളയാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് സംശയിക്കാം. കുകികളെ അനധികൃത കുടിയേറ്റക്കാർ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കുക്കി വിഭാഗം പങ്കെടുത്ത ആംഗ്ലോ കുകി യുദ്ധവും, ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിമരിച്ചവരോടുമുള്ള ചരിത്ര വസ്തുതയുടെ വിസ്മരിക്കലാണ്.
മെയ്തികളും കുകികളും മണിപ്പൂരിന്റെ ചരിത്രം തന്നെ പങ്കിടുന്നവരായിരിക്കെത്തന്നെ ഈ സംഘർഷങ്ങൾ വിരൽചൂണ്ടുന്നത് സഹാനുഭൂതി നഷ്ടപ്പെട്ടതിനെയാണോ? ഒരു മനുഷ്യാവകാശ സംഘടന എന്ന നിലയിൽ ഇതിനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
വളരെ വേദനയോടെയാണ് ഇതെല്ലാം കാണേണ്ടി വരുന്നത്. സ്ത്രീകൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ അത്രമാത്രം തീവ്രമാകും എന്ന് ഒരിക്കലും കരുതിയില്ല. മെയ് 3ന് തുടങ്ങിയ സംഘർഷം, മെയ് 4 ആയപ്പോൾ സ്ത്രീകൾക്കെതിരെയുള്ള വലിയ അക്രമണമായിമാറി. മെയ്തികൾ ഇപ്പോൾ ചില ആരോപണങ്ങൾ കുക്കികൾക്കെതിരെ ഉന്നയിക്കുന്നു. എന്നാൽ വസ്തുതകൾ നോക്കിയാൽ വാസ്തവം അങ്ങനെ അല്ല എന്ന് കാണാം. ഞാൻ കുകി വിഭാഗത്തിന്റെ പക്ഷം ചേർന്ന് പറയുകയല്ല. കുകികളെ ആക്രമിക്കുന്നതിന് ഇതിനു മുൻപും Rape Culture ഉപയോഗിച്ചിട്ടുണ്ട്. 2006ൽ മണിപ്പൂരിലെ പാർബുങ്കിൽ മെയ്തി തീവ്രവാദികൾ കുകി സ്ത്രീകൾക്ക് എതിരെ നടത്തിയ അക്രമവും ബലാത്സംഗവും ഇതിനു തെളിവാണ്. ശിക്ഷിക്കപെടില്ല എന്ന ബോധ്യമുള്ളപോലെയാണ് വീണ്ടും അക്രമങ്ങൾ അഴിച്ചു വിടുന്നത്. ഇതിനെ ഒരു 'Act of Superiority' എന്ന രീതിയിൽ തന്നെ കാണണം.
സ്ത്രീകളെ ആക്രമിക്കുന്ന വളരെ ദൗർഭാഗ്യകരമായ വീഡിയോകളാണ് പുറത്തു വന്നത്. ഒരു പക്ഷെ വീഡിയോകൾ പുറത്തു വന്നില്ലായിരുന്നു എങ്കിൽ ഈ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. ഈ ഞെട്ടിപ്പിക്കുന്ന വീഡിയോകൾ വന്നുകഴിഞ്ഞപ്പോൾ ഭരണകൂടത്തിനു ഒന്നും മറച്ചുവക്കാനും കഴിയില്ലല്ലോ!
മണിപ്പൂർ സന്ദർശിച്ച പല രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പറയുന്നതും നമ്മൾ ഇപ്പോൾ കാണുന്നതും മണിപ്പൂരിൽ സ്ത്രീകളെ ആക്രമിച്ചുകൊണ്ടു പ്രതികാരം തീർക്കുന്നു എന്ന പോലെയാണ് കാര്യങ്ങൾ എന്നാണ്. താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
പ്രതികാരം എന്തിന്റെ പേരിലാണ് നടക്കുന്നത് എന്നാണ് മനസിലാകാത്തത്. മെയ്തി സ്ത്രീകൾക്കെതിരെ നടന്ന എന്ത് ആക്രമമാണ് ഇങ്ങനെ ഒരു പ്രതികാരത്തിന് കാരണം? ഈ സംഘർഷങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വസ്തുതാപരമല്ലാത്ത വാർത്തകൾ മെയ്തി സ്ത്രീകളെ ആക്രമിച്ചു എന്ന രീതിയിൽ ചിലർ പ്രചരിപ്പിച്ചു. അപ്പോഴേക്കും ഇന്‍റർനെറ്റും റദ്ദാക്കപ്പെട്ടു.
ആളുകൾക്ക് ബന്ധപ്പെടാൻ എല്ലാ മാർഗവും അടഞ്ഞു. ഞാൻ ആ ദിവസം ഒരു മെയ്തി കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ഞാൻ പോയ ജില്ലയിൽ ഒരു മെയ്തി കുടുംബം എനിക്ക് അഭയം തന്നു. ആരെയും കോൺടാക്ട് ചെയ്യാനുള്ള മാർഗം അപ്പോഴേക്കും അടഞ്ഞു. എന്തുവേണമെങ്കിലും ഞങ്ങൾക്ക് അപ്പോൾ സംഭവിക്കാമായിരുന്നു. ഇതിനിടയിൽ ഒരു മെയ്തി പെൺകുട്ടി അക്രമായിക്കപ്പെട്ടു എന്നും, അവരെ ഇൻഫലിലുള്ള ഷീജ ആശുപത്രിയിൽ എത്തിച്ചു എന്നുമൊക്കെ വ്യാജ വാർത്ത പടർന്നിരുന്നു. എന്നാൽ പിന്നീട് ആശുപത്രി തന്നെ ഈ വാർത്തകൾ നിഷേധിച്ചു. പിന്നീട് നമ്മൾ കണ്ടത് വലിയ തോതിലുള്ള അക്രമങ്ങളാണ്. കുകികൾക്കെതിരെ നടന്നത് അവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്ന രീതിയിൽ ഉള്ള അക്രമമാണ്.
കുക്കി വിഭാഗത്തിനെ ഉന്നം വച്ചുള്ള ഒരു ആക്രമണം ആണ് നടന്നിരിക്കുന്നത്. അവർ മാത്രമുള്ള ഗ്രാമങ്ങളെ ഒന്നാകെ ചുട്ടു കരിച്ചപ്പോൾ മറ്റു വിഭാഗങ്ങൾ കൂടി കലർന്ന് താമസിക്കുന്ന ഇടങ്ങളിൽ കുകികളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ് ഉണ്ടായത്
മണിപ്പൂരിൽ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം, സ്ത്രീകൾ ഒരു വശത്ത് അതിക്രമത്തിന് വിധേയരാകുമ്പോൾ മറ്റൊരു വശത്ത് സ്ത്രീകൾ തന്നെ ആക്രമത്തിന് നേതൃത്വം കൊടുക്കുന്നു എന്നതാണ്. Meira Paibis എന്ന മെയ്തി വനിതാ സംഘടന ഉൾപ്പെടെ വലിയ വിമർശനങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ ഇരുപക്ഷത്തുമുള്ള സ്ത്രീകൾ ഒരുതരം ഏറ്റുമുട്ടലിലാണെന്നു പറയാൻ സാധിക്കുമോ?
വളരെ ദൗർഭാഗ്യകരമായ കാര്യമാണ് നടക്കുന്നത്. ഇംഫാലിൽ അകപ്പെട്ടുപോയ കുകി സ്ത്രീകളുടെ കാര്യം അത്രമാത്രം ദൗര്‍ഭാഗ്യകരമായിപ്പോയി. ഇംഫാലിൽ പല ഇടങ്ങളിലായി കുക്കി ജനവിഭാഗവുമുണ്ട്. തൊഴിലിനായും, ബിസിനസ്സിനായും മറ്റും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരാണവർ. വലിയ തോതിലുള്ള അസമത്വമാണ് കുകി വിഭാകത്തിന്‍റെ ജില്ലകൾ നേരിടുന്നത്. വികസനം എന്ന് വച്ചാൽ വലിയ കെട്ടിടങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്. വികസനം വികേന്ദ്രീകരിക്കുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ സംസഥാനം എന്ന നിലയിൽ മണിപ്പൂരിൽ ഇൻഡസ്ട്രീസ് അധികമില്ല. അടിസ്ഥാനപരമായ ആശുപത്രി സൗകര്യങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങൾ അങ്ങനെ ഉള്ളവയെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഉദാഹരണത്തിന്, 2016ൽ പുതിയ ചില കുകി ജില്ലകൾ നിലവിൽ വന്നു. എന്നാൽ ഒരു തരത്തിലുമുള്ള സൗകര്യങ്ങൾ ഇവിടെ മെച്ചപ്പടുത്തിയില്ല. കാങ്‌പോക്പി ജില്ലയിൽ ഒരു കമ്മ്യൂണിറ്റി സെന്‍റെറിൽ ഒതുങ്ങിയ ആരോഗ്യ സൗകര്യങ്ങളാണ് കിട്ടിയത്. അത് ആശുപത്രിയാക്കി എന്നുള്ളത് പേപ്പറിൽ മാത്രം കാണാം.
ഭയത്തിന്റെ കാര്യം എടുത്താൽ, ഒരു രീതിയിലും ഇംഫാൽ വാലി മേഖലയിൽ പോകാനേ സാധിക്കില്ല. അത്രമാത്രം അക്രമങ്ങൾ നേരിടുന്നു. അത് ഇപ്പോഴും തുടരുകയാണ്. അവിടുത്തെ മാധ്യമങ്ങളിൽ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു എന്ന് കാണാം. കാരണം അക്രമം നേരിടുന്നത് അവരല്ലല്ലോ! ഇംഫാലിൽ കുകികളുടെ വീടുകളെല്ലാം ചുട്ടെരിച്ചു. ആളുകൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. അവിടെ സ്ത്രീകൾ അക്രമണങ്ങൾക്ക് തീവ്ര ഗ്രൂപ്പുകളോടൊപ്പം നേതൃത്വം കൊടുത്തു എന്നത് ഭയപ്പെടുത്തുന്നു. മെയ് 4, 5 തീയതികളിൽ കുകി വിഭാഗം ജനങ്ങൾ ആർമി ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയുണ്ടായത് സംസഥാനഭരണകൂടം അക്രമം തടയാൻ കാര്യക്ഷമമായി ഇടപെടാഞ്ഞതുകൊണ്ടാണ്. ഇങ്ങനെ സംഭവിച്ചു എന്നുപോലും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
പല മാധ്യമങ്ങളിലും കണ്ടത് ഇന്‍റർനെറ്റ് ഇല്ലാതെ വന്നതോടുകൂടി രക്ഷപെടാനുള്ള വഴികൂടി കുക്കി വിഭാഗത്തിന് പ്രത്യേകിച്ചു, സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ പുറത്തു വരുന്നതിൽ പ്രയാസമുണ്ടാക്കി എന്നാണ്. അത് ഒരു വസ്തുതയല്ലേ?
തീർച്ചയായും അത് വളരെ ശെരിയാണ്. ഞങ്ങളെ പ്രതിനിധീകരിക്കാൻ സത്യത്തിൽ മാധ്യങ്ങൾ കുറവാണ്. മുഖ്യധാരാ പേപ്പറുകളും, ചാനലുകളും കുകി ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെ കേട്ടതുമില്ല. അവർ പലരും പ്രചരിപ്പിക്കുന്നത് കുകി ജില്ലകളിൽ തീവ്രവാദികളാണ് എന്നാണ്. അവർ കുകി ഗോത്ര വിഭാഗത്തെ തന്നെ 'terrorise' ചെയ്യുകയാണ്. മറ്റൊന്ന് നാർക്കോട്ടിക് എന്ന നരേറ്റിവ് ആണ്. പക്ഷെ ഇവിടെ നടക്കുന്നത് ' വംശീയ ഉന്മൂലനം' എന്ന് തന്നെ പറയാം. ഈ ആക്രമിക്കപ്പെട്ട സ്ത്രീകളാണോ തീവ്രവാദികൾ? അവർ രക്ഷപെടാൻ സാധിക്കാതെ പോയ ഇരകളാണ്. എല്ലാ രീതിയിലുമുള്ള ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലമാക്കിയപ്പോൾ തന്നെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി.
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭൂരിപക്ഷ മെയ്‌തി വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് നടപ്പിലാക്കുന്നത്
ഈ വിഷയത്തിൽ സംസ്ഥാന ഭരണ നേതൃത്വത്തിന്റെ ഇടപെടൽ എങ്ങനെ വിലയിരുത്തുന്നു?
വെറും 16 ശതമാനം കുകി ജനവിഭാഗം മാത്രമാണ് ഇവിടെ ഉള്ളത്. അവരല്ല ഇവിടുത്തെ ഭരണം കയ്യാളുന്നത്. നമ്മൾ ഒരു ജനാധിപത്യ രാജ്യമാണ് എന്നാണ് പറയുന്നത്. പക്ഷേ, ശരിക്കും അധികാരം ഭൂരിപക്ഷത്തിന്‍റെ കയ്യിലാണ് ഇപ്പോഴും. അവർ ഏത് പാർട്ടിയിലാണെങ്കിലും അധികാരവും നിയമങ്ങളും അവർ നിശ്ചയിക്കുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. ആ സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിന്നത് നമ്മൾ അറിഞ്ഞല്ലോ. അത്രത്തോളം സുരക്ഷിതത്വമില്ലായ്മയാണ് ഉള്ളത്.
സർക്കാരിന്റെ ഭാഗത്തു നിന്നും അരിയും ദാലുമാണ് കിട്ടുന്നത്. ഇരുന്നൂറും മുന്നൂറും അഞ്ഞൂറും ആളുകളുള്ള ക്യാമ്പുകളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ദുഷ്കരവുമാണ്. മഴ കൂടുതലുള്ള ഒരു പ്രദേശം എന്ന നിലയിൽ പ്രശ്നം കൂടുതൽ ദുസ്സഹമാണ്
നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടു, നിരവധി ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടു. പല കോണുകളിൽ നിന്നും ഇതിനെ ഒരു ഹിന്ദു -ക്രിസ്ത്യൻ പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ഒരു മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ എന്താണ് നിങ്ങൾ അവിടെ കാണുന്നത്?
ഗോൾ പോസ്റ്റ് മാറ്റുന്നത് ഭരണകൂടത്തിന് എപ്പോഴും എളുപ്പമാണല്ലോ! നോക്കു, കുകികളും നാഗ വിഭാഗവും ഏറെക്കുറെ ക്രിസ്ത്യൻ മത വിശ്വാസികളാണ്. എന്നാൽ ഇവിടെ നടക്കുന്നത് 'എത്നിക് ക്ലെൻസിങ്' ആണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ഭൂരിപക്ഷം ഹിന്ദു വിഭാഗത്തിനെ സ്വാധീനിക്കാനാണ് ഇത്തരം മാധ്യമ ആഖ്യാനങ്ങൾ എന്നാണ് ഞാൻ കരുതുന്നത്. വർഗീയ വിദ്വേഷം വിളമ്പുന്നവർ എന്തുകൊണ്ടാണ് നാഗ പള്ളികൾ അക്രമിക്കാതെ കുകി പള്ളികൾ മാത്രം ചുട്ടെരിച്ചത് കാണാതെ പോകുന്നത്? അപ്പോൾ എങ്ങനെയാണു ഇതുമൊത്തത്തിൽ ഒരു മതപരമായ പ്രശ്നം ആകുന്നത്? കുകി വിഭാഗത്തിനെ ഉന്നം വച്ചുള്ള ഒരു ആക്രമണം ആണ് നടന്നിരിക്കുന്നത്. അവർ മാത്രമുള്ള ഗ്രാമങ്ങളെ ഒന്നാകെ ചുട്ടു കരിച്ചപ്പോൾ മറ്റു വിഭാഗങ്ങൾ കൂടി കലർന്ന് താമസിക്കുന്ന ഇടങ്ങളിൽ കുകികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണുണ്ടായത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത് ആ വിഡിയോകൾ വൈറൽ ആയതിനു ശേഷമാണ്. ഒരു കുകി വനിത എന്ന രീതിയിലും, മനുഷ്യാവകാശ പ്രവർത്തക എന്ന പേരിലും ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
എനിക്ക് തോന്നുന്നത് മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി ഒരു പ്രശ്നമായി കണക്കിലെടുത്തില്ല എന്നാണ്. അങ്ങനെ ആയിരുന്നെങ്കിൽ നേരത്തെ തന്നെ ഒരു പ്രതികരണം ഇതിൽ ഉണ്ടായേനെ. സ്‌ത്രീകളെക്കുറിച്ചു മാത്രമല്ലല്ലോ പ്രശ്നം. എല്ലാ തരത്തിലുമുള്ള പ്രശ്നനങ്ങൾ കുകി വിഭാഗം നേരിടുന്നു. തുടക്കത്തിൽ തന്നെ ഇതിനെ കുറിച്ചു സംസാരിക്കാൻ ആരുമുണ്ടായില്ല. കുകികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു അഭിവാജ്യ ഘടകമേ അല്ലല്ലോ! കുകികൾ ഒരു വലിയ വോട്ട് ബാങ്കും അല്ലല്ലോ!
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ എപ്പോഴും ഭൂരിപക്ഷ മെയ്‌തി വിഭാഗത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് നടപ്പിലാക്കുന്നത്. കുകി വിഭാഗത്തിന്‍റെ കരച്ചിലുകൾ കേട്ടില്ല എന്ന് നടിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ ചെയ്തത്. ആ വിഡിയോകൾ പുറത്തു വിന്നില്ലായിരുന്നു എങ്കിൽ ലോകം ഈ പ്രശ്നത്തിന്‍റെ തീവ്രത അറിയില്ലായിരുന്നു. കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇത്ര നിഷ്ക്രിയരായി നിന്നു എന്നുള്ളത് നിഗൂഢമായ കാര്യമാണ്. 34 വയസുള്ള ഒരു യുവാവിന്റെ തലയറുത്തതുൾപ്പെടെ നിരവധി ദുഖകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. നിയമ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. ഹൃദയഭേദകരം എന്നല്ലാതെ എന്ത് പറയാൻ. സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നത് സ്ത്രീകളെ ആക്രമിച്ചത് പുതിയ സംഭവം അല്ല എന്നാണ്.
മണിപ്പൂരിനെ സംബന്ധിച്ചു പാർലമെന്റിൽ നടന്ന ചർച്ച നീതി ലഭിക്കുമെന്ന പ്രതീക്ഷ തരുന്നതാണോ ?
പ്രതിപക്ഷം ഈ പ്രശ്നത്തെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചു. എന്നാൽ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് പ്രതീക്ഷയ്ക്ക് വക നൽകുന്ന പ്രതികരണം ഉണ്ടായോ എന്നത് സംശയമാണ്. അതോടൊപ്പം ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നും അനധികൃത കുടിയേറ്റക്കാരാണ് പ്രശ്നക്കാർ എന്ന രീതിയിൽ പ്രസ്താവന വരികയും ചെയ്തു. എല്ലാവരും കണ്ടതാണ് സേനയുടെ ആയുധങ്ങൾ മെയ്തി തീവ്ര വിഭാഗത്തിൽ പെട്ടവർ കൊള്ളയടിക്കുന്നതും അത് ഉപയോഗിക്കുന്നതും. സീറോ എഫ്ഐആറുകൾ ഹിൽ ജില്ലകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നാൽ അക്രമികൾ ഇംഫാൽ മേഖലയിലും. ആക്രമണത്തിന് വിധേയരാവര്‍ക്ക് നീതി വിദൂരമാണെന്ന് വേണമെങ്കിൽ ഇപ്പോൾ പറയാം. വലിയ നിസ്സഹായാവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ഇപ്പോൾ മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്?
എന്തുപറയാനാണ്, നിരാശാജനകം എന്നല്ലാതെ! പലായനം ചെയ്യപ്പെട്ടവർ ഇപ്പോൾ പള്ളികളിലോ, സ്കൂളുകളിലോ പൊതു കെട്ടിടങ്ങളിലോ ആണ്. നേരത്തെ പ്രൈവറ്റ് സ്കൂളുകളിൽ ഉണ്ടായിരുന്നവരെ പിന്നീട് അവിടെ നിന്നും മാറ്റി. പക്ഷെ ഈ ഇടങ്ങളൊന്നും ഇത്രയും ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഇടങ്ങളേയല്ല. ചെറിയ സ്ഥലങ്ങളിൽ ആണ് ഇരുപതും മുപ്പതും കുടുംബങ്ങൾ ഒരു സൗകര്യങ്ങളും ലഭിക്കാതെ നരകിച്ചു കഴിയുന്നത്. ചെറിയ കമ്മ്യൂണിറ്റി ഹാളുകളിൽ തികച്ചും ആരോഗ്യകരമല്ലാത്ത രീതിയിൽ ആളുകൾ തിങ്ങി നിറഞ്ഞാണ് കഴിയുന്നത്. വേണമെങ്കിൽ നരകിക്കുയാണിവിടെ മനുഷ്യർ എന്ന് പറയാം. ഇത് ഇപ്പോൾ നാല് മാസം ആകുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നുമില്ല. സർക്കാരിന്റെ ഭാഗത്തു നിന്നും അരിയും ദാലുമാണ് കിട്ടുന്നത്. ഇരുന്നൂറും മുന്നൂറും അഞ്ഞൂറും ആളുകളുള്ള ക്യാമ്പുകളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ അപര്യാപ്തമാണ്. മഴ കൂടുതലുള്ള ഒരു പ്രദേശം എന്ന നിലയിൽ പ്രശ്നം കൂടുതൽ ദുസ്സഹമാണ്. NGO കൾ സാനിറ്ററി പാഡുകളും കുട്ടികൾക്കുള്ള ഡയപ്പറുകളും ലഭ്യമാക്കുന്നുണ്ട്. ചില സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാൽ എല്ലായിടത്തും അങ്ങനെ അല്ല. ഇപ്പോൾ ആരാണ് ഭരണം നടത്തുന്നത് എന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്.
സർക്കാരിന്റെ ഭാഗത്തുനിന്നും അരിയും ദാലുമാണ് കിട്ടുന്നത്. ഇരുന്നൂറും മുന്നൂറും അഞ്ഞൂറും ആളുകളുള്ള ക്യാമ്പുകളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ദുഷ്കരവുമാണ്. മഴ കൂടുതലുള്ള ഒരു പ്രദേശം എന്ന നിലയിൽ പ്രശ്നം കൂടുതൽ ദുസ്സഹമാണ്.
മനുഷ്യാവകാശ പ്രകർത്തകർ എന്ന നിലയിൽ ബാധിക്കപ്പെട്ടവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചു എന്താണ് പറയാനുള്ളത്?
വല്ലാത്ത മാനസിക സംഘർഷമാണ് ഇവിടെ. തങ്ങളുടെ പാർപ്പിടങ്ങൾ തകർക്കപ്പെട്ടു ഇനി എന്ത് എന്നറിയാതെ നിസ്സഹായാവസ്ഥയിൽ കഴിയുകയാണ് ഇവിടെ ഈ മനുഷ്യർ. ക്യാമ്പുകളിൽ നിരന്തരം പോകുന്ന ഒരാൾ എന്ന നിലയിൽ അവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ തളർന്നു പോകുകയാണ്. ഇപ്പോൾ നമ്മൾ കാണുന്നത് ഈ അക്രമങ്ങൾ അവസാനിക്കുന്നില്ല എന്നാണ്. അങ്ങനെ ഉള്ളപ്പോൾ ഈ പ്രശ്നത്തിന് ഒരു അറുതി ഉണ്ടാകുന്നുമില്ല. എന്‍ജിഒകൾ ചില കൗൺസിലിങ് സഹായങ്ങൾ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹായങ്ങൾ വരുന്നു. ഒരുപാടു ആളുകൾ സന്ദർശിക്കാൻ എത്തുന്നു. പ്രശ്നങ്ങൾ മനസിലാക്കാനും ചേർന്ന് നിൽക്കാനും അവർ മനസുകാണിക്കുന്നുണ്ട്. എന്നാല്‍ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹാനുഭൂതി ഇതിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
എന്റെ ജില്ലയിൽ മാത്രം പതിനായിരം പേരുള്ള 52 ക്യാമ്പുകളുണ്ട്. ചുരാചന്ദ്പുർ ജില്ലയിൽ ഒരുപാട് ക്യാമ്പുകൾ ഇപ്പോൾ തന്നെ ഉണ്ട്. ഞങ്ങൾ ക്യാമ്പുകളിൽ സാധനങ്ങൾ കൊണ്ടുപോകുകയോ, സന്ദര്‍ശകരോടൊപ്പമോ ആണ് എത്തുന്നത്. മാസങ്ങളായി ഇവിടെയുള്ളവർ ചോറും ദാലും കഴിച്ചാണ് കഴിയുന്നത്. വലിയ പോഷക ആഹാര പ്രശ്നമാണ് ഇവിടെ ഉള്ളത്. ഞങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളെയും, അമ്മമാരെയുമെല്ലാം സഹായിക്കാൻ ശ്രമിക്കുകയാണ്.
ഇനി മുന്നോട്ട് എന്താണ് മണിപ്പൂരിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത്?
സംസ്ഥാനം എന്ന നിലയിലേക്ക് ചർച്ചകൾ എത്തിച്ചേർന്നിരിക്കുന്നു. പൊതുവെ ഒരു അവിശ്വാസത്തിന്റെ നിഴൽ നിലനിൽക്കുന്നു. എന്നാൽ എന്താണ് ഇനി മുന്നോട്ട് എന്ന് ആർക്കും പറയാൻ കഴിയത്ത ഒരു അവസ്ഥയാണ്. സ്ത്രീകളെ ബലിയാടാക്കുന്ന ഒരു രീതിയാണ് ഇവിടെ കണ്ടത്. ഇംഫാല്‍ മേഖലയിൽ നിന്നാണ് ഇവിടേക്ക് മരുന്നുകൾ എത്തേണ്ടത്. എന്നാൽ അത് സംഘടിതമായി തടഞ്ഞു വയ്ക്കുകയാണ് ഇപ്പോൾ അവിടെ ചെയ്യുന്നത്. കുകി ജനങ്ങൾക്ക് തങ്ങളുടെ ജില്ലകളിൽ സഹായങ്ങൾ എത്തിക്കാൻ ഇപ്പോഴും പ്രയാസമാണ്. ഉദാഹരണത്തിന്, കാങ്‌പോങ്പി ജില്ലയിൽ നിന്ന് ചുരചൻപുരിൽ എത്തണമെങ്കിൽ ഇംഫാൽ വാലിയിലൂടെ പോകണം. എന്നാൽ മേയ്‌തികൾ ഉള്ള വാലിയിൽ ഒരു രീതിയിലും പ്രവേശനവും ഇല്ല. അത്കൊണ്ടുകൂടിയാണ് ഇപ്പോൾ ചുരാചന്ദ്പുർ ജില്ല മിസോറാമിനെ ആശ്രയിക്കുന്നത്. പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. ഭരണകൂടത്തോട് വിശ്വാസം ഉണ്ടാകണമെങ്കിൽ അവർ പ്രവർത്തിച്ചു തന്നെ തെളിയിക്കണം.