സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിക്കാനെത്തിയ പി ടി ഉഷയ്‌ക്കെതിരെ പ്രതിഷേധം
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്കെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ ജന്ദര്‍മന്ദറില്‍ പ്രതിഷേധം. പ്രതിഷേധിച്ചവരിലൊരാള്‍ ഉഷയുടെ വാഹനം തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചയാളെ പിടിച്ചുമാറ്റുകയായിരുന്നു.
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈഗിംകാരോപണമുയർത്തി പ്രതിഷേധിച്ചിരുന്ന ഗുസ്തി താരങ്ങളെ പിടി ഉഷ വിമര്‍ശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉഷയ്ക്കെതിരെ പ്രതിഷേധമുയർന്നത്.
ഗുസ്തിക്കാര്‍ തെരുവില്‍ സമരം നടത്തുന്നത് അച്ചടക്ക രാഹിത്യമാണെന്നും തെരുവിലെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നുമാണ് പി ടി ഉഷ ഗുസ്തി താരങ്ങള്‍ക്കെതിരെ പറഞ്ഞത്. ''താരങ്ങള്‍ തെരുവില്‍ സമരം ചെയ്യാന്‍ പാടില്ലായിരുന്നു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും അവര്‍ കാത്തിരിക്കണമായിരുന്നു. ഗെയിമിനും രാജ്യത്തിനും നല്ലതല്ല അവരുടെ പ്രവൃത്തി. ഇതൊരു നെഗറ്റീവ് സമീപനമാണ്,'' എന്നായിരുന്നു പി ടി ഉഷയുടെ വിമര്‍ശം.
ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മൂന്നു മാസത്തിനുശേഷം സമരം പുനരാരംഭിച്ചത്.
പി ടി ഉഷയുടെ വിമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഗുസ്തി താരങ്ങൾ ഉയർത്തിയത്. ഐഒഎ അധ്യക്ഷയില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് താരങ്ങളുടെ മറുപടി. ഒരു സ്ത്രീയായിട്ടു പോലും തങ്ങളെ കേള്‍ക്കാന്‍ ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് പിടി ഉഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി നല്‍കില്ലെന്നായിരുന്നു ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ആരോപണം. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ പിടി ഉഷ ഈ പ്രസ്താവന എന്ന സംശയവും വിനേഷ് ഫോഗട്ട് ഉയര്‍ത്തി. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും പി ടി ഉഷയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.