ഇന്ത്യയിലെ ഐഫോൺ പ്ലാന്റിനെതിരെ റോയിട്ടേഴ്‌സ് റിപ്പോർട്ട്; വിശദീകരണം തേടി സർക്കാർ
വിവാഹിതരായ സ്ത്രീകൾക്ക് ഇന്ത്യയിലെ ഐഫോൺ നിർമാണ പ്ലാന്റുകളിൽ ജോലി നൽകുന്നില്ലെന്ന് അന്താരാഷ്ട്ര വാർത്താ എജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിലുള്ള പ്ലാന്റിലാണ് വിവാഹിതരായ സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നത്.
അവിവാഹിതരായവരെക്കാൾ കൂടുതൽ കുടുംബ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് കാണിച്ചാണ് ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ് ജോലിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കമ്പനിയിലെ മുൻ ജീവനക്കാരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് കുടുംബ ചുമതലകൾ, ഗർഭധാരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിക്കുന്നത്. ഇതിന് പുറമെ കുഞ്ഞുങ്ങളുമായി എത്തുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതും വിവാഹിതരായ ഹിന്ദു മതവിശ്വാസികളായ സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങൾ ഉൽപാദനത്തെ ബാധിച്ചേക്കാമെന്നതും ഇത്തരത്തിൽ ജോലി നിഷേധിക്കാനുള്ള കാരണമായി സ്ഥാപനത്തിലെ എച്ച്ആർ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നേരത്തെ തായ്‌വാനിലും സമാനമായ നിലപാട് കമ്പനി സ്വീകരിച്ചിരുന്നെങ്കിലും തൊഴിലാളി ക്ഷാമം നേരിട്ടതിനെ തുടർന്ന് നിയമങ്ങളിൽ ഫോക്‌സ്‌കോൺ ഇളവ് വരുത്തിയിരുന്നു. വിവാഹം കഴിച്ച സ്ത്രീകളെ വിവാഹിതരല്ലെന്ന് ചൂണ്ടിക്കാട്ടി ചില ഏജൻസികൾ ജോലി നേടിക്കൊടുത്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ 2022 ലെ നിയമനത്തിലാണ് ഇത്തരത്തിലുള്ള പിഴവ് ഉണ്ടായതെന്നും ഇത്തരം വീഴ്ചകൾ പരിഹരിച്ചതായും ആപ്പിളും ഫോക്‌സ്‌കോണും റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ 2023 ലും 2024 ലും സമാനമായ വിവേചനം നടന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഫോക്സ്‌കോൺ ഉൾപ്പെടെയുള്ള തങ്ങളുടെ എല്ലാ വിതരണക്കാരും വിവാഹിതരായ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നുണ്ടെന്ന് ആപ്പിൾ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. വൈവാഹിക നില, ലിംഗഭേദം, മതം അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിവേചനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ ശക്തമായി നിരാകരിക്കുന്നുവെന്ന് ഫോക്സ്‌കോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു,
സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും വിശദീകരണം ചോദിച്ചെങ്കിലും പ്രതികരണം ലഭ്യമായിരുന്നില്ല. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് സർക്കാരിനോട് കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീരണം തേടിയിട്ടുണ്ട്.
1976ലെ തുല്യ വേതന നിയമത്തിലെ സെക്ഷൻ 5 പ്രകാരം സ്ത്രീ-പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ യാതൊരു വിവേചനവും കാണിക്കരുതെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയം വിശദീകരണം തേടിയത്.
ഇതിന് പുറമെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റീജിയണൽ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.