ട്രെയിന്‍
ട്രെയിന്‍

ഡേറ്റ വില്‍ക്കാന്‍ ഐആര്‍സിടിസിയും; യാത്രക്കാരുടെ സ്വകാര്യത പാളത്തിലോ?

ഐആര്‍സിടിസിയുടെ കൈവശമുള്ള യാത്രക്കാരുടെ ഡേറ്റ മറ്റു കമ്പനികള്‍ക്കു വിറ്റ് പണം സമാഹരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
Updated on
1 min read

റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനമായ ഐആര്‍സിടിസി തങ്ങളുടെ പക്കലുള്ള യാത്രക്കാരുടെ ഡേറ്റാ വിവരങ്ങള്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നു. വിവരങ്ങള്‍ കൈമാറാന്‍ റെയില്‍വേ അനുമതി നല്‍കിയതിനു പിന്നാലെ ഡിജിറ്റല്‍ മോണറ്റൈസേഷന്‍ സംബന്ധിച്ച സാധ്യതകള്‍ മനസിലാക്കാനും പ്രയോജനപ്പെടുത്താനുമായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിന് ഐആര്‍സിടിസി ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു.

റെയില്‍വെ ടിക്കറ്റ് സംവിധാനത്തിന്റെ 80 % വും കൈകാര്യം ചെയ്യുന്നത് ഐആര്‍സിടിസിയാണ്. അതിനാല്‍ത്തന്നെ ഇതുവരെ യാത്രചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കമ്പനിയുടെ കൈവശമുണ്ട്. ഡേറ്റാ വിവരങ്ങള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലുള്ള കമ്പനികള്‍ക്കു വില്‍ക്കുന്നതിലൂടെ 1000 കോടി രൂപയോളം സമാഹരിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം.

ഈ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ തന്നെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഐആര്‍സിടിസിക്കു ലഭിച്ചത്. ഓഹരി ഒന്നിന് 744 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

ഉപഭോക്തൃ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി ഡേറ്റ വിവരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നാണ് ഐആര്‍സിടിസിയുടെ വാദം. ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള അവസാന തിയ്യതി ഒഗസ്റ്റ് 29 ആണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2 ലക്ഷം രൂപ ഏണസ്റ്റ് മണി ഡപ്പോസിറ്റ് (ഇഎംഡി) നിക്ഷേപിക്കണം.

സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ നിലവിലുളള നിയമങ്ങള്‍ക്കും സുപ്രിം കോടതി വിധികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 42.75 കോടി ടിക്കറ്റുകളാണ് ഇന്ത്യന്‍ റെയില്‍വെ വിറ്റഴിക്കുന്നത്. അതുകെണ്ടുതന്നെ യാത്രക്കാരുടെ വയസ്സ്, പണമിടപാട് രീതി, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിങ്ങനെ വലിയ തോതിലുളള യാത്രാ വിവരങ്ങള്‍ ഐആര്‍സിടിസിയുടെ കൈയിലുണ്ട്.

യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിലൂടെ റെയില്‍വെ യുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരം, ആരോഗ്യ മേഖല, നിര്‍മ്മാണ മേഖല എന്നിങ്ങനെയുളള ബിസിനസുകള്‍ക്ക് സഹായകമാകുമെന്ന് റെയില്‍വെ വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in