അഞ്ച് സംസ്ഥാനം, 59 സീറ്റ്, സമവാക്യങ്ങള്‍ വ്യത്യസ്തം; 'ഇന്ത്യ'യില്‍ എഎപി-കോണ്‍ഗ്രസ് സീറ്റ് ധാരണയുടെ ഭാവിയെന്ത്?
ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷ ഐക്യം എന്ന ഇന്ത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യം ഫലം കാണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സമവായം അനിവാര്യമാണ്. ഇന്ത്യ എന്ന രാജ്യം പോലെ തന്നെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യ മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി തിരിച്ചടിച്ചേക്കാവുന്ന ഒന്നാണ് പ്രതിപക്ഷ ഐക്യ മുന്നണിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ചില പ്രതികരണങ്ങള്‍.
പശ്ചിമ ബംഗാളില്‍ സിപിഎമ്മിനെ കൂടെക്കൂട്ടാന്‍ മമത ബാനര്‍ജിയുടെ താത്പര്യക്കുറവ് മുന്നണി സമവാക്യത്തിലെ പ്രധാന കല്ലുകടികളിലൊന്നാണഅ. കേരളത്തിലേക്ക് എത്തിയാല്‍ ഭരണ പ്രതിപക്ഷമായി പരസ്പരം പോരടിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസും. ഇതിനിടെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നേതാക്കളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വേറെ.
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് ആവര്‍ത്തിക്കുന്നുണ്ട് കോണ്‍ഗ്രസ്സും എഎപിയും. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഒരു കൃത്യമായ ധാരണയിലെത്തുകയെന്നത് ഇരു വിഭാഗത്തെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമല്ല.
ദേശീയ പാര്‍ട്ടിയാകാന്‍ വെമ്പല്‍ കൊള്ളുന്ന ആംആദ്മി പാര്‍ട്ടിയാണ് ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന് പ്രധാന കല്ലുകടിയാവുക. അഞ്ച് സംസ്ഥാനത്തെ 59 സീറ്റിലാണ് കോണ്‍ഗ്രസും എഎപിയും തമ്മില്‍ ധാരണ ഉണ്ടാക്കേണ്ടത്. ഡല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സാഹചര്യങ്ങള്‍ സഹകരണത്തില്‍ പ്രധാനമായും പരിഗണിക്കപ്പെടണം.
ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് ആവര്‍ത്തിക്കുന്നുണ്ട് കോണ്‍ഗ്രസ്സും എഎപിയും. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഒരു കൃത്യമായ ധാരണയിലെത്തുകയെന്നത് ഇരു വിഭാഗത്തെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമല്ല. ഇതിനൊപ്പം ഇരു പാര്‍ട്ടികളിലെയും ഉള്‍പ്പോരും നേതാക്കളുടെ താത്പര്യങ്ങളും സഹകരണത്തെ സാരമായി ബാധിച്ചേക്കും.
പഞ്ചാബില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടല്‍ കരാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയ്യാറെടുക്കുമ്പോഴാണ് ആം ആദ്മിയുമായി സംഖ്യത്തിനില്ലെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം പ്രഖ്യാപിക്കുന്നത്. പഞ്ചാബില്‍ പാര്‍ട്ടിക്ക് ഊന്നുവടിയുടെ ആവശ്യമില്ലെന്നും നേതൃത്വം പുനര്‍വിചിന്തനം നടത്തണമെന്നുമാണ് പഞ്ചാബ് ഘടകത്തിലെ ഒരു വിഭാഗത്തിന്റെ വാദം. സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ഭരണകക്ഷിയായ എഎപിയുമായി ഉണ്ടാക്കുന്ന സഖ്യത്തിന് എതിരാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പഞ്ചാബിന് സമാനമായി തന്നെ ഡല്‍ഹി കോണ്‍ഗ്രസും ആംആദ്മിയുമായുള്ള സഖ്യത്തെ എതിര്‍ക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും അടിത്തറ ഒരുപോലെയാണെന്നും ഇരു പാര്‍ട്ടികളും ഒന്നിച്ചാല്‍ എഎപി ശക്തിപ്പെടുമെന്നും കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമെന്നുമാണ് ഡല്‍ഹി ഘടകം ചൂണ്ടിക്കാട്ടുന്നത്.
സീറ്റ് സഹകരണം
എട്ടിന് നടന്ന സീറ്റ് വിഭജന ചർച്ചകൾകൾ വിജയമായിരുന്നുവെന്നാണ് കോൺഗ്രസിന്റെയും ആംആദ്മിയുടെയും മുതിർന്ന നേതാക്കൾ സൂചിപ്പിച്ചത്. പൂർണമായും ഫലപ്രദമായ ചർച്ചകളാണുണ്ടായത് എന്നായിരുന്നു പ്രതികരണം. അശോക് ഗെഹ്‌ലോട്ട്, മോഹൻ പ്രകാശ്, സന്ദീപ് പഥക്, സൗരഭ് ഭരദ്വാജ് തുടങ്ങിയ നേതാക്കളാണ് ഈ ചർച്ചയിൽ പങ്കെടുത്തത്.
ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുമായി ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് എഎപി ഔദ്യോഗികമായി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബ് (13 ), ഡൽഹി (7 ), ഗുജറാത്ത് (26 ), ഗോവ (2 ), ഹരിയാന (10 ) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം. ഈ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഛത്തീസ്‌ഗഡിന് വേണ്ടിയും ചർച്ചകൾ നടന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
സീറ്റ് വിഭജനത്തിന്റെ മാനദണ്ഡം
സീറ്റ് വിഭജനത്തിന്റെ മാനദണ്ഡം എന്താണെന്നുള്ളതും സുപ്രധാനമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെയോ പ്രകടനമാണെങ്കിൽ കോൺഗ്രസിനാണ് മുൻതൂക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനമാണെങ്കിൽ ആം ആദ്മിക്കും. ഇരു കക്ഷികൾക്കും സ്വീകാര്യമായ ഒരു രീതി ഇതിൽ അവലംബിക്കേണ്ടി വരും.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ചേർന്ന് പഞ്ചാബിൽ ആകെ വോട്ട് വിഹിതത്തിന്റെ 65 ശതമാനവും നേടിയിരുന്നു. കോൺഗ്രസാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. അവർ ഒരുമിച്ചാൽ അകാലികൾക്ക് ഇടം തുറന്നു കൊടുക്കാൻ സാധ്യതയുണ്ട്. സീറ്റ് വിഭജന ചർച്ചകളുടെയും സഖ്യത്തിന്റെയും ഭാവി ഇരു കക്ഷികളുടെയും ചർച്ചകൾ തുടരുന്ന ഗതിക്ക് അറിയാൻ സാധിക്കും.
പഞ്ചാബിൽ സംഗ്രൂർ, ബതിന്ഡ, പട്യാല തുടങ്ങിയ സീറ്റുകളിൽ എഎപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. കോണ്‍ഗ്രസില്‍ ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പ്രണീത് കൗറും ഇല്ല. മറുവശത്ത്, ഗുരുദാസ്പൂരിലും ഹോഷിയാർപൂരിലും കോൺഗ്രസ് ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയേക്കും.
ഗുജറാത്തിൽ എഎപിക്ക് സീറ്റ് നൽകുന്നത് കോൺഗ്രസിന് എതിർപ്പില്ലെങ്കിലും ഗോവയിലും ഹരിയാനയിലും സ്ഥിതി സമാനമല്ല. ഹരിയാന നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത ആംആദ്മിക്ക് ലോക്സഭ സീറ്റ് നൽകുന്നതിൽ പാർട്ടിയിൽ തന്നെ പലയിടത്തും മുറുമുറുപ്പുണ്ട്. ഈ വർഷാവസാനം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യത്തെ നേരിട്ട് വിജയം വരിക്കാനും കോൺഗ്രസിന് പദ്ധതികൾ ഉണ്ടായതിനാൽ എഎപിയുടെ ഹരിയാന പ്രവേശനത്തെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നുമില്ല.
ഡല്‍ഹി
രണ്ട് പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം രൂപീകരിക്കാന്‍ ഏറ്റവും എളുപ്പമുള്ള സംസ്ഥാനം ഡല്‍ഹിയാണ്. എന്നാല്‍ എഎപിയോട് ഡല്‍ഹി കോണ്‍ഗ്രസിനുള്ള വിമുഖതയാണ് ഒരു വെല്ലുവിളി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴ് സീറ്റുകളും സ്വന്തമാക്കിയ ബിജെപി അന്‍പത് ശതമാനത്തിലധികം വോട്ടുകളും അക്കൗണ്ടില്‍ എത്തിച്ചു. കോണ്‍ഗ്രസും എഎപിയും ഒന്നിച്ചാല്‍ വലിയ മുന്നേറ്റമായിരിക്കും പ്രതിപക്ഷത്തിന് ഡല്‍ഹിയിലുണ്ടാക്കാന്‍ സാധിക്കുക.
ഗുജറാത്തിലും സ്ഥിതി സമാനമാണ്. ബിജെപിയുടെ അപരാജിത കുതിപ്പ് തടയാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവച്ച എഎപിക്കും കോണ്‍ഗ്രസിനും സാധിക്കും.