പുല്‍വാമ ഭീകരാക്രമണം: സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് ജമ്മു കശ്മീർ മുൻ ഗവർണർ

പുല്‍വാമ ഭീകരാക്രമണം: സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് ജമ്മു കശ്മീർ മുൻ ഗവർണർ

സര്‍ക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നും ആരോപണം
Updated on
2 min read

കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ അതീവ ഗുരുതര ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണർ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചയുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. വീഴ്ച മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടെന്നും സത്യപാല്‍ ആരോപിക്കുന്നു. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

'സര്‍ക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ചു. രാജ്യത്ത് നടക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് ഒരു വിഷയമല്ല. പ്രധാനമന്ത്രിക്ക് കശ്മീരിനെക്കുറിച്ച് യാതൊരു അറിവുമില്ല'. എന്നിങ്ങനെയാണ് മുൻ ഗവർണറുടെ ആരോപണങ്ങള്‍. 2019 ഫെബ്രുവരിയില്‍ പുൽവാമ ഭീകരാക്രമണം നടക്കുമ്പോഴും അതേ വർഷം ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും മാലിക് ആയിരുന്നു ജമ്മു കശ്മീർ ഗവർണർ.

പരുക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു

സത്യപാല്‍ മാലിക്

പുൽവാമയിലെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സിആർപിഎഫിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ചയാണെന്നാണ് ദീർഘമായ അഭിമുഖത്തിൽ മാലിക് വെളിപ്പെടുത്തുന്നത്. അന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങായിരുന്നു. സിആർപിഎഫിന്റെ 78 വാഹനങ്ങളാണ് ജവാന്മാരെ നീക്കാൻ റോഡുമാർഗം പോയത്. ഈ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഇത്രയേറെ സൈനികരെ മാറ്റാൻ , സിആർപിഎഫ് ആഭ്യന്തരമന്ത്രാലയത്തോട് വിമാനം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ കേന്ദ്രം തയ്യാറായില്ല. അഞ്ച് വിമാനങ്ങൾ അനുവദിച്ചാൽ മതിയെന്നിരിക്കെ അനുമതി നിഷേധിക്കുകയായിരുന്നു. ഇതാണ് ദൈർഘ്യമേറിയ വാഹനവ്യൂഹം റോഡ് മാർഗം പോകാൻ കാരണമായതും, ഭീകരാക്രമണത്തിലേക്ക് നയിച്ചതെന്നും സത്യപാൽമാലിക് വിശദീകരിക്കുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ കോർബറ്റ് പാർക്കിന് പുറത്തുവച്ച് പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഈ വീഴ്ചകളെല്ലാം നേരിട്ട് ചൂണ്ടിക്കാട്ടിയെന്നും എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാലിക് പറയുന്നു. അതിനെക്കുറിച്ച് സംസാരിക്കരുതെന്നാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പാകിസ്താന് മേൽ കുറ്റം ചുമത്തി സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് ഉടൻ തന്നെ താൻ മനസിലാക്കിയതായും മാലിക് പറഞ്ഞു. 300 കിലോഗ്രാം ആർഡിഎക്‌സ് സ്‌ഫോടക വസ്തുക്കളുമായി പാകിസ്താനില്‍ നിന്നെത്തിയ കാർ ആരും അറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതരമായ പരാജയമാണെന്നും മാലിക് പറഞ്ഞു.

87 അംഗ നിയമസഭയിൽ 56 പേരുടെ ഭൂരിപക്ഷം അവകാശപ്പെട്ടിട്ടും മെഹബൂബ മുഫ്തിയെ പുതിയ സർക്കാർ രൂപീകരിക്കാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മെഹബൂബ മുഫ്തിയുടെ അവകാശ വാദങ്ങള്‍ പൊള്ളയായിരുന്നു എന്നതാണ് 2018 നവംബറിൽ നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചതിന്റെ കാരണമെന്നാണ് മാലിക്ക് പറയുന്നത്. അതേസമയം തന്നെ, നാഷണൽ കോൺഫറൻസ് പോലെയുള്ള പാർട്ടികൾ കുതിരക്കച്ചവടം ഭയന്ന് നിയമസഭ പിരിച്ചുവിടാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും മാലിക പറയുന്നുണ്ട്. 

സ്‌ഫോടക വസ്തുക്കളുമായി പാക്കിസ്താനില്‍ നിന്നെത്തിയ കാർ ആരും അറിയാതെ ജമ്മു കശ്മീരില്‍ 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതരമായ പരാജയമാണ്

സത്യപാല്‍ മാലിക്

ജമ്മു കശ്മീർ ഗവർണറായിരുന്നപ്പോൾ ഹൈഡ്രോ-ഇലക്‌ട്രിക് പദ്ധതിക്കും റിലയൻസ് ഇൻഷുറൻസ് പദ്ധതിക്കും അനുമതി നല്‍കാനാവശ്യപ്പെട്ട് ബിജെപി- ആർഎസ്എസ് നേതാവ് രാം മാധവ് തന്നെ സമീപിച്ച വിവരം മാലിക് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. താൻ അത് നിരസിച്ചുവെന്നും ഒരു തെറ്റായ കാര്യവും ചെയ്യില്ലെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് പദ്ധതികള്‍ക്കും അനുമതി നല്‍കിയാല്‍ തനിക്ക് 300 കോടി രൂപയോളം ലഭിക്കുമെന്ന് പറഞ്ഞിരുന്നതായും മാലിക് പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റാണെന്നും ഉടൻ പുനഃസ്ഥാപിക്കണമെന്നും മാലിക് ആവശ്യപ്പെടുന്നുണ്ട്. അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് തീരെ ആശങ്കയില്ലെന്ന് പറഞ്ഞ മാലിക്, 2020 ഓഗസ്റ്റിൽ തന്നെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി മേഘാലയയിലേക്ക് അയച്ചത് നിരവധി അഴിമതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണെന്നും ആരോപിച്ചു. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള ആളുകൾ അഴിമതിയിൽ ഏർപ്പെടുകയാണ്. പലപ്പോഴും പ്രധാനമന്ത്രിയുടെ പേര് ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം അത് കാര്യമാക്കുന്നില്ലെന്നും മാലിക് കൂട്ടിച്ചേർത്തു. 

അദാനി അഴിമതിയെക്കുറിച്ച് രാഹുൽ ഗാന്ധി ശരിയായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും അവയ്ക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും മാലിക്

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ആരൊക്കെ കാണണം എന്നത് പോലും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും മാലിക് പറഞ്ഞു. താൻ ഗവർണറായിരിക്കുമ്പോൾ രാഷ്ട്രപതിയെ കാണാനായി ലഭിച്ച അപ്പോയിന്റ്മെന്റ് രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രാമധ്യേ അവസാന നിമിഷം റദ്ദാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ബിബിസി വിഷയത്തെ കൈകാര്യം ചെയ്ത രീതി  തെറ്റാണെന്നും മാലിക് പറഞ്ഞു. പ്രധാനമന്ത്രിയുടെയും പല മന്ത്രിമാരുടെയും മുസ്ലീം സമുദായത്തെ കുറിച്ചുള്ള നിലപാട് ശരിയായതല്ല. അദാനി അഴിമതി പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയായെന്നും ഇത് സാധാരണക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാനി അഴിമതിയെക്കുറിച്ച് രാഹുൽ ഗാന്ധി ശരിയായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും അവയ്ക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും മാലിക് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും പ്രത്യാഘാതങ്ങളെ കുറിച്ച് ആകുലപ്പെടുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും മാലിക് പറഞ്ഞു. എന്നാല്‍ തനിക്ക് ലഭിക്കുന്ന സുരക്ഷ ശക്തമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. അതില്‍ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in