മോദി ഒരു ജാതിയാണോ? എല്ലാ 'മോദി'മാരും ഒബിസിക്കാരാണോ?

മോദി ഒരു ജാതിയാണോ? എല്ലാ 'മോദി'മാരും ഒബിസിക്കാരാണോ?

ഗുജറാത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പാഴ്സികളും മോദിയെന്ന കുടുംബപ്പേര് ഉപയോഗിക്കുന്നുണ്ട്.
Updated on
3 min read

'എന്തുകൊണ്ടാണ് എല്ലാ കളളന്മാര്‍ക്കും മോദി എന്ന പേര്'- പ്രധാന മന്ത്രിയ്ക്ക് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പരാമര്‍ശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. 2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായി തീർന്നിരിക്കുന്നു ഈ വാക്കുകൾ.

കോടികള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളായ നീരവ് മോദിയെയും ലളിത് മോദിയെയും പരാമര്‍ശിച്ച് രാഹുല്‍ ഉയര്‍ത്തിയ പരിഹാസം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് വിലയിരുത്തിയാണ് രാഹുല്‍ ഗാന്ധിയെ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരമായിരുന്നു നടപടി. ഈ വിഷയത്തില്‍ അയോഗ്യതയും, വാക്ക്‌പോരും, നിയമ പോരാട്ടങ്ങളും തുടരുമ്പോള്‍ ഉയരുന്ന ഒരു ചോദ്യം കൂടിയുണ്ട്. 'മോദി' എന്നത് ഒരു സമുദായമാണോ എന്നാണത്.

നീരവ് മോദി
നീരവ് മോദി

മോദിയും വണിക്ക് സമുദായവും

ഒരു സമൂഹത്തെ ആകമാനം അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ രംഗത്തെത്തിയത്. "മോദി എന്ന് കുടുംബപ്പേരുള്ള ഏതൊരു വ്യക്തിയും മോദി സമാജ്- മോദ് വണിക്ക് സമുദായത്തിൽപ്പെട്ടയാളാണ്. ​ഗുജറാത്തിലാണ് ഈ സമുദായം കുടുതലായുള്ളത്, മറ്റ് സംസ്ഥാനങ്ങളിലും മോദി സമുദായക്കാർ ഉണ്ട്. 13 കോടി മോദി കുടുംബങ്ങളെ രാഷ്ട്രീയ സ്വാർത്ഥതയ്ക്കായി രാഹുൽ 'കളളൻ' എന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നു''- പൂർണേഷ് മോദി ആരോപിച്ചു. അതേസമയം, വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാഹുൽ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചത്.

പൂർണേഷ് മോദി
പൂർണേഷ് മോദി

മോദി സമുദായം ഉണ്ടെന്നതിന് തെളിവുകളില്ല

വാസ്തവത്തിൽ, “മോദി” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക സമൂഹം രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കിരിത് പൻവാല കോടതിയിൽ വാദിച്ചത്. മോദ് വണിക്ക് സമുദായത്തെ ‘മോദി’ സമൂഹം എന്ന് വിശേഷിപ്പിക്കുന്നത് പൂർണേഷ് മോദിയാണ്. നിലവിൽ അതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം കോടതിയില്‍ വാദമുയര്‍ത്തി. രാഹുൽ പറഞ്ഞ ഒരു വാചകം മാത്രം എടുത്ത് അപകീർത്തികരമായി കാണരുത്. ഒരു സമുദായത്തെയും അദ്ദേഹം അപമാനിച്ചിട്ടില്ല. മോദി എന്ന കുടുംബപ്പേര് മോദ് വണിക്ക് സമുദായത്തിന് മാത്രമല്ല മറ്റ് ജാതികളിൽപ്പെട്ടവർക്കും ഉണ്ടെന്നും പൻവാല കൂട്ടിച്ചേർത്തു.

മോദി എന്ന കുടുംബപ്പേര് പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ജാതിയെയോ സൂചിപ്പിക്കുന്നതല്ല. ഗുജറാത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പാഴ്സികളും മോദിയെന്ന കുടുംബപ്പേര് ഉപയോഗിക്കുന്നുണ്ട്. വൈഷ്ണവർ, ഖർവാസ് (പോർബന്തറിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ), ലോഹനാസ് (വ്യാപാരികൾ) എന്നിവരിൽ മോദിഎന്ന കുടുംബപ്പേരുള്ള ആളുകളുണ്ട്.

ഗുജറാത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പാഴ്സികളും മോദിയെന്ന കുടുംബപ്പേര് ഉപയോഗിക്കുന്നുണ്ട്.

കിരിത് പൻവാല
കിരിത് പൻവാല

പരാതിക്കാരനായ പൂർണേഷ് മോദി സൂറത്തിലെ മോദ് വണിക്ക് സമുദായത്തിൽപ്പെട്ടയാളാണ്. പൂർണേഷ് മോദിയുടെ അഭിഭാഷകനായിരുന്ന ഹസ്മുഖ് ലാൽവാലയും രാഹുലിന്റെ അഭിഭാഷകൻ കിരിത് പൻവാലയും മോദ് വണിക്ക് സമുദായത്തിൽപ്പെട്ടവരാണ്. മെഹ്‌സാന ജില്ലയിലെ മോധേര സൂര്യക്ഷേത്രത്തിനടുത്തുള്ള മോധേശ്വരി മാതാവിനെയാണ് മോദ് വണിക്ക് സമൂദായത്തിലുളളവർ ആരാധിക്കുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോധേശ്വരി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഗുജറാത്തിൽ 10 ലക്ഷത്തോളം മോധ്വാനികൾ ഉണ്ടെന്നാണ് ലാൽവാല പറയുന്നത്.

നരേന്ദ്ര മോദി മോധേശ്വരി ക്ഷേത്രം സന്ദർശിച്ചപ്പോൾ
നരേന്ദ്ര മോദി മോധേശ്വരി ക്ഷേത്രം സന്ദർശിച്ചപ്പോൾ

ഒബിസി സംവരണ പട്ടികയിലുണ്ടോ മോദി?

വാസ്തവത്തിൽ, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിനായി ഒബിസികളുടെ കേന്ദ്ര പട്ടികയിൽ "മോദി" എന്ന പേരിൽ ഒരു സമുദായമോ ജാതിയോ ഇല്ല. ഗുജറാത്തിൽ നിന്നുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട 104 കമ്മ്യൂണിറ്റികളുടെ പട്ടികയിൽ ഘഞ്ചി (മുസ്ലിം), തേലി, മോഡ് ഘഞ്ചി, തെലി-സാഹു, തെലി-റാത്തോഡ് അടക്കമുളള സമുദായങ്ങളെല്ലാം പരമ്പരാഗതമായി ഭക്ഷ്യ എണ്ണകളുടെ വേർതിരിച്ചെടുക്കലും വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. കിഴക്കൻ ഉത്തർപ്രദേശിൽ താമസിക്കുന്ന ഈ കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ സാധാരണയായി ഗുപ്ത എന്ന കുടുംബപ്പേരാണ് ഉപയോ​ഗിച്ച് വരുന്നത്.

ബിഹാറിൽ നിന്നുള്ള ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ട 136 കമ്മ്യൂണിറ്റികളുടെ പട്ടികയിലും മോദി എന്ന സമുദായപ്പേര് കാണാനാവില്ല. രാജസ്ഥാനിലെ 68 കമ്മ്യൂണിറ്റികളുടെ പട്ടികയിലും മോദിയെന്ന സമുദായം രേഖപ്പെടുത്തിയിട്ടില്ല. 1993ൽ ‘മണ്ഡൽ’ സംവരണം നടപ്പാക്കിയതിന് ശേഷമാണ് ഒബിസികളുടെ ആദ്യ കേന്ദ്ര പട്ടിക വിജ്ഞാപനം ചെയ്തത്. 1999 ഒക്‌ടോബർ 27-ന് മുസ്‌ലിം ഘഞ്ചി സമുദായത്തെ ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ഉൾപ്പെടുത്തി. 2000 ഏപ്രിൽ 4ൽ വന്ന വിജ്ഞാപനത്തിലൂടെ, ഗുജറാത്തിൽ നിന്നുള്ള മറ്റ് സമുദായങ്ങളായ "തെലി", "മോഡ് ഘഞ്ചി", "തേലി സാഹു", "തേലി റാത്തോഡ്", "തെലി റാത്തോഡ്" എന്നീ വിഭാഗങ്ങളെ ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ചേർത്തു. വ്യക്തമായി പറഞ്ഞാൽ, മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് ഏകദേശം 18 മാസം മുമ്പാണ് പ്രധാനമന്ത്രി മോദി ഉൾപ്പെടുന്ന ജാതിയായ ഘഞ്ചി ഒബിസികളുടെ കേന്ദ്ര പട്ടികയിൽ ഇടം പിടിച്ചത്.

യുപിയിലും ബിഹാറിലും ഹരിയാനയിലും മോദി എന്ന പേര് ഉപയോ​ഗിക്കുന്നുണ്ട്. ഹരിയാനയിലെ മഹേന്ദ്രഗഡ്, രാജസ്ഥാനിലെ ജുൻജുനു, സിക്കാർ തുടങ്ങിയ ജില്ലകളിലും ഇത് കാണാം. മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദിയുടെ മുത്തച്ഛൻ റായ് ബഹദൂർ ഗുജർ മൽ മോദി, മഹേന്ദ്രഗഡിലെ മീററ്റിന് സമീപമാണ് താമസിച്ചിരുന്നത്. പിന്നീട് ഈ പട്ടണം മോദിനഗർ എന്ന് പുനർനാമകരണം ചെയ്തു. രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി പരമ്പരാഗതമായി വജ്രവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ നിന്നുളള വ്യക്തിയാണ്. ടാറ്റ സ്റ്റീലിന്റെ മുൻ ചെയർമാനായിരുന്ന റുസ്സി മോദിയും ചലച്ചിത്രകാരൻ സൊഹ്‌റാബ് മോദിയും മുംബൈയിൽ നിന്നുള്ള പാഴ്‌സികളായിരുന്നു.

logo
The Fourth
www.thefourthnews.in