നിതീഷ് കുമാർ
നിതീഷ് കുമാർ

രാഹുൽ ഗാന്ധി വിഷയത്തിൽ വായ് മൂടിക്കെട്ടി നിതീഷ് കുമാർ; ബിഹാറിൽ രാഷ്ട്രീയ അട്ടിമറിയോ?

ഇന്ന് ബിഹാർ നിയമസഭയിൽ എത്തിയ നിതീഷ് കുമാർ രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ കുറിച്ച് മൗനം പാലിച്ചു.
Updated on
1 min read

രാഹുൽ ഗാന്ധി വിഷയത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനം ചർച്ചയാകുന്നു. രാഹുൽ ഗാന്ധിയെ എം പിസ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ രാഷ്ട്രീയഭേദമന്യേ പ്രതിപക്ഷം അടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യമന്ത്രി നിതീഷ് മാത്രം സംഭവത്തിൽ പ്രതികരിച്ചിരുന്നില്ല. ഇന്ന് ബിഹാർ നിയമസഭയിൽ എത്തിയ നിതീഷ് കുമാർ രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ കുറിച്ച് ചർച്ച ചെയ്യാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി, ലോക്‌സഭാഗത്വം റദ്ദാക്കൽ എന്നീ വിഷയങ്ങളിൽ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷത്തോടൊപ്പം ചേരുന്നതിൽ നിന്നും നിതീഷ് കുമാർ വിട്ടുനിൽക്കുന്നത് മറ്റൊരു രാഷ്ട്രീയ അട്ടിമറിക്കുള്ള തുടക്കമാണോയെന്നാണ് ഇപ്പോഴത്തെ ചർച്ച. മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലൊരു രാഷ്ട്രീയ അട്ടിമറി ബിഹാറിലും സംഭവിക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ജനതാദൾ യുണൈറ്റഡ് നേതാവും ധനമന്ത്രിയുമായ വിജയ് ചൗധരി പറഞ്ഞത്.നിതീഷ് കുമാർ ഒഴികെയുള്ള നേതാക്കൾ എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണെന്ന നിതീഷ് ചൗധരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിഹാർ രാഷ്ട്രീയവും പുകയുകയായിരുന്നു. ഇപ്പോൾ രാഹുൽ വിഷയത്തിൽ നിതീഷ് മൗനം പുലർത്തുന്നതിലൂടെ ബിഹാർ മഹാരാഷ്ട്ര മോഡലിലേക്ക് മാറുകയാണോയെന്ന സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

അതിനിടെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് നിയമസഭയ്ക്കുള്ളിൽ വലിയ പ്രതിഷേധം അരങ്ങേറി. രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഹിന്ദുസ്ഥാനി അവം മോർച്ച തുടങ്ങിയ പാർട്ടികളാണ് നിയമസഭയിൽ പ്രതിഷേധിച്ചത്. എന്നാൽ ജനതാദൾ യുണൈറ്റഡിലെയും മഹാഗത്ബന്ധനിലെയും നേതാക്കൾ പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. നിയമസഭയിൽ പ്രതിഷേധിച്ചവരെ ബിജെപി രൂക്ഷമായി വിമർശിച്ചു. അതിനിടെ രാഹുൽ ഗാന്ധിക്കെതിരായ നടപടി എല്ലാവരെയും അമ്പരപ്പിക്കുന്ന നീക്കമാണെന്നും ജനതാദൾ യുണൈറ്റഡ് നേതാവും ധനമന്ത്രിയുമായ വിജയ് ചൗധരി പ്രതികരിച്ചു.

അതേസമയം രാഹുൽ ഗാന്ധിയെ പിന്തുണച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും രംഗത്തെത്തി.'പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ഗൂഢാലോചന നടത്തുകയും ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും ചെയ്തു. എന്നിട്ടും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതാകുമ്പോൾ അടിസ്ഥാനരഹിതമായി കേസ് കെട്ടിച്ചമയ്ക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഇത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in