'ഭോലേ ബാബ ഇപ്പോഴും ദൈവം'; മതപരിപാടികളിലെ അപകടത്തില്‍ 20 വർഷത്തിനിടെ രാജ്യത്ത് മരിച്ചത് 2,000 പേർ; പിഴയ്ക്കുന്നതാർക്ക്?
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഭോലെ ബാബ എന്ന വ്യാജ ആള്‍ ദൈവം സംഘടിപ്പിച്ച സത്സങ് എന്ന ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും 121 പേര്‍ മരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ മതപരിപാടികള്‍ക്കിടെ ഉണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ട് ഇന്ത്യയില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുന്ന ദുരന്തങ്ങള്‍ ഇതാദ്യമല്ല രാജ്യത്തുണ്ടാകുന്നത്. 20 വര്‍ഷത്തിനിടെ 2,000 പേരെങ്കിലും ഇത്തരം ദുരന്തങ്ങളില്‍പ്പെട്ട് മരിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നത് മതപരമായ ചടങ്ങുകള്‍ക്കിടയിലും പ്രാര്‍ഥനാ യോഗങ്ങള്‍ക്കിടയിലുമാണ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അപകടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം പഴിച്ചിട്ടു കാര്യമുണ്ടോ?
ഇല്ലെന്നുവേണം വിവാദ ആള്‍ദൈവം ഭോലേ ബാബയുടെ അനുയായികളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാന്‍. തിക്കും തിരക്കുമുണ്ടായതും സ്ഥിതി നിയന്ത്രണവിധേയമാകാതിരുന്നതും സര്‍ക്കാര്‍ സംവിധാനത്തിന്റെ കുഴപ്പം കൊണ്ടാണെന്നാണ് ഇയാളുടെ അനുയായികള്‍ പറയുന്നത്. ഭേലോ ബാബയുടെ പരിപാടിയിലേക്ക് ഇനിയും പോകുമെന്നാണ് സ്ത്രീകളടക്കമുള്ള അനുയായികള്‍ പറയുന്നതും.
ഭോലേ ബാബ മനുഷ്യനല്ലെന്നും ദൈവത്തിന്റെ സന്ദേശവാഹകനാണെന്നും ഇപ്പോഴും ഉത്തര്‍പ്രദേശിലെ ഇയാളുടെ അനുയായികളില്‍ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നുണ്ട്. ഡോക്ടര്‍മാരും മരുന്നുകളും പരാജയപ്പെട്ടിടത്ത് ഭോലേ ബാബയുടെ പ്രാര്‍ഥനയാണ് തങ്ങളെ കാത്തുരക്ഷിച്ചത് എന്നാണ് 33-കാരിയായ സീമ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ഭോലേ ബാബയുടെ അനുഗ്രഹം ഇല്ലായിരുന്നെങ്കില്‍ തനിക്ക് മികച്ച യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സാധിക്കില്ലായിരുന്നു എന്നാണ് പതിനെട്ടുകാരനായ ഹിമാന്‍ഷു പറയുന്നത്.
121, പേരാണ് ഹാത്രാസിലെ ദുരത്തില്‍ മരിച്ചത്. ഭോലോ ബാബ വിചാരിച്ചാല്‍ അസുഖങ്ങള്‍ മാറുമെന്നും ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്നും ഗ്രാമങ്ങളില്‍ ഇയാളുടെ അനുയായികള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. രോഗശാന്തി തേടിയാണ് ഇയാളുടെ അടുത്തേക്ക് കൂടുതല്‍ ആളുകളും എത്തിയിരുന്നത്. ആതുരസേവന മേഖലയില്‍ ഏറെ പിന്നോട്ടുനില്‍ക്കുന്ന യുപി പോലുള്ളൊരു സംസ്ഥാനത്ത്, രോഗശാന്തി നല്‍കുന്ന 'സിദ്ധന്‍മാരില്‍' ജനങ്ങള്‍ കൂടുതല്‍ വിശ്വാസ്യത കണ്ടെത്തുന്നത് സ്വഭാവികമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
'ഇന്നൊരു മഹാദുരന്തം സംഭവിക്കും' എന്ന് അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഭോലേബാബ പ്രവചിച്ചിരുന്നെന്നും സംഭവിക്കാന്‍ പോകുന്ന ദുരന്തം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നെന്നും ഇദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു. ബാബ വേദി വിടുന്നതുവരെ പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പോയതിന് ശേഷമാണ് ദുരന്തം സംഭവിച്ചതെന്നും അനുയായികള്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് വസ്തുത.
ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടി നിയന്ത്രിക്കാന്‍ വെറും 74 പോലിസൂകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാത്രവുമല്ല, പ്രാര്‍ത്ഥനായോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജനങ്ങളെ സംഘാടകര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. ഭേലോബാബ പോയതിന് ശേഷം പോയാല്‍ മതിയെന്നു പറഞ്ഞാണ് ജനങ്ങളെ സംഘാടകര്‍ തടഞ്ഞത്. ഇതാണ് തിക്കും തിരക്കുമുണ്ടാകുന്നതിലേക്ക് നയിച്ച പ്രധാന കാരണം. എന്നിരുന്നിട്ടും, ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അന്ധമായി വിശ്വസിക്കുന്നവര്‍ പറയുന്നത് ഭോലേ ബാബയല്ല തെറ്റുകാരന്‍ എന്നാണ്. ഇയാളുടെ അനുയായികളായി സാധാരണക്കാര്‍ മാത്രമല്ല ഉള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരും ഭേലോബാബയുടെ അനുയായികളുടെ കൂട്ടത്തിലുണ്ട്.
ആരാണ് ഭോലേ ബാബാ?
ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് രാജിവച്ച് ആത്മീയ പ്രചാരണത്തിനിറങ്ങിയ നാരായണ്‍ സകര്‍ ഹരി എന്നയാളാണ് ഭോലേ ബാബ എന്നറിയപ്പെടുന്നത്. പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ പ്രവര്‍ത്തന രീതി. 26 വര്‍ഷം മുന്‍പാണ് ഇയാള്‍ ജോലി രാജിവച്ചത്. പശ്ചിമ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭോലേ ബാബയ്ക്ക് വലിയൊരു സംഘം ആരാധകരുണ്ട്. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും ഇദ്ദേഹത്തെ നിരവധിപേര്‍ ആരാധിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന ഭോലേ ബാബ, ഇദ്ദേഹത്തിന്റെ ഭാര്യക്കൊപ്പമാണ് പ്രാര്‍ഥനാ യോഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഇവര്‍ ഹത്രാസില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച മെയിന്‍പുരി ജില്ലയിലും ഇവര്‍ സമാനമായ പ്രാര്‍ഥനാ യോഗം സംഘടിപ്പിച്ചിരുന്നു, 2022-ല്‍ കോവിഡ് കാലത്ത് ഇവര്‍ നടത്തിയ പ്രാര്‍ഥാനാ യോഗം വിവാദമായിരുന്നു. ഫറൂഖാബാദ് ജില്ലയിലെ സത്സംഗില്‍ അമ്പതുപേര്‍ മാത്രമേ പങ്കെടുക്കുള്ളു എന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ 50,000 പേര്‍ പങ്കെടുത്തു. ഇത് വലിയ വിവാദമാവുകയും ജില്ലാ ഭരണകൂടത്തിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.