ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനം; സ്ഥലത്തെത്തിയ ഓട്ടോ കേന്ദ്രീകരിച്ച് അനേഷണം ശക്തമാക്കി പോലീസ്
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ദുരൂഹമായ സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളിലേക്ക് എത്താനാകാതെ പോലീസ്. സ്ഫോടനം നടക്കുന്നതിനു തൊട്ടുമുന്‍പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സംശയാസ്പദമായി പൃഥ്വിരാജ് റോഡിലേക്ക് വന്ന ഓട്ടോയിലുണ്ടായിരുന്നവര്‍ക്കായി ഡല്‍ഹി പോലീസും കേന്ദ്ര രഹസ്യേന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പ്രതികളിരുന്ന ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതായും ഇത് പ്രതികളിലേക്കുള്ള സൂചന നല്‍കുന്നതായും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2021ല്‍ ഇസ്രയേല്‍ എംബസിയില്‍ നടന്ന സ്‌ഫോടനത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഓട്ടോയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞെങ്കിലും രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമല്ല. തുടര്‍ന്ന് പോലീസ് കൂടുതല്‍ ക്യാമറകള്‍ പരിശോധിക്കുകയും ആ സമയത്ത് പരിസരത്തുണ്ടായിരുന്ന ഏതാനും ഓട്ടോകളെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പ്രതികളെ ഓട്ടോയില്‍ സ്ഥലത്തെത്തിച്ചോ എന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
2021 ലെ കേസില്‍, ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും ദേശീയ അന്വേഷണ ഏജന്‍സിയും ലുട്ടിയന്‍സ് സോണിലെ 200 ലധികം ക്യാമറകള്‍ പരിശോധിക്കുകയും സംഭവസ്ഥലത്ത് മുഖംമൂടി ധരിച്ച രണ്ട് പ്രതികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഒരാള്‍ ജാക്കറ്റ് ധരിച്ച് ബാഗുമായി ഫുട്പാത്തിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് എന്‍ഐഎ പുറത്തുവിട്ടിരുന്നു.
രണ്ട് സ്‌ഫോടനങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇരു സ്‌ഫോടനത്തിലും ടൈമര്‍ ഉപയോഗിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും കത്തും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാണ് ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനമുണ്ടായത്. സ്‌ഫോടന വിവരം ഇസ്രയേല്‍ എംബസി സ്ഥിരീകരിച്ചിരുന്നു, ആളപായമോ പരുക്കുകളോ ആര്‍ക്കും സംഭവിച്ചിട്ടില്ല. എംബസിയിലെ ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ വ്യക്തമാക്കിയിരുന്നു. സിസിടിവി യില്‍ തീവ്രത കുറഞ്ഞ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ടയര്‍ പൊട്ടിയതിന് സമാനമായ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും മരത്തിന് സമീപം പുകപടലങ്ങള്‍ ഉയര്‍ന്നെന്നുമാണ് സമീപത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയത്.
ഇസ്രയേല്‍ എംബസിക്ക് സമീപം 'സ്‌ഫോടനം' നടന്നതായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഇസ്രയേല്‍ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു സ്‌ഫോടനശബ്ദം കേട്ടു എന്നായിരുന്നു അജ്ഞാത ഫോണ്‍ കോളിലൂടെ വിളിച്ചയാള്‍ പറഞ്ഞത്.
സംഭവ സ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള അധിക്ഷേപ കത്ത് പോലീസ് കണ്ടെത്തിയിരുന്നു. ടൈപ്പ് ചെയ്ത നിലയില്‍ കണ്ടെത്തിയ കത്തില്‍ അസഭ്യവും പലസ്തീന്‍ വിഷയവുമാണ് ഉള്ളടക്കമെന്ന് പോലീസ് അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി വിമര്‍ശിക്കുകയും പ്രതികാരം ചെയ്യുന്നതിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്. എംബസിക്ക് സമീപത്തെ പൂന്തോട്ടത്തില്‍ നിന്നും ഇസ്രായേല്‍ പതാകയില്‍ പൊതിഞ്ഞ രീതിയിലാണ് കത്ത് പോലീസ് കണ്ടെടുക്കുന്നത്. കത്ത് കണ്ടെത്തിയത്. കത്തും പതാകയും ഉള്‍പ്പടെ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ ഡല്‍ഹി എംബസി പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.