ഇസ്രയേൽ- ഹമാസ് സംഘർഷം: ഇന്ത്യയിലെ ജൂത സ്ഥാപനങ്ങൾക്ക് കനത്ത സുരക്ഷ, സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക പട്രോളിംഗ്
ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജൂത സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. ഹമാസ് തലവൻ ഖാലിദ് മെഷാൽ ലോകം മുഴുവനുമുള്ള മുസ്ലിങ്ങൾ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് പലസ്‌തീൻ അനുകൂലികൾ ഒത്തു ചേരാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയതും സുരക്ഷാ ഓഫീസർമാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന നിർദ്ദേശം നൽകിയതും.
ഏതടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാകണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തെരുവുകളിലിറങ്ങി പ്രതിഷേധിക്കണമെന്ന മെഷാലിന്റെ ആഹ്വാനം റെക്കോർഡഡ് സ്റ്റെമെന്റായി റോയിട്ടേഴ്സിന് അയക്കുകയായിരുന്നു. മെഷാൽ ഖത്തറിൽ നിന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. അയൽ രാജ്യങ്ങളായ ജോർദാനിലെയും, ലെബനണിലെയും, ഈജിപ്തിലെയും ആളുകൾക്ക് പലസ്‌തീനെ പിന്തുണക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും മെഷാൽ പ്രസ്താവനയിൽ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം ജൂത സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സംരക്ഷണം നൽകുകയും, ജൂത സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചൈനയിൽ ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ശക്തയമായ സുരക്ഷയാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനത്തെയും പോലീസ് വകുപ്പിന് ജാഗ്രത വര്‍ധിപ്പിക്കാനും പട്രോളിംഗ് നടത്താനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിട്ടുള്ള ഓൾഡ് ഡൽഹിയിലെ ജമാ മസ്ജിദ് പരിസരത്ത് കനത്ത സുരക്ഷയാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. പുറത്ത് നിന്ന് വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്ക്കായി വരുന്നവരോട് തൊട്ടടുത്തുള്ള മറ്റ് പള്ളികൾ തിരഞ്ഞെടുക്കാനും പോലീസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നമസ്കാരത്തെ തുടർന്ന് പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നതെന്നാണ് മനസിലാക്കുന്നത്.