പതിവ് തെറ്റിക്കാതെ ശാസ്ത്രജ്ഞർ; ആദിത്യ എൽ - 1 വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ദർശനം
ഇന്ത്യയുടെ പ്രഥമ സൗര പഠന ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കേ തിരുപ്പതി ക്ഷേത്രദർശനവുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഐഎസ്ആർഒ മേധാവി എസ് സോമനാഥിന്റെ നേതൃത്വത്തിലാണ് സംഘം തിരുപ്പതി വെങ്കിടേശ്വരക്ഷേത്രത്തിലെത്തിയത്. സ്ത്രീകളടക്കമുള്ള ശാസ്ത്രജ്ഞർ സംഘത്തിലുണ്ടായിരുന്നു. ആദിത്യ എൽ - 1 ന്റെ ലോഹത്തിൽ തീർത്ത ചെറു മാതൃക ശാസ്ത്രജ്ഞർ ക്ഷേത്രത്തിൽ സമർപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഐ എസ് ആർ ഒ മേധാവി എസ് സോമനാഥിനായി ക്ഷേത്രത്തിൽ വിശേഷ പൂജയും നടന്നു.
ചന്ദ്രയാൻ 3 ദൗത്യത്തിന് മുന്നോടിയായി സമാനരീതിയിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞർ പ്രാർഥനയ്ക്കും വഴിപാടിനുമായി തിരുപ്പതി ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇന്ത്യ ചന്ദ്രനിലേക്ക് കുതിക്കുമ്പോഴും ആചാരങ്ങളിൽ നിന്ന് പിടിവിടാതെയുള്ള ശാസ്ത്രജ്ഞരുടെ പ്രവൃത്തി അന്ന് വിമർശനത്തിന് ഇടയാക്കിയിരുന്നു. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അത് വ്യക്തിപരമായ കാര്യമാണെന്നുമായിരുന്നു ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നൽകിയ വിശദീകരണം.
ശനിയാഴ്ച രാവിലെ 11.50 നാണ് ആദിത്യ എൽ - 1 മായി ശ്രീഹരിക്കോട്ടയിൽ നിന്ന് പി എസ് എൽ വി - സി57 കുതിച്ചുയരുക. സൂര്യനെ കുറിച്ച് പഠിക്കാൻ ഇറങ്ങി തിരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അഞ്ചു വർഷവും രണ്ടു മാസവുമാണ് ആദിത്യ എൽ - 1 സൂര്യനെ പഠിക്കുക.