'മെഗാ-ട്രോപിക്സ് പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു'; ഉപഗ്രഹത്തെ തിരിച്ചിറക്കിയ ഐഎസ്ആര്‍ഒ ദൗത്യം വിജയം
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരമായി അവസാനിച്ചു. മെഗാ-ട്രോപിക്സ് ഉപഗ്രഹം ഏഴ് മണിക്ക് പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിത്തീരുകയായിരുന്നു. ഏഴുമണിയോടെ ആയിരുന്നു ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യമായാണ് ഐഎസ്ആര്‍ഒ പ്രവര്‍ത്തന കാലാവധി തീര്‍ന്ന ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നത്. ഉപഗ്രഹം സുരക്ഷിതമായി തന്നെ കത്തി തീര്‍ന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ന് വൈകിട്ട് 4.30നും 7.30നുമിടയിൽ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയില്‍ ഉപഗ്രഹം തിരിച്ചിറങ്ങുമെന്നായിരുന്നു ഐഎസ്ആര്‍ ഒ അറിയിച്ചിരുന്നത്. മൂന്ന് വർഷത്തെ പഠനത്തിനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹത്തെ, ഒരു ദശകത്തിലധികം പ്രവർത്തിച്ചശേഷമാണ് ഡീ-ഓർബിറ്റ് ചെയ്യുന്നത്.
ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി 2011 ഒക്ടോബര്‍ 12നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിനോടൊപ്പമായിരുന്നു ഐഎസ്ആര്‍ഒ എംടി-1 എന്ന മെഗാ-ട്രോപിക്സ്-1 ലോ ഓര്‍ബിറ്റ് ഉപഗ്രഹം ബഹിരാകാശത്തേക്കയച്ചത്.