ബെംഗളൂരുവിലെ ജലക്ഷാമത്തിന് പരിഹാരമായില്ല; വർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്നാവശ്യപ്പെട്ട് ഐ ടി-ബി ടി ജീവനക്കാർ
വരൾച്ച മൂലം ഭൂഗർഭ ജലവിതാനം താഴ്ന്ന ബെംഗളൂരുവിൽ അനുദിനം ജല ക്ഷാമം രൂക്ഷമാകുകയാണ്. കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ടാങ്കർ ലോറികളെ ആശ്രയിച്ചു കഴിയുകയാണ് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി നഗരം. കാവേരി ജലം എത്താത്ത ബെംഗളൂരു സൗത്ത് മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ബെംഗളൂരുവിലെ പ്രധാനപ്പെട്ട ഐ ടി കോറിഡോറുകളിൽ ഒന്നായ വൈറ്റ് ഫീൽഡ്, ബ്രൂക്ക് ഫീൽഡ് ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ജലക്ഷാമം നേരിടുന്നത്. നിരവധി ഐ ടി-ബി ടി സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. വീടുകളിലെന്ന പോലെ ഓഫിസ് കെട്ടിടങ്ങളിലും ജലദൗർലഭ്യം പാരമ്യത്തിലാണ്. ഇതോടെയാണ് ജീവനക്കാർ സമൂഹ മാധ്യമ ഹാൻഡിലുകൾ വഴി
തങ്ങൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
കർണാടക ഐ ടി -ബി ടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗയെ ടാഗ് ചെയ്താണ് മിക്കവരും പോസ്റ്റുകൾ ഇടുന്നത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെടണം എന്നാണ് മറുനാട്ടിൽ നിന്ന് ഐ ടി നഗരത്തിൽ ജോലിക്കെത്തിയവരുടെ അഭ്യർത്ഥന. വേനൽക്കാലം തീരും വരെ വർക് ഫ്രം ഹോം സൗകര്യം ലഭിച്ചാൽ നഗരം വിട്ടു കുറേ പേർ പോകുമെന്നും ജലക്ഷാമത്തിന് ഒരു പരിധിവരെ ശമനം ഉണ്ടാകുമെന്നുമാണ് ടെക്കികൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി കാലത്ത് വർക്ക് ഫ്രം ഹോം സൗകര്യം വിജയകരമായി പരീക്ഷിച്ചതാണ് ഇവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 15 ലക്ഷത്തോളം തൊഴിലാളികളാണ് ബെംഗളൂരുവിലെ ഐ ടി - ബി ടി മേഖലയിൽ ജോലി ചെയ്യുന്നത്. ബെംഗളൂരുവിലാകെ 67,000 ഐ ടി - ബി ടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയാൽ അവരും അവരുടെ കുടുംബവും ഉൾപ്പടെ ഏകദേശം 30 ലക്ഷം പേരെങ്കിലും നഗരം വിടുമെന്നാണ് ഹാഷ്ടാഗ് ക്യാമ്പയിൻ ഏറ്റു പിടിച്ചവരുടെ വാദം.
കെ ആർ പുര, രാമമൂർത്തി നഗർ, ഹൊറമാവ്, സി വി രാമൻ നഗർ, രാജാജി നഗർ തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കിട്ടാക്കനിയായിരിക്കുന്നത്. വെള്ളത്തിനായി കുഴൽകിണറുകളെ ആശ്രയിച്ചു കഴിഞ്ഞവരാണ് ഈ പ്രദേശത്തുകാർ. ഭൂഗർഭ ജലവിതാനം 500 - 1500 അടി വരെ താഴ്ന്നതോടെ കുഴൽകിണറുകൾ ഉപയോഗ ശൂന്യമായി. ഇതോടെ ടാങ്കർ ലോറികളാണ് ശരണം. അവസരം മുതലെടുത്ത് ജലവിതരണ കമ്പനികൾ തോന്നുംപോലെ വില ഈടാക്കി തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. പാർപ്പിട സമുച്ചയങ്ങളും ഫ്ലാറ്റുകളും താമസക്കാരോട് ജല ഉപഭോഗം പരമാവധി കുറക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ഏതാനും ചില കമ്പനികൾ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിട്ടുണ്ട്. ജലദൗർലഭ്യം പരിഹരിക്കാനുള്ള സർക്കാർ - നഗരസഭാ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടില്ല. മുപ്പത് വർഷത്തിന് ശേഷമുള്ള ഏറ്റവും കടുത്ത വരൾച്ചയാണ് കർണാടക ഇത്തവണ അനുഭവിക്കുന്നത്. ബെംഗളൂരുവിലെ ജലക്ഷാമം ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കാനുളള ഒരുക്കത്തിലാണ് പ്രതിപക്ഷമായ ബിജെപി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തിൽ കാലി കുടങ്ങളേന്തി സർക്കാരിനെതിരെയും ബെംഗളൂരു നഗര വികസന മന്ത്രി ഡികെ ശിവകുമാറിനെതിരെയും സമരത്തിലാണവർ.