1700 കോടി രൂപയുടെ നോട്ടീസ്; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ആദായനികുതി വകുപ്പ്
ലോക്‌സഭ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കവേ കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നൽകിയിരിക്കുന്നത്. 2017-18 മുതൽ 2020-21 സാമ്പത്തിക വർഷത്തെ പിഴയും പലിശയും ഉൾപ്പെടുന്നതാണ് തുക. ഇക്കാലയളവിലെ ആദായ നികുതിയുടെ പുനർനിർണയം സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾ പിന്നീടവെയാണ് പുതിയ നോട്ടീസ് കൈമാറിയത്.
ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ച അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തൻഖയാണ് നോട്ടീസുകൾ നൽകിയ കാര്യം സ്ഥിരീകരിച്ചത്. നോട്ടീസിനെ പാർട്ടി നിയമപരമായി നേരിടുമെന്നും ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പറഞ്ഞു. പുനർമൂല്യനിർണയത്തിനുള്ള കാരണങ്ങൾ നൽകുന്നതിനുപകരം പണമടയ്ക്കാനുള്ള നോട്ടീസാണ് നൽകിയതെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി ഞെരിച്ചുകളയുന്നത് ഇതെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 2018-19 സാമ്പത്തിക വർഷത്തെ നികുതി കുടിശ്ശിക, പലിശ എന്നീ ഇനങ്ങളിലായി 135 കോടി രൂപ ഡൽഹിയിലെ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരുന്നു. ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ പോലും തുറക്കാൻ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ ദേശീയ നേതാക്കളുടെ സാന്നിധ്യമുൾപ്പെടെ കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകർക്കാൻ നരേന്ദ്രമോദി ഗൂഢനീക്കം നടത്തുകയാണെന്ന് നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. അക്കൗണ്ടുകൾ മരവിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൽകാൻ പോലും പണം പാർട്ടിയുടെ കൈയിലില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു