എയിംസിലെ സെര്‍വറില്‍ കടന്നുകയറിയത് ചൈനീസ് ഹാക്കര്‍മാര്‍; ഓണ്‍ലൈന്‍ സേവനം പുനഃസ്ഥാപിക്കാന്‍ വൈകും

എയിംസിലെ സെര്‍വറില്‍ കടന്നുകയറിയത് ചൈനീസ് ഹാക്കര്‍മാര്‍; ഓണ്‍ലൈന്‍ സേവനം പുനഃസ്ഥാപിക്കാന്‍ വൈകും

നവംബർ 23നാണ് എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത്
Updated on
1 min read

ഡൽഹി എയിംസിന്റെ സെർവറുകൾ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്ന് റിപ്പോർട്ട്. പ്രധാന സെര്‍വറുകള്‍ ഹാക്ക് ചെയ്തത് ഹോങ്കോങ്ങില്‍ നിന്നാണെന്ന് സൂചന. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. സൈബർ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കർമാരുടെ പങ്കാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 'വന്നറെൻ' എന്ന റാൻസംവെയറാണ് ഹാക്കിങ്ങിനായി ഉപയോ​ഗിച്ചതെന്നും കണ്ടെത്തി.എന്നാൽ, ഡൽഹി പോലീസ് ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

എയിംസിലെ അഞ്ച് സെർവറുകളിലെ വിവരങ്ങളാണ് ചോർന്നിരുന്നത്. നേരത്തെ തന്നെ എയിംസ് സെർവർ ഹാക്കിങ്ങില്‍ ചൈനയുടെയും പാകിസ്താന്റെയും പങ്കിനെക്കുറിച്ചുളള ആരോപണങ്ങൾ സംശയിച്ചിരുന്നു. എംപറർ ഡ്രാ​ഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് തുടങ്ങിയ ചൈനീസ് ​ഗ്രൂപ്പുകളാണ് ഹാക്കിങിന് പിന്നിലെന്നാണ് സംശയം.

ഹാക്ക് ചെയ്യപ്പെട്ട സെർവറിലെ വിവരങ്ങൾ ഏഴു ദിവസത്തിന് ശേഷം കുറച്ച് ഏതാനും വീണ്ടെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം എയിംസ് അറിയിച്ചിരുന്നത്. എന്നാൽ, ഡാറ്റ നെറ്റ് വർക്കിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതിനാല്‍ തന്നെ ഓൺലൈൻ സേവനങ്ങള്‍ പുനരാരംഭിക്കാൻ ഇനിയും വൈകും. എയിംസിൽ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നാണ് റിപ്പോർട്ട്. ദുർബലമായ ഫയർവാളും അപ്ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് ഹാക്ക് ചെയ്യപ്പെടാനിടയായതെന്നാണ് പ്രഥമ റിപ്പോർട്ട്. ക്ലൗഡ്-കേന്ദ്രീകൃത സെർവറുകൾ ഇല്ലായിരുന്നെന്നും പറയപ്പെടുന്നു.

നിലവിൽ ഒപി വിഭാഗങ്ങൾ, സാംപിൾ ശേഖരണം ഇവയെല്ലാം ജീവനക്കാർ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസിൽ പ്രതിവർഷം 38 ലക്ഷം രോഗികളാണ് എത്തുന്നത്. കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയിൽ എത്തി ചികിത്സിക്കുന്നവരുടെയും രേഖകൾ ഉൾപ്പെടെയാണ് നിലവിൽ ഹാക്കർമാർ ചോർത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ട് . രോഗികളുടെ വിവരങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങൾ ചോർത്തപ്പെട്ടോ എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി സൈബർ ക്രൈം സ്പെഷ്യൽ സെൽ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇന്റലിജൻസ് ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ എന്നിവരാണ് സൈബർ ആക്രമണത്തെക്കുറിച്ച് നിലവിൽ അന്വേഷിച്ച് വന്നിരുന്നത്. കൂടാതെ, മാൽവെയർ ആക്രമണത്തെക്കുറിച്ച് ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും അന്വേഷണം തുടരുകയാണ്.

നവംബർ 23നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ടത്. സർവർ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേ‍രെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തിൽ പങ്കെടുക്കാത്തതിലും ഫോൺ കോളുകളോട് പ്രതികരിക്കാത്തതിലുമായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in