നേരിട്ടിറങ്ങി നദ്ദ; പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

നേരിട്ടിറങ്ങി നദ്ദ; പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഹുബ്ബള്ളി , ശിവമോഗ, ഹവേരി ജില്ലകളിൽ ബിജെപി നേതാക്കളുമായി ജെ പി നദ്ദ കൂടിക്കാഴ്ച നടത്തി
Updated on
2 min read

ബിജെപി ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നതിനെ തുടർന്ന് പാർട്ടിക്കുണ്ടായ പരുക്ക് തീർക്കാൻ ഹുബ്ബള്ളിയിൽ നേരിട്ടിറങ്ങിയിരിക്കുകയാണ് ദേശീയ അധ്യക്ഷൻ. ഹുബ്ബള്ളി ജില്ലയിൽ നിന്നുള്ള എംഎൽഎ അരവിന്ദ് ബല്ലാഡിന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിയ ജെ പി നദ്ദ മേഖലയിലെ മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

ഷെട്ടാറിന്റെ ഇറങ്ങിപ്പോക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കാത്ത വിധം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വം ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷെട്ടാർ കോൺഗ്രസിനു വേണ്ടി കളത്തിൽ ഇറങ്ങുന്നതോടെ അനുഭാവികളായവർ ബിജെപിക്കു വേണ്ടി തന്നെ നിലകൊള്ളുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം.

ഷെട്ടാറിന്റെ ഇറങ്ങിപ്പോക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കാത്ത വിധം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വം ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്

പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷെട്ടാർ മത്സരിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഷെട്ടാറിനായി തെരുവിലിറങ്ങിയവരെ കാര്യങ്ങൾ ബോധിപ്പിച്ച് തിരിച്ചുകൊണ്ട് വരാൻ ബൂത്ത് തലത്തിൽ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തേങ്ങിൻകായി ആണ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി. 7 തവണ ഷെട്ടാർ വിജയിച്ച മണ്ഡലമാണ് ഇത്. 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2018 ൽ ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

അരവിന്ദ് ബല്ലാഡ് എംഎൽഎ യുടെ വസതിയിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ
അരവിന്ദ് ബല്ലാഡ് എംഎൽഎ യുടെ വസതിയിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ

ലിംഗായത്ത് നേതാക്കളെ ബിജെപി ഒന്നാകെ മാറ്റി നിർത്തുകയാണെന്ന വാദമാണ് വടക്കൻ കർണാടക മേഖലയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ആയുധം. ബി എസ് യെദ്യൂരപ്പ , ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവദി, കെ എസ്‌ ഈശ്വരപ്പ എന്നീ നേതാക്കളുടെ അനുഭവം ചൂണ്ടിക്കാട്ടിയാണ് ലിംഗായത്ത് വോട്ടുകൾ മറിക്കാനുള്ള കോൺഗ്രസ് നീക്കം. ഇത് ഏറെക്കുറെ ഫലപ്രാപ്തിയിൽ എത്താനുള്ള സാഹചര്യമാണ് മേഖലയിൽ ഇപ്പോഴുള്ളത്. ഈ സാഹചര്യം വരും ദിവസങ്ങളിൽ മാറ്റി എടുക്കാനായില്ലെങ്കിൽ എക്കാലത്തെയും ഉറച്ച കോട്ടയിൽ ബിജെപി തകർന്നടിയും.

മുതിർന്ന നേതാവ് കെ എസ്‌ ഈശ്വരപ്പയ്ക്ക് സ്ഥാനാർഥിത്വം നിഷേധിച്ച ശിവമോഗയിൽ ബിജെപിക്കിതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല. ഈശ്വരപ്പയെ കൂടി വിശ്വാസത്തിലെടുത്തേ ഇവിടെ സ്ഥാനാർഥി പ്രഖ്യാനം നടത്താനാവൂ. അല്ലാത്തപക്ഷം ഈ മണ്ഡലവും പാർട്ടിക്ക് നഷ്ടമാകും. മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ സിറ്റിങ് സീറ്റായ ഷിഗോണിലും സ്ഥിതി പരുങ്ങലിലാണ്.

ഹാവേരി മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപിയുടെ നെഹ്‌റു ഒലേക്കർ വിമത ശബ്ദമായി നിൽക്കുകയാണ്. മണ്ഡലത്തിൽ ബൊമ്മെയുടെ തോൽവി ഉറപ്പാക്കിയേ വിശ്രമമുള്ളൂ എന്ന് ഒലേക്കർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതീക്ഷ വയ്ക്കുകയാണ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സവനൂരിനെ ഇറക്കിയ കോൺഗ്രസ്‌. മണ്ഡലത്തിൽ ബൊമ്മെയുടെ പത്രികാ സമർപ്പണത്തിന് നേരിട്ടെത്തിയിരിക്കുകയാണ് ദേശീയ അധ്യക്ഷൻ നദ്ദ.

logo
The Fourth
www.thefourthnews.in