'ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തി'; വെളിപ്പെടുത്തി മുൻ സിഇഒ

'ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തി'; വെളിപ്പെടുത്തി മുൻ സിഇഒ

കർഷക സമരാനുകൂല അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിൽനിന്ന് സമ്മർദമുണ്ടായെന്നും ജാക്ക് ഡോർസി. എന്നാൽ ആരോപണം വാദം കള്ളമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Updated on
1 min read

കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്നവരുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുമെന്ന് ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോര്‍സി. ഇന്ത്യയിൽ ട്വിറ്റർ പൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റർ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും ചെയ്തുവെന്നും ജാക്ക് ഡോർസി പറഞ്ഞു. ബ്രേക്കിങ് പോയിന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. അതേസമയം, ജാക്ക് ഡോർസിയുടെ വാദം കള്ളമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്ത്യൻ നിയമങ്ങളെ ട്വിറ്റർ മാനിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഭിമുഖത്തിനിടെ, വിദേശ സർക്കാരുകളിൽ നിന്ന് എന്തെങ്കിലും സമ്മർദ്ദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഡോർസിയുടെ മറുപടി. ''കർഷകരുടെ പ്രതിഷേധങ്ങൾക്കെതിരെ, സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരെ ചുറ്റിപ്പറ്റി നിരവധി അഭ്യർത്ഥനകൾ നടത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങൾ ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടും.. നിങ്ങളുടെ ജീവനക്കാരുടെ വീടുകൾ ഞങ്ങൾ റെയ്ഡ് ചെയ്യും, അവർ അത് ചെയ്തു. നിങ്ങൾ ഇത് പാലിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഓഫീസുകൾ അടച്ചുപൂട്ടും. ഇത് ഇന്ത്യയാണ്, ഒരു ജനാധിപത്യ രാജ്യമാണ്''- ജാക്ക് ഡോർസി പറഞ്ഞു.

എന്നാൽ ഡോർസിയും സംഘവും തുടർച്ചയായി ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആരും ജയിലിൽ പോകുകയോ ട്വിറ്റർ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ നിയമങ്ങൾ ബാധകമല്ല എന്ന മട്ടിലായിരുന്നു ഡോർസിയുടെ കീഴിലുള്ള പെരുമാറിയത്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. 2021 ജനുവരിയിൽ നടന്ന പ്രതിഷേധത്തിനിടെ, ധാരാളം തെറ്റായ വിവരങ്ങളും വ്യാജ വംശഹത്യ റിപ്പോർട്ടുകളും നൽകി. വ്യാജ വാർത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ സാധ്യതയുള്ളതിനാൽ പ്ലാറ്റ്‌ഫോമിൽ നിന്ന് തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ബാധ്യസ്ഥനായിരുന്നു''- മന്ത്രി ട്വിറ്ററിൽ വിശദമാക്കി. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ ഡോർസിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും മന്ത്രി കുറിച്ചു.

തുര്‍ക്കിയും സമാനമായി പെരുമാറിയിരുന്നുവെന്ന് ജാക്ക് ഡോർസി വെളിപ്പെടുത്തി. ട്വിറ്റർ അടച്ചുപൂട്ടുമെന്ന് തുർക്കി സർക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. അത് പലപ്പോഴും സർക്കാരുമായി കോടതി പോരാട്ടങ്ങളിൽ ഏർപ്പെടുകയും തങ്ങൾ വിജയിക്കുകയും ചെയ്തുവെന്നും ഡോർസി കൂട്ടിച്ചേർത്തു.

2021 നവംബറിലാണ് ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഡോ‍ർസി രാജിവെക്കുന്നത്. 2022 മെയില്‍ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചു.

logo
The Fourth
www.thefourthnews.in