നിതിൻ ഗഡ്കരിക്ക് വധഭീഷണി കോളെത്തിയത് ജയിലിൽ നിന്ന്
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി ഫോൺകോൾ വന്നത് ജയിലിൽ നിന്ന്. ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്തയാണ് ഫോൺ വിളിച്ചതെന്ന് നാഗ്പൂർ പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് വധഭീഷണി കോളെത്തിയത്.
ഗുണ്ടാതലവനായ ജയേഷ് കാന്ത കൊലപാതക കേസുകളിലും പ്രതിയാണ്
ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്തയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഗുണ്ടാതലവനായ ജയേഷ് കാന്ത കൊലപാതക കേസുകളിലും പ്രതിയാണ്. ജയിലില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിച്ചാണ് പ്രതി കേന്ദ്രമന്ത്രിക്ക് നേരെ വധ ഭീഷണി മുഴക്കിയതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി നാഗ്പൂര്‍ പോലീസിന്റെ സംഘം ബെലഗാവിയിലേക്ക് തിരിച്ചെന്ന് കമ്മീഷണര്‍ പറഞ്ഞു. പ്രതിയുടെ ഡയറിയും ജയില്‍ അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും 100 കോടി നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി
പ്രതിഭീഷണി കോൾ വിളിച്ച കേസിൽ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനും നാഗ്പൂര്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിയ്ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. ബിഎസ്എന്‍എല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.25 നും 11.32 നും ഉച്ചയ്ക്ക് 12.32 നുമാണ് കോളെത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും 100 കോടി നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ഓഫീസ് ജീവനക്കാരാണ് ഫോണ്‍ എടുത്തത്.