ജയ്പൂർ-മുംബൈ ട്രെയിനിൽ വെടിവയ്പ്പ്: കൊലപാതകം ഡ്യൂട്ടിയിൽ നിന്ന് നേരത്തെ ഇറങ്ങാൻ അനുവദിക്കാത്തതിലെന്ന് എഫ്ഐആർ
ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ റെയിൽവേ പോലീസുകാരന്റെ വെടിയേറ്റ് മേലുദ്യോഗസ്ഥനടക്കം നാല് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് നടത്തിയ വെടിവയ്പ്പില്‍ ആര്‍പിഎഫ് എഎസ്ഐ ടിക്കാറാം മീണയും രണ്ട് യാത്രക്കാരനും ഒരു പാന്‍ട്രി ജീവനക്കാരനും ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിൽ നിന്ന് നേരത്തെ ഇറങ്ങാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ. പ്രതി സഹപ്രവർത്തകരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും മൊഴിയുണ്ട്.
ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റിലെ ബി5 കോച്ചിൽ പുലർച്ചെ 5.23ഓടെയാണ് സംഭവം. ട്രെയിനിലെ എസ്‌കോർട്ടിങ് ടീമിന്റെ ഭാഗമായിരുന്നു ചേതൻ സിങ്. ചേതൻ സിങ് തനിക്ക് സുഖമില്ലെന്നും ജോലിയിൽ നിന്ന് നേരത്തെ പോകണമെന്നും മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മേലധികാരികൾ ഇത് അനുവദിക്കാതിരുന്നതില്‍ രോഷം കേറിയ ചേതന്‍ സിങ് സഹപ്രവർത്തകനെയും ട്രെയ്നിലെ യാത്രക്കാരെയും കൊലപ്പെടുത്തുകയായിരുന്നു എന്ന് എഫ്ഐആറില്‍ പറയുന്നു.
ചേതൻ സിങിന് സുഖമില്ലെന്ന് മീണ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ, പരിശോധിച്ചപ്പോൾ ഇയാൾക്ക് അസുഖമുള്ളതായി തോന്നിയില്ലെന്നും ബോറിവലി ജിആർപിക്ക് ആർപിഎഫ് കോൺസ്റ്റബിൾ അമയ് ആചാര്യ നൽകിയ മൊഴിയിൽ പറയുന്നു. ഡ്യൂട്ടിയിൽ നിന്ന് നേരത്തെ ഒഴിവാക്കണമെന്നും വൽസാദ് റെയിൽവേ സ്റ്റേഷനിൽ തന്നെ ഇറക്കണമെന്നും ചേതൻ നിർബന്ധിച്ചുവെന്നും അമയ് ആചാര്യ പറഞ്ഞു.
എന്നാൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ അവർ മുംബൈയിലെത്തുമെന്നും അതുവരെ ഡ്യൂട്ടി പൂർത്തിയാക്കാൻ ടിക്കാറാം മീണ അയാളെ നിർബന്ധിച്ചുവെന്നും അമയ് ആചാര്യ പറഞ്ഞു. ചേതൻ സിങ് അത് വിസ്സമതിച്ചതിനെ തുടർന്ന് മീണ മുംബൈ സെൻട്രൽ കൺട്രോൾ റൂമിനെ വിവരമറിയിക്കുകയും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരും ചേതൻ സിങ് ഡ്യൂട്ടി പൂർത്തിയാക്കണമെന്നും മുംബൈയിൽ ചികിത്സ നൽകുമെന്നും പറഞ്ഞു. എഎസ്‌ഐ മീണ ഇക്കാര്യം ചേതൻ സിങ്ങിനോട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും റെയിൽവേ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
പിന്നീട് മീണ തനിക്കായ ശീതളപാനീയം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചേതൻ സിങ്ങിനോട് കുറച്ച് സമയം വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ''അവൻ വിശ്രമിക്കുമ്പോൾ ഞാൻ അവന്റെ അരികിൽ ഇരുന്നു, പക്ഷേ 10-15 മിനിറ്റുകൾക്ക് ശേഷം അവൻ പെട്ടെന്ന് എഴുന്നേറ്റ് റൈഫിൾ എന്നിൽ നിന്ന് ബലമായി എടുത്തു. റൈഫിൾ നൽകാൻ തയ്യാറാകാത്തതിനാൽ കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു''- ആചാര്യ പോലീസിനോട് പറഞ്ഞു.
തന്റെ റൈഫിൾ തിരികെ നൽകുമ്പോഴും സ്വന്തം റൈഫിൾ കൈവശപ്പെടുത്തുമ്പോഴും ചേതൻ വളരെ രോഷാകുലനായിരുന്നുവെന്നും മീണ അപ്പോഴും അവനോട് വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ തർക്കിച്ചുകൊണ്ടിരുന്നുവെന്നും മീണയെ ഇയാള്‍ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും അമയ് ആചാര്യ പോലീസിനോട് പറഞ്ഞു.
മുംബൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷൻ പിന്നിട്ടശേഷമാണ് ചേതൻ സിങ് യാത്രക്കാർക്ക് നേരെ വെടിയുതിർത്തത്. വെടിയുതിർത്തതിന് ശേഷം ദഹിസർ സ്റ്റേഷനിൽ ഇയാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിരവധി യാത്രക്കാർക്ക് വെടിവയ്പ്പിൽ പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. പുലർച്ചെയായതിനാൽ മിക്കയാത്രക്കാരും ഉറക്കത്തിലായിരുന്നു. ശബ്ദവും നിലവിളികളും കേട്ടാണ് പലരും ഉറക്കമുണർന്നത്.