ജയറാം രമേശ്
ജയറാം രമേശ്

'വലിയ അരക്ഷിതത്വം പേറുന്ന മനുഷ്യനാണ് മോദി'; നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം പുനർനാമകരണം ചെയ്യുന്നതിനെതിരെ ജയറാം രമേശ്

‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി പുനർനാമകരണം ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്
Updated on
1 min read

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേരുമാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്. അരക്ഷിതത്വം നിറഞ്ഞ ചെറിയ മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ജയറാം രമേശ് പറഞ്ഞു. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം’ എന്നാക്കി മാറ്റുന്നുവെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'' എൻഎംഎംഎല്ലിന് നൽകിയിരിക്കുന്നത് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്രുവിന്റെ പേരാണ്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ശില്പിയെന്ന നിലയിൽ ആ പേരിനൊരു പാരമ്പര്യമുണ്ട്. അല്പത്തരത്തിന്റേയും പ്രതികാരത്തിന്റേയും പേരാണ് മോദി. 59 വർഷങ്ങളായി പുസ്തകങ്ങളുടെയും ആർക്കൈവുകളുടെയും ഒരു ആഗോള ബൗദ്ധികനാഴികക്കല്ലാണ് എൻഎംഎംഎൽ'' -ജയറാം രമേശ് ചൂണ്ടിക്കാട്ടി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തില്‍ നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേരുമാറ്റാൻ തീരുമാനമെടുത്തത്

''ഇന്ത്യൻ ദേശീയരാഷ്ട്രത്തിന്റെ ശില്പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും മോദി എന്തും ചെയ്യും.അരക്ഷിതത്വങ്ങളിൽ വലയുന്ന ചെറിയ മനുഷ്യൻ സ്വയം വിശ്വഗുരുവായി ചമയുകയാണ്'' - ജയറാം രമേശ് വിമര്‍ശിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ പേരുമാറ്റാൻ തീരുമാനമെടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള 29 അംഗ മ്യൂസിയം കമ്മിറ്റിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, നിർമല സീതാരാമൻ എന്നിവരും അംഗങ്ങളാണ്.

ഡൽഹിയിലെ തീൻ മൂർത്തി കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി 1964 നവംബർ 14നാണ് രാജ്യത്തിന് സമർപ്പിച്ചത്. ആധുനികവും സമകാലികവുമായ ഇന്ത്യയെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

1948 ഓഗസ്റ്റ് മുതൽ മരിക്കും വരെയും നെഹ്രുവിന്റെ ഔദ്യോഗിക വസതി കൂടിയായിരുന്നു തീൻ മൂർത്തി ഭവൻ. പിന്നീട് 2022 ഏപ്രിലിൽ ഇത് പുനർനിർമിക്കുകയും എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മരണാർത്ഥം മ്യൂസിയമാക്കി മാറ്റുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in